- Home
- Magazine
- Web Specials (Magazine)
- അഫ്ഗാനില്‍ തീരുന്നില്ല, താലിബാന്റെയും കൂട്ടരുടെയും പുതിയ ലക്ഷ്യം ആഫ്രിക്ക!
അഫ്ഗാനില്‍ തീരുന്നില്ല, താലിബാന്റെയും കൂട്ടരുടെയും പുതിയ ലക്ഷ്യം ആഫ്രിക്ക!
അഫ്ഗാനിസ്താനിലെ താലിബാന്റെ വിജയം ലോകത്ത് എന്തൊക്കെ തരം മാറ്റങ്ങളാണ് സൃഷ്ടിക്കുക? പല തരത്തിലുള്ള അഭിപ്രായങ്ങള്‍ ഈ വിഷയത്തില്‍ പുറത്തുവരുന്നുണ്ടെങ്കിലും എല്ലാവരും സമ്മതിക്കുന്ന ഒന്നുണ്ട്, ഈ വിജയം ലോകമെങ്ങുമുള്ള ഭീകരസംഘങ്ങള്‍ക്ക് വലിയ പ്രചോദനമാവും. കൂടുതല്‍ കൂടുതല്‍ അക്രമാസക്തമാവാനും ദുര്‍ബലമായ രാജ്യങ്ങളെ പിടിയിലാക്കാനുമുള്ള ഊര്‍ജമാണ് അത്തരം ഗ്രൂപ്പുകള്‍ക്ക് താലിബാന്‍ വിജയം നല്‍കുന്നത്. ഒപ്പം, ഇത്തരം ഭീകരവാദ ഗ്രൂപ്പുകള്‍ക്കുള്ള അഭയസ്ഥാനമായി അഫ്ഗാനിസ്താന്‍ മാറുമെന്ന ഭീഷണിയുമുണ്ട്. വേള്‍ഡ് ടേഡ്ര് സെന്ററിന്റെ തകര്‍ച്ചയെ തുടര്‍ന്ന് പരുങ്ങലിലായ അല്‍ഖാഇദ അടക്കമുള്ള ഭീകരവാദികള്‍ക്ക് മുമ്പ് താലിബാന്‍ അഭയം നല്‍കിയത് ഓര്‍ക്കുക. സമാനമായ സാദ്ധ്യതകളാണ് ഇപ്പോള്‍ അഫ്ഗാനിസ്താനില്‍ വര്‍ദ്ധിച്ചുവരുന്നത്. അമേരിക്ക അടക്കമുള്ള വന്‍ശക്തികള്‍ക്ക് ഭീകരവാദത്തിന്റെ പേരിലുള്ള യുദ്ധം അധികകാലം മുന്നോട്ടുകൊണ്ടുപോവാനില്ല എന്നതാണ് താലിബാന്റെ വിജയം അരക്കിട്ടുറപ്പിക്കുന്ന വസ്തുത. മറ്റ് രാജ്യങ്ങളില്‍ കടന്നുചെന്ന് അവിടെ അഭയം പ്രാപിച്ചിരിക്കുന്ന ഭീകരവാദ സംഘടനകളെ നശിപ്പിക്കുന്നതിന് കൊടുക്കേണ്ടി വരുന്ന വില എത്ര വലുതാെണന്ന് അഫ്ഗാനിസ്താന്‍ അമേരിക്ക അടക്കമുള്ള ശക്തികളെ പഠിപ്പിച്ചുകഴിഞ്ഞു. ഈ പാഠം കൂടി കണക്കിലെടുത്താണ് അഫ്ഗാനില്‍നിന്നും പിന്തിരിയാനുള്ള അമേരിക്കയുടെ തീരുമാനം. ഭീകരതയ്‌ക്കെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ തീരുമാനിച്ചതും ഇക്കാര്യം മുന്നില്‍കണ്ടാണ്. അമേരിക്കയ്‌ക്കൊപ്പം നാറ്റോ രാജ്യങ്ങളും സമാനമായ തീരുമാനങ്ങളിലാണുള്ളത്. റഷ്യയും ചൈനയും അടക്കമുള്ള വന്‍കിട രാജ്യങ്ങളാവട്ടെ, തങ്ങള്‍ക്ക് പ്രയാസമില്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുമെങ്കില്‍, താലിബാന്‍ അടക്കമുള്ള ഭീകരവാദ സംഘങ്ങള്‍ക്ക് പിന്തുണ നല്‍കാമെന്ന നിലപാട് ആണ് എടുക്കുന്നത്. ഇത് പുതിയ സാദ്ധ്യതകളാണ് ആഗോള ഭീകരവാദ നെറ്റ്‌വര്‍ക്കുകള്‍ക്കു മുന്നില്‍ തുറന്നിടുന്നത്. രാജ്യാന്തര സമൂഹത്തിന്റെ ഇടപെടലില്ലാതെ പൂര്‍വ്വാധികം ശക്തമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യങ്ങള്‍. ഈ പശ്ചാത്തലത്തിലാണ്, ലോകത്തിന്റെ ശ്രദ്ധ ഇപ്പോള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് തിരിയുന്നത്. ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന താലിബാനോടും അല്‍ഖാദയോടും ഇസ്‌ലാമിക് സ്‌റ്റേറ്റിനോടും അടുത്ത ബന്ധമുള്ള ഭീകരസംഘടനകള്‍ പുതിയ അവസരം മുതലെടുക്കുമെന്നാണ് നിഗമനം. താരതമ്യേന ദുര്‍ബലമായ ഭരണകൂടങ്ങളാണ് മിക്ക ആഫ്രിക്കന്‍ രാജ്യങ്ങളിലുമുള്ളത്. ദാരിദ്ര്യം, അഴിമതി, വികസനമില്ലായ്മ, ആഭ്യന്തര സംഘര്‍ഷങ്ങള്‍, വംശീയ-ഗോത്ര പ്രതിസന്ധികള്‍ എന്നിങ്ങനെ അനേകം പ്രശ്‌നങ്ങള്‍ക്കു നടുവിലാണ് ഈ രാജ്യങ്ങളിലേറെയും. വിദേശ രാജ്യങ്ങളില്‍നിന്നുള്ള സൈനിക സഹായം അടക്കമുള്ള പിടിവള്ളികളിലാണ് ഇവയില്‍ പലതും നിന്നുപോവുന്നത്. പുതിയ സാഹചര്യത്തില്‍, അമേരിക്ക അടക്കമുള്ള വിദേശ ശക്തികള്‍ തങ്ങളുടെ സൈനിക -സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തുന്നതോടെ ഇവിടങ്ങളിലെ ഭരണകൂടങ്ങള്‍ കൂടുതല്‍ ദുര്‍ബലമാവും. ഇക്കാര്യം മനസ്സിലാക്കിയാണ് ആഗോള ഭീകരവാദത്തിനെതിരായി രണ്ട് പതിറ്റാണ്ടിനുള്ളില്‍ നടന്ന സൈനിക നടപടികളെ തുടര്‍ന്ന് ആഫ്രിക്കയിലേക്ക് താവളം മാറ്റിയ ഭീകരസംഘടനകള്‍ താലിബാന്‍ വിജയങ്ങള്‍ ആഘോഷിക്കുന്നത്. ഭീകരവാദത്തിലൂടെ താരതമ്യേന ദുര്‍ബലരായ ആഫ്രിക്കന്‍ ഭരണകൂടങ്ങളെ ഭയപ്പെടുത്തി മുന്നോട്ടുപോവാന്‍ കഴിയുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.

നൈജീരിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സലഫി ജിഹാദി സംഘടനയായ ബോക്കോ ഹറം മുതല്‍ സോമാലിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ ശബാബ് വരെ പുതിയ സാഹചര്യങ്ങള്‍ ഉപയോഗിച്ച് പുഷ്ടിപ്പെടുമെന്നാണ് മുന്നറിയിപ്പുകള്‍. താലിബാനുമായി അടുത്ത ബന്ധം പുലര്‍ത്തുകയും അവരില്‍നിന്നും പ്രചോദം ഉള്‍ക്കൊള്ളുകയും ചെയ്യുന്നവരാണ് ഈ സംഘടനകള്‍. അങ്ങനെ സംഭവിച്ചാല്‍, ലോകത്തിന് പുതിയ ഭീഷണി ഇവിടങ്ങളില്‍നിന്നായിരിക്കും.
