Ukraine War : വിശ്വസിച്ചാലും ഇല്ലെങ്കിലും; പുടിനും കിമ്മും ചേര്‍ന്ന് സെലന്‍സ്‌കിയെ രക്ഷപ്പെടുത്തി!
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും ചേര്‍ന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയെ യുദ്ധഭൂമിയില്‍നിന്നും രക്ഷപ്പെടുത്തുന്നത് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാവുമോ? സങ്കല്‍പ്പിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം അറിയുക, അങ്ങനെ ഒന്ന് സംഭവിച്ചു. യുക്രൈനില്‍ റഷ്യന്‍ ആക്രമണം തകൃതിയായി നടക്കുന്നതിനിടെ ആദ്യം പറഞ്ഞ ഇരുവരും ചേര്‍ന്ന് സെലന്‍സ്‌കിയെ രക്ഷപ്പെടുത്തി പോളണ്ടില്‍ എത്തിച്ചു!
ആശ്ചര്യം തോന്നുന്നുണ്ടോ? എങ്കില്‍, ബാക്കി കഥ കൂടി അറിയുക. ഈ പറയുന്ന ലോക നേതാക്കളൊന്നും യഥാര്‍ത്ഥമല്ല. യഥാര്‍ത്ഥമായി നില്‍ക്കുന്നത് ഇവരുടെയൊക്കെ അപരന്‍മാരാണ്. അതായത്, കാഴ്ചയ്ക്ക് പുടിനെയും കിം ജോംഗ് ഉന്നിനെയും സെലന്‍സ്‌കിയെയും പോലെ തോന്നിക്കുന്ന അപരന്‍മാര്‍. ഈ മൂവരില്‍ രണ്ട് പേര്‍ താമസിക്കുന്നത് പോളണ്ടിലാണ്. അതായത് പുടിന്റെ അപരനും കിമ്മിന്റെ അപരനും. കഥയിലെ മൂന്നാമത്തെയാളായ സെലന്‍സ്‌കി അപരന്‍ താമസിക്കുന്നത് യുക്രൈനിലായിരുന്നു. ഇനി നമുക്ക് ബാക്കി കഥ കൂടി അറിയാം.
ആദ്യം നമുക്ക് കഥാപാത്രങ്ങളെ പരിചയപ്പെടാം. ഇത് സ്‌ലാവെക് സോബ്‌ല. പോളണ്ടുകാരനാണ്. കാഴ്ചയ്ക്ക് റഷ്യന്‍ പ്രസിഡന്റ് പുടിനെ പോലെയാണ് ഇയാള്‍. അതിനാല്‍, പുടിന്‍ അപരനെന്നാണ് ഇയാള്‍ അറിയപ്പെടുന്നത്.
കാഴ്ചയ്ക്ക് കിം ജോംഗ് ഉന്നിനെ പോലെയുള്ള ഈ മനുഷ്യന്റെ പേര് ഹൊവാര്‍ഡ് എക്‌സ്. ആരു കണ്ടാലും കിം എന്നു വിളിക്കുന്ന ഈ മനുഷ്യന്‍ അറിയപ്പെടുന്നത് കിമ്മിന്റെ അപരന്‍ എന്നാണ്. ഇയാളും താമസിക്കുന്നത് പോളണ്ടിലാണ്.
ഇനി പറയുന്നത് സെലന്‍സ്‌കിയുടെ അപരിചിതനാണ്. പേര് ഉമിദ് ഇസാബേവ്. ഇയാളെ കണ്ടാല്‍, യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയെ പോലെ തോന്നും. അതിനാല്‍, തന്നെ സെലന്‍സ്‌കി അപരന്‍ എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്.
കഥാപാത്രങ്ങളായി. ഇനി കഥ. ഈ കഥ നടക്കുന്നത് യുക്രൈനിലാണ്. കാലം ഇതു തന്നെ. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ കാലം. കരയിലൂടെയും ആകാശത്തിലൂടെയും കടലിലൂടെയും റഷ്യന്‍ സൈന്യം യുക്രൈനെ ആക്രമിക്കുന്നു.
