പനങ്കുലപോലെ മുടിയുള്ള ഏഴ് സഹോദരിമാര്‍, ദാരിദ്ര്യത്തില്‍ നിന്നും അതിസമ്പന്നരിലേക്ക്, പിന്നെ സംഭവിച്ചത്...
റാപുൻട്സെലിന്‍റെ കഥ ഓര്‍മ്മയില്ലേ? നാടോടിക്കഥയിലെ നിറയെ നിറയെ മുടിയുള്ള റാപുൻട്സെൽ. ശരിക്കും അങ്ങനെയൊക്കെ മുടിയുണ്ടാകുമോ എന്ന് നാം ചിന്തിച്ചു പോയിട്ടുണ്ടാകും. എന്നാല്‍, ഈ ഏഴ് സഹോദരിമാര്‍ക്ക് റാപുൻട്സെലിന്‍റെ മുടിയാണെന്നാണ് പറയുന്നത്. അമേരിക്കയിലെ ആദ്യത്തെ 'സെലിബ്രിറ്റി മോഡല്‍സ്' എന്നും ഈ സതര്‍ലാന്‍ഡ് സഹോദരിമാര്‍ അറിയപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നവരാണ് ഈ സഹോദരിമാര്‍. തങ്ങളുടെ റാപുൻട്സെൽ സ്റ്റൈലിലുള്ള മുടിയാണ് ഇവരെ സെലിബ്രിറ്റികളാക്കിയത്. ആ മുടിയുപയോഗിച്ചാണ് അവര്‍ കോടിക്കണക്കിന് രൂപ സമ്പാദിച്ചതും.
സാറ, വിക്ടോറിയ, ഇസബെല്ല, ഗ്രേസ്, നവോമി, മേരി, ഡോറ ഇതാണ് അവരുടെ പേര്. കണങ്കാല്‍ വരെ നീളമുള്ള, നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍, നല്ല പനങ്കുല പോലെയുള്ള മുടിയായിരുന്നു ഈ സഹോദരിമാര്‍ക്ക്. 37 അടി നീളമുള്ള മുടി നിലത്തു കിടന്നിഴയുമായിരുന്നു. ഈ ഏഴ് സഹോദരിമാര്‍ക്കും കൂടി ഒരൊറ്റ സഹോദരനെ ഉണ്ടായിരുന്നുള്ളൂ, ചാള്‍സ്.
1851 -നും 1865 -നും ഇടയിലാണ് ഈ സഹോദരങ്ങളെല്ലാം ജനിച്ചത്. ന്യൂയോര്‍ക്കിലെ കംബ്രിയയില്‍ ഒരു സാധാരണ കര്‍ഷക കുടുംബത്തിലായിരുന്നു ജനനം. വളരെ ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടായിരുന്നു അവരുടേത്. അതിനാല്‍ത്തന്നെ അവരുടെ പിതാവ് ഫ്ലെച്ചര്‍ സതര്‍ലന്‍ഡ് അവരെ വിവിധ ഷോ അവതരിപ്പിക്കുന്നതിന് അയക്കാന്‍ തുടങ്ങി. പ്രത്യേകിച്ചും അവരുടെ പാടാനുള്ള കഴിവ് ഉപയോഗപ്പെടുത്താനാണ് അദ്ദേഹം അവരോട് ആവശ്യപ്പെട്ടത്. സംഗീതത്തില്‍ നല്ല കഴിവുള്ളവരായിരുന്നു ഈ സഹോദരിമാരെല്ലാം.