''നമ്മള്‍ വിജയിക്കുകയാണ്''-താലിബാന്‍ അഫ്ഗാനിസ്താന്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് അല്‍ഖാഇദ ബന്ധമുള്ള ആഫ്രിക്കയിലെ ജമാഅത്ത് നുസ്‌റത്തല്‍ ഇസ്‌ലാം വല്‍ മുസ്‌ലിമീന്‍ (ജെ എന്‍ ഐ എം) പുറത്തിറക്കിയ സന്ദേശം ഇതായിരുന്നു. 2019 -നു ശേഷം ആദ്യമായാണ് ഈ സംഘടനയുടെ അധ്യക്ഷന്‍ ഇയാദ് ആഗ് ഗലി ഒരു പൊതുപ്രസ്താവന നടത്തുന്നത്
അഫ്ഗാനിസ്താനില്‍നിന്നുള്ള വിദേശ സൈന്യത്തിന്റെ തിരിച്ചുപോക്കും താലിബാന്റെ മുന്നേറ്റവുമാണ് ഈ പ്രസ്താവനയ്ക്ക് കാരണമായത്. അതോടൊപ്പം പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സഹെല്‍ രാജ്യങ്ങളിലെ തങ്ങളുടെ സൈനിക ശക്തി വെട്ടിച്ചുരുക്കാനുള്ള ഫ്രാന്‍സിന്റെ തീരുമാനവും ഇങ്ങനെയൊരു പരസ്യ പ്രസ്താവന നടത്താന്‍ ജെ എന്‍ ഐ എമ്മിനെ പ്രേരിപ്പിച്ചിട്ടുണ്ടെന്ന് ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
'ദൈവം വലിയവനാണ്'' എന്നായിരുന്നു സോമാലിയയിലെ അല്‍ ശബാബ് ഭീകരസംഘടനയുടെ പ്രതികരണം. താലിബാന്റെ വിജയം തങ്ങള്‍ക്ക് നല്‍കുന്ന ഊര്‍ജമാണ് അനേകം ഭീകരാക്രമണ സംഭവങ്ങള്‍ക്ക് പിന്നിലുള്ള അല്‍ ശബാബ് നടത്തിയ പൊതുപ്രസ്താവനയിലുള്ളത്.
ആഫ്രിക്കയിലെ ഇസ്‌ലാമിസ്റ്റ് ഭീകരവാദ ഗ്രൂപ്പുകള്‍ മാത്രമല്ല ഈ സാഹചര്യത്തോട് പ്രതികരിച്ചത്. ആഫ്രിക്കന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഈ പുതിയ സാഹചര്യത്തെ ചൊല്ലിയുള്ള തങ്ങളുടെ ആശങ്കകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഭീകരവാദ സംഘടനകളുമായി ഏറ്റുമുട്ടുന്നതിന് വിദേശ സഹായത്തെ ആശ്രയിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളും പുതിയ സാഹചര്യത്തെ കരുതലോടെയാണ് സമീപിക്കുന്നത്.
അമേരിക്കന്‍ എന്റര്‍പ്രൈസസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ക്രിട്ടിക്കല്‍ ത്രെട്‌സ് പ്രൊജക്ട് അടക്കം ഈ പുതിയ ഭീഷണികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാലി, ബുര്‍കിനോഫാസ, നൈജീരിയ, മൊസാംബിക്, സോമാലിയ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അല്‍ഖാഇദയുമായും ഇസ്‌ലാമിക് സ്‌റ്റേറ്റുമായും ബന്ധമുള്ള ഭീകരസംഘടനകള്‍ ശക്തമായ
സാന്നിധ്യമാണെന്ന് പ്രൊജക്ട് ചൂണ്ടിക്കാട്ടുന്നു.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, കെനിയ, ചാഡ്, ലിബിയ, അല്‍ജീരിയ എന്നിവിടങ്ങളിലും ഭീകരവാദ സംഘടനകളുടെ സാന്നിധ്യം ശക്തമാണ്. ആഫ്രിക്കയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഇത്തരം ഭീകരസംഘടനകള്‍ക്ക് ശക്തമായ വേരുകളുണ്ട് എന്നും മുന്നറിയിപ്പില്‍ പറയുന്നു.
അല്‍ശബാബ്, ബോക്കോ ഹറം തുടങ്ങിയ ഭീകരസംഘടനകളാണ് പ്രധാനമായും ആഫ്രിക്കയില്‍ പ്രവര്‍ത്തിക്കുന്നത്. ചാവേര്‍ സ്‌ഫോടനങ്ങള്‍ മുതല്‍ കുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോവുന്നത് വരെ മേഖലയിലാകെ ഇവര്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നു.
സൊമാലിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയാണ് അല്‍ ശബാബ്. അല്‍ഖാഇദയുടെ ആഫ്രിക്കന്‍ രൂപമായാണ് അല്‍ ശബാബ് അറിയപ്പെടുന്നത്.
സൊമാലിയ ഭരിച്ചിരുന്ന ഇസ്ലാമിക കോര്‍ട്സ് യൂണിയന്റെ യുവജന വിഭാഗമായാണ് അല്‍ ശബാബ് പ്രവര്‍ത്തനം തുടങ്ങിയത്. യുവാക്കള്‍ എന്നാണീ അറബ്വാക്കിന്റെ അര്‍ഥം.
താലിബാനെ പോലെ ശരീ അത്ത് നിയമം കര്‍ക്കശമായി നടപ്പാക്കുമെന്ന് പറയുന്ന ശബാബ് പരപുരുഷബന്ധം ആരോപിച്ച് സ്ത്രീകളെ കല്ലെറിഞ്ഞുകൊന്നും മോഷണക്കുറ്റത്തിന് കൈയും കാലും ഛേദിച്ചും ലോകത്തെ ഞെട്ടിക്കാറുണ്ട്.