ഈ സമയത്ത് നമ്മളീ പറഞ്ഞ അപരന്‍മാരുടെ ഒറിജിനലുകള്‍ എന്ത് ചെയ്യുകയാണ് എന്നു കൂടി ആലോചിക്കണം. യഥാര്‍ത്ഥ ലോകനേതാക്കന്‍മാര്‍ ഇപ്പോള്‍ എന്ത് ചെയ്യുകയാണ്?
ആദ്യം റഷ്യന്‍ പ്രസിഡന്റ് പുടിന്‍. ഇദ്ദേഹമാണ് യുക്രൈന്‍ ആക്രമണത്തിന്റെ കുന്തമുന. അമേരിക്കയും യൂറോപ്യന്‍ യൂനിയനും ലോക രാഷ്ട്രങ്ങളില്‍ ഭൂരിഭാഗവും യുഎന്നും ഒന്നിച്ച് എതിര്‍ത്ത് ഉപരോധം ഏര്‍പ്പെടുത്തിയിട്ടും ഒരു മനസാക്ഷിയുമില്ലാതെ യുക്രൈനിനെ ആക്രമിക്കാന്‍ തീരുമാനിച്ചത് ഇദ്ദേഹമാണ്.
ഇനി ഉത്തരകൊറിയന്‍ ഏകാധിപതി കിം. കിംജോംഗ് ഉന്‍ എന്നു കേട്ടാല്‍ ലോകം വിറയ്ക്കണം എന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. ലോകത്തിലെ വന്‍ശക്തികള്‍ ഒന്നിച്ച് എതിര്‍ക്കുമ്പോഴും അതിനെ കൂസാതെ മുന്നോട്ടുപോവുകയാണ് കമ്യൂണിസ്റ്റ് രാഷ്ട്രമായ ഉത്തരകൊറിയ. ആണവായുധങ്ങളും മിസൈല്‍ പരീക്ഷണങ്ങളുമായി ലോകത്തെ വിറപ്പിക്കുകയാണ് അതിന്റെ പരമാധികാരിയായ കിം.
അടുത്തതായി സെലന്‍സ്‌കിയാണ്. യുക്രൈന്‍ പ്രസിഡന്റ്. റഷ്യന്‍ ഭീഷണികള്‍ വകവെയ്ക്കാതെ സ്വന്തം രാജ്യത്തെ സാധാരണ ജനങ്ങളെ പോലും ആയുധമണിയിച്ച് അധിനിവേശം ചെറുക്കാന്‍ കച്ചകെട്ടിയിറങ്ങിയ പഴയ സിനിമാ നടനാണ് അദ്ദേഹം. ലോകത്തിന്റെ മുഴുവന്‍ പിന്തുണയും ഏറ്റുവാങ്ങുന്ന വിധത്തിലാണ് ഇദ്ദേഹത്തിന്റെ നീക്കങ്ങള്‍.
അപ്പോള്‍, ഇതാണ് യഥാര്‍ത്ഥ കഥ. അതേ സമയം അപരന്‍മാരുടെ കഥ മറ്റൊന്നാണ്. പുടിനെ പോലുള്ളവര്‍ റഷ്യയിലുണ്ട്. അതുപോലെ കിമ്മിനെ പോലുള്ളവര്‍ ദക്ഷിണ കൊറിയ അടക്കമുള്ള മറ്റ് രാജ്യങ്ങളിലുമുണ്ട്. സെലന്‍സ്‌കി അത്ര പ്രശസ്തനല്ലാത്തതിനാലാവും അദ്ദേഹത്തിന് അപരന്‍മാര്‍ കുറവാണ്.
എങ്കിലും, പുടിന്റെയും കിമ്മിന്റെയും ഏറ്റവും പ്രശസ്തരായ അപരന്‍മാര്‍ ജീവിക്കുന്നത് യുക്രൈനിന്റെ അയല്‍രാജ്യമായ പോളണ്ടിലാണ്. സെലന്‍സ്‌കിയുടെ അപരന്‍ ജീവിക്കുന്നതാവട്ടെ യുക്രൈനിലും.
