ഓർമ്മകളിൽ മധുരം നിറച്ച് ദില്ലിയിലെ ഞാവൽ വസന്തം
അങ്ങ് ദില്ലിയുടെ ചൂടിൽ പഴുത്ത ഞാവലുകൾ കൊഴുഞ്ഞ് വീണ് തുടങ്ങി. ഇങ്ങ് കേരളത്തില്‍ പുനലൂർ വിളക്കുവട്ടം ഗവ. സ്കൂളിന്‍റെ പിന്നാമ്പുറത്തേ ഞാവലിലേക്ക് വലിഞ്ഞു കയറിയ ഓര്‍മ്മകളുമായി അനന്ദുപ്രഭ.

കേരള ഹൗസിലേക്ക് ഉച്ചയ്ക്ക് കഴിക്കാൻ പോകുന്ന സമയം . കർത്തവ്യപഥ് എത്തുമ്പോ ഇരുവശത്തേക്കും ഒന്ന് നോക്കും ഇന്ത്യാ ഗെയ്റ്റും രാഷ്ട്രപതി ഭവനും അവിടെത്തന്നെയുണ്ടോ എന്നുറപ്പിക്കുന്ന ഒരു നോട്ടമുണ്ട്, ശീലത്തിന്‍റെ ഭാഗമാണ്. കൂട്ടത്തിൽ മറ്റൊന്നു കൂടി കണ്ണിലുടക്കി. ഡിഗ്രി സെൽഷ്യസ് 40 തൊട്ട ചൂടിൽ കർത്തവ്യപഥിലെ പുൽത്തകിടിയിൽ ഒരുപാട് പേർ നിരനിരയായ് നിൽക്കുന്ന മരങ്ങൾക്ക് കീഴെ തണൽ തേടുന്നു. അതിലും കൂടുതൽ പേർ മരങ്ങളിലേക്ക് നോക്കി നിൽക്കുന്നു. കുറെ പേർ വെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പികൾ മരങ്ങളിലേക്ക് എറിയുന്നു. ആദ്യമെന്താണെന്ന് മനസിലായില്ല. ഈ മഹാനഗരത്തിൽ ഇവരെന്തിനാണ് മരങ്ങളിലേക്ക് കുപ്പികളെറിയുന്നത് ? സൂക്ഷിച്ചു നോക്കി. ഓ ഞാവൽപ്പഴങ്ങൾ !!!
നൂറുകണക്കിന് ഞാവൽ മരങ്ങൾ. നഗര ആസൂത്രണത്തിന്‍റെ ഭാഗമായി ദില്ലി നഗരസഭ നട്ടുപിടിപ്പിച്ചതാണ്. വരി വരിയായി നൂറുകണക്കിന് ഞാവൽ മരങ്ങൾ. ഏതോ രുചി മുകുളങ്ങളില്‍ തട്ടി, ദിക്ക് തിരിയാതെ അവിടെ തെന്നിവീണു. അറിഞ്ഞോ അറിയാതെയോ അവിടെയിറങ്ങി. നടന്നു കയറിയത് ഞാവലിന്‍റെ പഴയ രുചികളിലേക്ക്...
പഴയ രാജ്പഥ് കടന്ന്, നടന്ന് കയറിയത് ആ പഴയ 7 -ാം ക്ലാസിലേക്കായിരുന്നു. 'ജയ ജയ ജയ ജയ ഹേ...' തീരുന്നതിന് മുന്നേ ബാഗ് എടുത്ത് ഓടിയിരുന്ന ആ പഴയ ഏഴാം ക്ലാസിലേക്ക്. തെറ്റി, ക്ലാസിലേക്കല്ലായിരുന്നു ആ ഓട്ടം ചെന്നവസാനിച്ചത്. കുത്തുകല്ല് കയറി ചെല്ലുന്ന സ്ക്കൂൾ പറമ്പിന്‍റെ പിന്നാമ്പുറത്തേക്കായിരുന്നു. ദില്ലിയിലെ ചൂടിൽ നിന്ന് പുനലൂർ വിളക്കുവട്ടം ഗവ. സ്കൂളിന്‍റെ പിന്നാമ്പുറത്തെ ഞാവൽ ചോട്ടിലേക്ക്. ജൂൺ - ജൂലായ് മാസം പൂക്കുന്ന ഞാവൽ പഴങ്ങളാണ് ലക്ഷ്യം. മാവ് പോലെയല്ല. കനിവുള്ള മരമാണ്. ഒരുവട്ടം എറിഞ്ഞാൽ തന്നെ കൈക്കുമ്പിൾ നിറയെ പഴുത്ത നിറം മുറ്റിയ ഞാവൽ. കുറേ തലയിലും വീഴും. മണ്ണിൽ വീഴുന്നതിന് മുന്നേ പിടിക്കാൻ മത്സരമാണ്. അല്ലേൽ പിന്നെ മരത്തിൽ കയറണം. ആരേലും കണ്ടാല് ചെലപ്പോ ചീത്ത കിട്ടും. എന്നാലും കയറും. മുകളിലെ രുചിയിലേക്ക് കണ്ണ് കൂര്‍പ്പിച്ച് താഴെ കാത്ത് നിൽക്കാൻ ആളുണ്ടാവുമ്പോൾ പ്രത്യേകിച്ചും.