ഏതായാലും പരിപാടി അവതരിപ്പിക്കുന്നതിനായി കമ്പനിയില്‍ ചേര്‍ന്ന് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഈ ഏഴ് സഹോദരിമാരും കാഴ്‍ച്ചക്കാരുടെ ശ്രദ്ധയാകര്‍ഷിച്ചു തുടങ്ങി. 'ലോകത്തിലെ ഏറ്റവും മനോഹരമായ ഏഴ് അദ്ഭുതങ്ങള്‍' എന്നാണ് അവരെ അന്ന് കാഴ്‍ചക്കാര്‍ വിളിച്ചത്. വളരെ വൈകാതെ അവര്‍ക്കൊരു കാര്യം മനസിലായി, പാട്ടിനേക്കാള്‍ ആ കാണികളെ ആകര്‍ഷിക്കുന്നത് തങ്ങളുടെ ചുരുണ്ട് ഇടതൂര്‍ന്ന മുടിയാണ്. പാട്ട് പാടിത്തീരുമ്പോള്‍ ഈ സഹോദരിമാര്‍ തങ്ങളുടെ കെട്ടിവച്ച മുടി പതിയെ അഴിച്ചിടും. അത് തറയിലൂടെയൊഴുകുന്നത് കാണാന്‍ ആളുകള്‍ കാത്തിരുന്നു... വിക്ടോറിയന്‍ യുഗത്തില്‍ അമേരിക്കയിലും ഇംഗ്ലണ്ടിലും നീണ്ടമുടി സ്ത്രീ സൗന്ദര്യത്തിന്‍റെ മികച്ച ലക്ഷണമായി കരുതിപ്പോന്നിരുന്നു.
മാത്രവുമല്ല, ഒരുപാട് പരിപാടികളും പങ്കെടുക്കുന്ന പരിപാടികളിലൊക്കെ പ്രശംസയും ഏറ്റുവാങ്ങി ഈ സഹോദരിമാര്‍. ഒപ്പം വേറൊരു അഭ്യൂഹവും അക്കൂട്ടത്തില്‍ പരന്നു. ഈ സഹോദരിമാരുടെ അമ്മ 1867 -ല്‍ അന്തരിച്ച മേരി സതര്‍ലാന്‍ഡ് ഇവരുടെ തലയില്‍ വിശേഷപ്പെട്ട എന്തോ ഒരു ഓയിന്‍റ്മെന്‍റ് പുരട്ടിയിട്ടുണ്ട്. അതാണ് വളരുമ്പോള്‍ അവര്‍ക്ക് ഇത്ര നീളവും കരുത്തുമുള്ള മുടി കിട്ടിയിരിക്കുന്നത്. ആ അഭ്യൂഹം തുണച്ചത് ഇവരുടെ പിതാവിനെയാണ്. അയാള്‍ ആ അവസരം പാഴാക്കിയില്ല. ഒരു ഹെയര്‍ ടോണിക് നിര്‍മ്മിച്ച് കുടുംബത്തിന്‍റെ പേരില്‍ അങ്ങ് വില്‍ക്കാന്‍ തന്നെ തീരുമാനിച്ചു. പക്ഷേ, ഒരു പ്രശ്‍നമുണ്ടായിരുന്നു ആ ഹെയര്‍ടോണിക്കിന്‍റെ റെസിപ്പി അറിയില്ല. അതുണ്ടാക്കിയിരുന്ന ഭാര്യ മേരി മരിച്ചുപോയി. പക്ഷേ, സതര്‍ലാന്‍ഡ് വിട്ടുകൊടുത്തില്ല, ഒരു ഹെയര്‍ടോണിക് ഉണ്ടാക്കി, The Lucky Number 7 Seven Sutherland Sisters Hair Grower.
അക്കാദമിക് ജേണലായ ദി ഫാർമസ്യൂട്ടിക്കൽ എറ, ഈ ഹെയര്‍ടോണിക്കിനെ കുറിച്ച് വിശകലനം ചെയ്യുകയും അതിന്റെ കണ്ടെത്തലുകൾ 1893 -ൽ പ്രസിദ്ധീകരിക്കുകയും ചെയ്‍തിരുന്നു. അതനുസരിച്ച്, 56 ശതമാനം വിച്ച് ഹാസല്‍ എന്ന ചെടിയുടെ സത്ത്, 44 ശതമാനം റം, കുറച്ച് ഉപ്പ്, മഗ്നേഷ്യ, ഹൈഡ്രോക്ലോറിക് ആസിഡ് എന്നിവ ചേര്‍ത്തുണ്ടാക്കിയ ഓയിന്‍റ്മെന്‍റാണ് ഇതെന്നാണ് പറയുന്നത്.
