ആദ്യമായി അഭിനയിച്ച ഹ്രസ്വചിത്രത്തിന്‍റെ ക്ലൈമാക്സ് പോലെ പ്രജീഷിന്‍റെ ജീവന്‍ കടുവ എടുത്തു; വേദന മാറാതെ ജിനേഷ് !
വാകേരി കൂടല്ലൂരില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷ് അവിചാരിതമായിട്ടാണ് കൂടല്ലൂരിലും പരിസരത്തും ചിത്രീകരിച്ച ഒരു ഹ്രസ്വസിനിമയുടെ ഭാഗമാകുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ ക്ലൈമാക്‌സ് പോലെ അവന്‍റെ ജീവിതവും അവസാനിച്ചുവെന്ന് സങ്കടത്തോടെ ഓര്‍ത്തെടുക്കുകയാണ് നാട്ടുകാരനും ഹ്രസ്വചിത്രം ഒരുക്കിയവരുടെ സുഹൃത്തുമായ ജിനേഷ്. പ്രജീഷ് പോയതോടെ ആ സിനിമക്കിടെ ഉണ്ടായ ഓരോ കാര്യങ്ങളും ഓര്‍മ്മയിലെത്തുകയാണെന്ന് ജിനേഷ് പറയുന്നു. വയനാട്ടില്‍ നിന്നും വേദനയുടെ ആ ഓര്‍മ്മകള്‍ എഴുതുകയാണ് വിജയന്‍ തിരൂര്‍.
ഒരു വാണിജ്യ സിനിമ ചര്‍ച്ചയുടെ ഭാഗമായിട്ടാണ് സംവിധായകനും ക്യാമറമാനുമായ ജോഷ്വാ റൊണാള്‍ഡും സ്റ്റണ്ട് ഡയറക്ടര്‍ രാജന്‍ ഗുരുക്കളും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അനില്‍ ചെങ്ങന്നൂരും വാകേരിയിലെത്തുന്നത്. വയനാട്ടിലെത്തിയ സംഘം സുഹൃത്തായ ജിനേഷിന്‍റെ ഫാം ഹൗസിലായിരുന്നു താമസം. വാണിജ്യ സിനിമയുടെ ചര്‍ച്ചക്കിടെ വാകേരിയും കൂടല്ലൂരും അനുഭവിക്കുന്ന വന്യമൃഗശല്ല്യവും പ്രയാസങ്ങളും ചര്‍ച്ചയില്‍ വന്നു. അങ്ങനെയാണ് ഒരു കൊമേഴ്‌സ്യല്‍ സിനിമയുടെ മുന്നോടിയായി പ്രജീഷ് കൂടി വേഷമിട്ട ഹ്രസ്വചിത്രം ഉണ്ടാകുന്നത്.
വന്യമൃഗശല്ല്യം തന്നെയായിരുന്നു വിഷയം. പ്രദേശത്ത് കടുവയിറങ്ങുന്നതും കടുവയെ മെരുക്കാന്‍ ഷൂട്ടേഴ്‌സിന്‍റെ സഹായത്തോടെ നാട്ടുകാര്‍ ശ്രമിക്കുന്നതും ഇതിനിടെ കടുവ ഒരാളുടെ ജീവനെടുക്കുന്നതുമായിരുന്നു കഥ. സിനിമ ചിത്രീകരിക്കുന്നതിനിടെ പതിവ് പോലെ ഇതുവഴി ജീപ്പില്‍ പുല്ലുവെട്ടി തിരികെ പോകുമ്പോഴാണ് ജിനേഷ്, പ്രജീഷിനെ ചില രംഗങ്ങളിലേക്ക് വിളിക്കുന്നത്. പ്രജീഷിന്‍റെ കറുത്ത കളറുള്ള ജീപ്പും സിനിമയിലുണ്ട്. ഈ ജീപ്പിനടുത്ത് നിന്നാണ് ''ചേട്ടാ പുലിയിറങ്ങി ഇവിടെ, എന്തെങ്കിലും ചെയ്യണം'' എന്ന കാര്യം സിനിമക്കായി ഫോണില്‍ നാട്ടുകാരെ വിളിച്ചറിയിക്കുന്ന രംഗം ചിത്രീകരിച്ചതും.
ഒരു വാണിജ്യ സിനിമയിലേക്കുള്ള ആ പടിയായി മാത്രം ചിത്രീകരിച്ച ഹ്രസ്വചിത്രം പ്രജീഷിന്‍റെ മരണത്തോടെ വീണ്ടും നാട്ടിലും കൂട്ടുകാര്‍ക്കിടയിലും ചര്‍ച്ചയായിരിക്കുകയാണ്. ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഹ്രസ്വചിത്രത്തിന്‍റെ ഷൂട്ടിംഗ്. ചിത്രത്തിന്‍റെ ഡബ്ബിങ് ജോലികള്‍ പുരോഗമിക്കുന്നതിനിടക്കാണ് നാടിനെയാകെ നടുക്കി പ്രജീഷിന്‍റെ ദാരുണ മരണമുണ്ടാകുന്നത്. പ്രജീഷ് കടുവയുടെ പിടിയിലായി കൊല്ലപ്പെട്ടതോടെ കഥ 'അച്ചെട്ടാ'യെന്ന് ജിനേഷ് വേദനയോടെ പറയുന്നു.
ഇതിനിടെ പ്രജീഷിനെ കൊലപ്പെടുത്തിയ കടുവയെ കണ്ടെത്തി വെടിവെക്കുന്നതിനുള്ള ദൗത്യസംഘത്തിന്‍റെ ശ്രമം ഏഴാം ദിവസവും തുടരുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്ററനറി ഡോക്ടര്‍മാരും അടങ്ങുന്ന എണ്‍പത് അംഗ സംഘം നാല് ടീമുകളായിട്ടാണ് തിരച്ചില്‍ നടത്തുന്നത്. കടുവയെ മയക്കുവെടിവെച്ച് പിടികൂടുകയോ വെടിവെച്ച് കൊല്ലുകയോ ചെയ്യുമെന്നാണ് കരുതുന്നത്. കടുവ കൂടല്ലൂരിലും പരിസരപ്രദേശത്തും തന്നെ ഉള്ളതായും അനുയോജ്യമായ സ്ഥലത്ത് വെച്ച് നടപടി ഉണ്ടാകുമെന്നും ഇന്നലെ ഉത്തരമേഖല സി.സി.എഫ് കെ.എസ് ദീപ അറിയിച്ചു.