Vaccines Returned: പോ മോനെ യു എസേ, പറ്റിക്കാമെന്ന് കരുതേണ്ട; 8.2 ലക്ഷം വാക്‌സിനുകള്‍ ഇറാന്‍ തിരിച്ചയച്ചു
പോളണ്ട് സംഭാവന ചെയ്ത 8.2 ലക്ഷം ഡോസ് കൊവിഡ് വാക്‌സിനുകള്‍ ഇറാന്‍ തിരിച്ചയച്ചു. അമേരിക്കയിലാണ് ഇവ നിര്‍മിച്ചതെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് ഈ വാക്‌സിനുകള്‍ പോളണ്ടിലേക്ക് തന്നെ തിരിച്ചയച്ചതെന്ന് ഇറാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വാക്‌സിനുകള്‍ക്ക് പകരം, ഇറാന് സ്വീകാര്യമാവുന്ന വാക്‌സിനുകള്‍ നല്‍കാമെന്ന് പോളണ്ട് അറിയിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
10 ലക്ഷത്തിലേറെ ഡോസ് ബ്രിട്ടീഷ് -സ്വീഡിഷ് നിര്‍മിത ആസ്ട്രസെനക വാക്‌സിനുകളാണ് പോളണ്ട് ഇറാന് സംഭാവനയായി നല്‍കിയത്.
ഇവ ഇറാനില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് 8.2 ലക്ഷം ഡോസുകള്‍ അമേരിക്കന്‍ നിര്‍മിതമാണെന്ന് മനസ്സിലായത്. തുടര്‍ന്നാണ് ഇവ പോളണ്ടിനു തന്നെ തിരിച്ചയച്ചത്.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെയാണ്, പോളണ്ട് ഇറാന് കൊവിഡ് വാക്‌സിന്‍ സംഭാവന ചെയ്യാന്‍ തയ്യാറായത്. അമേരിക്കയിലും ബ്രിട്ടനിലും നിര്‍മിച്ച വാക്‌സിനുകള്‍ ഒരു കാരണവശാലും ഉപയോഗിക്കില്ല എന്നതാണ് ഇറാന്റെ തീരുമാനം.
ഇക്കാര്യം നേരത്തെ പോളിഷ് സര്‍ക്കാറിനെ അറിയിച്ചിരുന്നുവെന്നും അവര്‍ ഇക്കാര്യം ഉറപ്പു തന്നിരുന്നുവെന്നും ഇറാന്‍ ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് ഹാശ്മി അറിയിച്ചു.
ഇറാനില്‍ എത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് ഇവയില്‍ വലിയൊരു പങ്കും യു എസില്‍ നിര്‍മിച്ചതാണെന്ന് മനസ്സിലായത്. അപ്പോള്‍ തന്നെ പോളിഷ് അംബാസഡറെ വിളിച്ച് ഈ വിവരം അറിയിച്ചു. അതിനു പിന്നാലെ, ഈ വാക്‌സിനുകള്‍ തിരിച്ചയക്കുകയും ചെയ്തു.
പോളണ്ടില്‍നിന്നും ഉറപ്പുകള്‍ ഉണ്ടായെങ്കിലും കിട്ടിയ വാക്‌സിന്‍ ഡോസുകളില്‍ ചിലത് 'അനധികൃത ഉറവിട'ത്തില്‍നിന്നുള്ളതായിരുന്നുവെന്ന് ആരോഗ്യ മന്ത്രി ബഹ്‌റം അയിനുല്ലാഹി കസറ്റംസ് അതോറിറ്റിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.
ഇപ്പോള്‍ അയച്ച വാക്‌സിനുകള്‍ തിരികെ വാങ്ങി പകരമായി ഇറാന്‍ അംഗീകരിക്കുന്ന തരം വാക്‌സിനുകള്‍ എത്തിക്കാമെന്ന് പോളിഷ് അധികൃതര്‍ അറിയിച്ചതായും കത്തില്‍ പറയുന്നു.
കൊവിഡ് രോഗം പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയ കാലത്തുതന്നെ അമേരിക്കന്‍ വാക്‌സിനുകള്‍ക്കെതിരെ ഇറാന്‍ നിലപാട് സ്വീകരിച്ചിരുന്നു.
അമേരിക്കന്‍, ബ്രിട്ടീഷ് വാക്‌സിനുകള്‍ ഒരു കാരണവശാലും രാജ്യത്തിനകത്ത് പ്രവേശിപ്പിക്കില്ലെന്ന് ഇറാന്‍ പരമാധികാര നേതാവ് ആയത്തുല്ലാ അലി ഹസ്സന്‍ ഖാംനഈ 2020-ല്‍ത്തന്നെ പ്രഖ്യാപിച്ചിരുന്നു.
അതിനു ശേഷം, യു എസ്, ബ്രിട്ടന്‍ എന്നവയൊഴികെ മറ്റു രാജ്യങ്ങളില്‍നിന്നുള്ള വാക്‌സിനുകളാണ് ഇറാന്‍ ഇറക്കുമതി ചെയ്തിരുന്നത്. നിലവില്‍, ചൈനീസ് നിര്‍മിത വാക്‌സിനായ സിനോഫാം ആണ് പ്രധാനമായും ഇറാന്‍ ഉപയോഗിക്കുന്നത്.
പൂര്‍ണ്ണമായും രാജ്യത്തുതന്നെ നിര്‍മിച്ച കോവ്ഇറാന്‍ ബാറക്കത്ത് വാക്‌സിനുകളും ഉപയോഗിച്ചു പോരുന്നു. ഓക്‌സ്ഫഡ്-ആസ്ട്രസെനക, റഷ്യയുടെ സ്പുട്‌നിക്, ഇന്ത്യയുടെ കൊവാക്‌സിന്‍ എന്നീ വാക്‌സിനുകളും ഇറാന്‍ ഉപയോഗിക്കുന്നുണ്ട്.
ഇറാനിലിപ്പോള്‍ കൊവിഡ് ആറാം തരംഗം ആഞ്ഞടിക്കുകയാണ്. ഒമിക്രോണ്‍ വകഭേദമാണ് ഇപ്പോള്‍ പടര്‍ന്നുപിടിക്കുന്നത്. ഇതുവരെ കൊവിഡ് ബാധിച്ച് ഇവിടെ 135,000 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. പശ്ചിമേഷ്യയിലെ ഏറ്റവും കൂടുതല്‍ കൊവിഡ് മരണനിരക്കുള്ള രാജ്യമാണ് ഇറാന്‍.
രാജ്യത്തെ 90 ശതമാനം പേര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിയതായി ഇറാന്‍ സര്‍ക്കാര്‍ ഇതിനകം വ്യക്തമാക്കിയിരുന്നു. ഇവരില്‍ 37 ശതമാനം പേര്‍ക്ക് മൂന്നാം ഡോസ് വാക്‌സിനും നല്‍കി. മറ്റുള്ളവര്‍ക്ക് കൂടി ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍ ഇറാന്‍. അതിന്റെ ഭാഗമായാണ് പോളണ്ടില്‍നിന്നും ്‌വാക്‌സിനുകള്‍ വാങ്ങിയത്.