ഏതായാലും ഹെയര്‍ടോണിന്‍റെ പുറത്ത് ഇത് ഞങ്ങള്‍ പ്രത്യേകം തയ്യാറാക്കിയതാണ്. തങ്ങളുപയോഗിച്ചുപോരുന്നതാണ്. ലോകത്തിലെ ഏറ്റവും മികച്ച ഹെയര്‍ടോണാണ് എന്ന് ഉറപ്പ് നല്‍കുന്നുവെന്നുമൊക്കെ എഴുതിയിട്ടുണ്ട്. ജീവിച്ചിരിക്കുന്ന ഉദാഹരണങ്ങളായി സഹോദരിമാരുണ്ടെങ്കിലും സതര്‍ലാന്‍ഡ് പ്രസിദ്ധീകരണങ്ങളിലും തന്‍റെ ഹെയര്‍ടോണിന്‍റെ പരസ്യം നല്‍കി. ചൂടപ്പം പോലെ ഹെയര്‍ ടോണിക് വിറ്റുപോയി. 1890 ആയപ്പോഴേക്കും 25 ലക്ഷം ബോട്ടില്‍ വില്‍ക്കപ്പെട്ടുവത്രെ. സതര്‍ലാന്‍ഡ് സഹോദരിമാരുടെ സെലിബ്രിറ്റി സ്റ്റാറ്റസ് ഉയര്‍ന്നതോടെ അവര്‍ അന്നത്തെ പ്രധാനപ്പെട്ട പ്രസിദ്ധീകരണങ്ങളുടെ ഒന്നാം പേജിലടക്കം സ്ഥാനവും പിടിച്ചുതുടങ്ങി.
ഇഷ്‍ടം പോലെ പണം ഹെയര്‍ കെയര്‍ ഉത്പന്നങ്ങള്‍ വിറ്റ് അവര്‍ സമ്പാദിച്ചു. നയാഗ്ര കൗണ്ടി ഹിസ്റ്റോറിക്കല്‍ സൊസൈറ്റി -യുടെ റിപ്പോര്‍ട്ട് അനുസരിച്ച് അവരുടെ അച്ഛന്‍ മരിച്ച് നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ സഹോദരിമാര്‍ ആ പണമുപയോഗിച്ച് ഒരു അതിഗംഭീര മാളിക തന്നെ പണിതുവത്രെ. അതില്‍ 14 മുറികളുണ്ടായിരുന്നു. ചൂടുവെള്ളവും തണുത്ത വെള്ളവും ലഭിക്കും, കിടക്കകളടക്കം ഫര്‍ണിച്ചറുകളെല്ലാം യൂറോപ്പില്‍ നിന്നാണ് ഇറക്കുമതി ചെയ്‍തത്, പരിചാരകര്‍ക്കും പാചകക്കാര്‍ക്കുമായി പ്രത്യേകം മുറികള്‍ എന്നിവയെല്ലാം അതിലുണ്ടായിരുന്നു.
കോടിക്കണക്കിന് രൂപ പിന്നെയും അവര്‍ തങ്ങളുടെ ഹെയര്‍ കെയര്‍ ഉത്പന്നങ്ങള്‍ വിറ്റ് സമ്പാദിച്ചു. ആഡംബരപൂര്‍ണമായ ജീവിതമാണ് ഇവര്‍ നയിച്ചതും. എന്നാല്‍, സമ്പാദിച്ചുവെക്കാന്‍ പലരും ശ്രമിച്ചിരുന്നില്ല. അതിനാല്‍ത്തന്നെ പലരും അവസാനകാലത്ത് നിരാലംബരായിരുന്നുവെന്നാണ് പറയുന്നത്. ഏതായാലും അവരുടെ അമ്മ മേരി എന്താണ് അവരുടെ തലയില്‍ തേച്ചതെന്നോ അല്ലാതെ കിട്ടിയ മുടിയാണോ ഇവര്‍ക്കുണ്ടായിരുന്നത് എന്നതൊന്നും വ്യക്തമല്ല.