സോമാലിയയില്‍ നടന്ന അസംഖ്യം ചാവേര്‍ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇവരാണ്. 2010 ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ ടെലിവിഷനില്‍ കാണുന്നതിനിടെയുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ ഉഗാണ്ടയില്‍ 74 പേര്‍ മരിച്ചിരുന്നു. തലസ്ഥാനമായ കംപാലയില്‍ റസ്റ്റോറന്റിലും റഗ്ബി ക്ലബിലുമാണ് ഒരേസമയം സ്ഫോടനമുണ്ടായത്.അതിനു പിന്നിലും ഇവരായിരുന്നു.
വിദേശത്തുനിന്നും ഭീകരര്‍ എത്തി ശബാബ് പോരാളികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. അല്‍ ശബാബ് ഭീകരര്‍ ഒളിപ്പോര്‍ വിദഗ്ധരാണ്. ജെയ്ഷ്അല്‍-ഉസ്റഹ് എന്ന സായുധ വിഭാഗവും ജയ്ഷ് അല്‍-ഹിസ്ബാഹ് എന്ന ആശയപ്രചാരണ വിഭാഗവുമുണ്ട്.
ഖനികളുമായി ബന്ധപ്പെട്ട് വന്‍തുകയാണ് ഇവര്‍ ഈടാക്കുന്നത്. സോമാലി കടല്‍ക്കൊള്ളയില്‍നിന്നുള്ള ഒരു ലാഭവിഹിതം ഇവരിലേക്കാണ് എത്തുന്നത്. ഇവരുടെ ഭീഷണി കാരണം ഐക്യരാഷ്ട്രസംഘടനയുടെ സൗജന്യ ഭക്ഷണ വിതരണ പരിപാടി, സൊമാലിയയില്‍ നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു.
നൈജീരിയയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ബോര്‍ണോയിലെ മൈദുഗുരിയിലാണ് ബൊക്കോ ഹറാം എന്ന ഭീകര സംഘടനയുടെ ഉത്ഭവം. പാശ്ചാത്യവല്‍ക്കരണം നിഷിദ്ധമാണ് എന്നാണ് ബൊക്കോ ഹറാം എന്ന പേരിന്റെ അര്‍ഥം.
പാശ്ചാത്യമായ വസ്ത്രം, വിദ്യാഭ്യാസം തുടങ്ങി എല്ലാത്തിനെയും ബൊക്കോ ഹറാം എതിര്‍ക്കുന്നു. നൈജീരിയയില്‍ അഴിമതി കൊടുമ്പിരി കൊള്ളുന്നത് പാശ്ചാത്യ സ്വാധീനം മൂലമാണെന്നാണ് ഇവര്‍ പറയുന്നത്.
2002 ല്‍ മുഹമ്മദ് യൂസഫാണു ബൊക്കോ ഹറാം സ്ഥാപിച്ചത്. നൈജീരിയയിലെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുമെന്നു പ്രതിജ്ഞ ചെയ്ത് ആരംഭിച്ച സംഘടന പതിയെ വളര്‍ന്നു.
2009 -ല്‍ പൊലീസ്, സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരെ ഭീകരാക്രമണങ്ങള്‍ നടത്തി. ഇരുപതിലേറെ പൊലീസുകാര്‍ വിവിധ ആക്രമണങ്ങളിലായി മരിച്ചു. ഇതോടെ നൈജീരിയന്‍ സൈന്യം തിരിച്ചടിച്ചു. എഴുന്നൂറിലേറെ ബൊക്കോ ഹറാം ഭീകരര്‍ കൊല്ലപ്പെട്ടു.
സ്ഥാപകനായ മുഹമ്മദ് യൂസുഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ക്കു ശേഷം ഇയാളുടെ മൃതശരീരം ലഭിച്ചു. ഇതോടെ ബൊക്കോ ഹറാം ഒതുങ്ങിയെന്ന് കരുതിയെങ്കിലും അബൂബക്കര്‍ ഷെഖാവു എന്നൊരാള്‍ അടുത്ത തലവനായി രംഗത്തുവന്നു.
പിന്നീട് ബൊക്കോ ഹറാമിന്റെ വളര്‍ച്ചയുടെ കാലമായിരുന്നു. 2010-ല്‍ നൈജീരിയയിലെ ബൗച്ചി നഗരത്തിലെ ഒരു തടങ്കല്‍പ്പാളയം ആക്രമിച്ച് അവിടത്തെ എഴുന്നൂറിലധികം തടവുകാരെ ഇവര്‍ പുറത്തിറക്കി.