സെലന്‍സ്‌കിയുടെ അപരനായ ഉമിദ് ഇസാബേവ് ഉസ്‌ബെക്കിസ്താന്‍ സ്വദേശിയാണ്. മോസ്‌കോ മെട്രോയില്‍ ഒരിക്കല്‍ യാത്ര ചെയ്യുമ്പോഴാണ് ഉമിദിനെ ലോകം അറിയുന്നത്. അന്ന് ട്രെയിനിലിരിക്കുന്ന ഉമിദിന്റെ പടം ആരോ എടുത്ത് സോഷ്യല്‍ മീഡിയയയില്‍ പോസ്റ്റ് ചെയ്തു. അതോടെ അയാള്‍ താരമായി.
അതിനു ശേഷം രണ്ട് വര്‍ഷമായി ഉമിദ് യുക്രൈനിലാണ് താമസം. സെലന്‍സ്‌കിയുടെ പ്രൊഡക്ഷന്‍ കമ്പനിയുമായി ചേര്‍ന്നാണ് ജോലി ചെയ്യുന്നത്. പല തവണ ഇദ്ദേഹം ഒറിജിനല്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്്തു.
ഇതിനിടയ്ക്കാണ് യുദ്ധം സംഭവിച്ചത്. യുക്രൈനിനു നേര്‍ക്ക് കരയിലും ആകാശത്തിലും കടലിലും നിന്ന് റഷ്യന്‍ ആക്രമണം ഉണ്ടായി. ഉമിദ് താമസിക്കുന്ന കീവിലും ആക്രമണമുണ്ടായി.
ഉമിദ് അപരന്‍ ആണെങ്കിലും മുന്നിലെത്തുന്ന റഷ്യന്‍ പട്ടാളക്കാര്‍ക്ക് ആ വിചാരം ഉണ്ടാവണമെന്നില്ല. യുക്രൈന്‍ പ്രസിഡന്റ് ആണെന്നു കരുതി അവര്‍ ഉമിദിനെ കൊല ചെയ്‌തെന്നും വരാം.
ഈ സാദ്ധ്യത ആലോചിച്ച് തല കറങ്ങിയാണ് നമ്മുടെ പുടിന്റെ അപരന്‍ സ്വന്തം നാട്ടില്‍ തന്നെ കഴിയുന്ന കിമ്മിന്റെ അപരനെ കാണുന്നത്. ഇങ്ങനെ പോയാല്‍ സെലന്‍സ്‌കി അപരന്‍ കുടുങ്ങും എന്ന് അയാള്‍ മറേ ്അപരനോട് പറഞ്ഞു. കാര്യം ശരിയാണെന്ന് അവര്‍ക്ക് ബോധ്യമാവുന്നത് അതിനു ശേഷമാണ്.
അങ്ങനെ കൂടുതല്‍ സ്വാധീനമുള്ള കിമ്മിന്റെ അപരന്‍ യുക്രൈനിലെ തന്റെ ബന്ധം ഉപയോഗിച്ച് സെലന്‍സ്‌കി അപരനായ ഉമിദിനെ യുദ്ധഭൂമിയില്‍നിന്നും പുറത്തുകടത്താന്‍ ശ്രമം നടത്തുന്നു.
ആ ശ്രമം വിജയിക്കുന്നു. അങ്ങനെ പുടിന്റെ അപരനും കിമ്മിന്റെ അപരനും ചേര്‍ന്ന് സെലന്‍സ്‌കി അപരനെ യുക്രൈന്‍ തലസ്ഥാനമായ കീവില്‍നിന്നും പുറത്തേക്ക് എത്തിക്കുന്നു. യുക്രൈന്‍ അതിര്‍ത്തിയില്‍ കാറോടിച്ച് എത്തിയ ഉമിദ് അവിടെനിന്നും ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്കൊപ്പം മാര്‍ച്ച് എട്ടിന് പോളണ്ടില്‍ എത്തുന്നു.
ഇപ്പോള്‍ പോളണ്ടിലാണ് ഉമിദിന്റെ താമസം. കീവില്‍നിന്നും നൂറു കിലോ മീറ്റര്‍ അകലെയുള്ള പോളിഷ് നഗരത്തില്‍ സമാധാനമായും സുരക്ഷിതമായും അയാള്‍ കഴിയുന്നു. അയാള്‍ക്ക് എല്ലാ സഹായവും നല്‍കിക്കൊണ്ട് പുടിന്‍ അപരനും കിം അപരനും കൂടെയുണ്ട്.