മരത്തിൽ എത്തിപ്പിടിച്ച് കയറുമ്പോഴും ഉരഞ്ഞിറങ്ങുമ്പോഴും ആകെയുള്ള ഒരേയൊരു യൂണിഫോമായ വെള്ള ഷർട്ടും നീല നിക്കറും ബലിയാടാവും. അതിനുള്ള ചീത്ത വീട്ടിൽ ചെല്ലുമ്പോ കാത്ത് നിൽപ്പുണ്ടാവും. എന്നാലും വേണ്ടീല്ല. അതിരുകളില്ലാത്ത സാഹസങ്ങൾ ആ ഏഴാം ക്ലാസുകാരനെ മരത്തിന്മേൽ എത്തിക്കുമ്പോ, ഷർട്ട് ഊരി സഞ്ചിയാക്കി മാറ്റുമ്പോൾ, അതിൽ നിറയെ ഞാവൽ പഴങ്ങൾ നിറയും. വെള്ള ഷർട്ട് അങ്ങനെ വയലറ്റ് നിറത്തിൽ പൂത്ത് നിൽക്കും
ദില്ലിയിലെ ചൂടിലും പുകയിലും ഞാവൽ നിറമുള്ള ഓർമ്മകൾ മനസിലേക്ക് അങ്ങനെ വലിഞ്ഞ് കയറും. ഇത്തിരിപ്പോന്ന ചെറിയൊരു പഴമല്ല അതൊന്നും. നീലിച്ച കറുപ്പിൽ ഓരോ പഴവും നിറയെ ഓർമ്മകൾ നിറച്ചിട്ടുണ്ടാകും. കടിച്ചു തുപ്പുമ്പോൾ ചില ഓർമ്മകളിൽ പഴുക്കാത്ത, ചവർപ്പുള്ള പിണക്കങ്ങളുണ്ടാകും.
ദില്ലി നഗര വികസന പദ്ധതികളുടെ ഭാഗമായി, ഞാവൽ മരങ്ങൾ (ജാമുൻ / Jamun / Syzygium cumini) വ്യാപകമായി നട്ടുപിടിപ്പിച്ചു. അന്തരീക്ഷ താപനില നിയന്ത്രിക്കാനും വായു മലിനീകരണം നിയന്ത്രിക്കുവാനും പിന്നെ മഹാനഗരത്തിന്‍റെ തിരക്കുകൾക്ക് മേൽ കുട പിടിക്കാനും... അങ്ങനെ പലവിധ ഉദ്ദേശത്തിൽ നട്ടു വളർത്തിയതാണ് ഈ നൂറു കണക്കിന് മരങ്ങൾ. ഞാവൽ മരങ്ങൾ ദില്ലിയുടെ കാലാവസ്ഥയിലും മണ്ണിലും വളർന്നു. ഉയർന്ന വായു മലിനീകരണം പരിഹരിക്കാൻ ഞാവൽ മരങ്ങൾ വളരെ ഗുണകരമാണ്. പ്ലാന്‍റേഷൻ ഡ്രൈവുകൾ കൂടുതൽ ശക്തമാക്കാൻ ഗ്രാമ സഭകളിൽ നാട്ടുകാരെ ഉൾപ്പെടുത്തി 'അർബൻ ഫോറസ്റ്റട്രി' പോലുള്ള പദ്ധതികൾ നഗരസഭ നടപ്പിലാക്കി.
അതിരാവിലെ തന്നെ നടക്കാനും സൈക്ലിങ്ങിനുമായി ധാരാളം പേർ എത്തുന്ന ഒരു സ്ഥലം കൂടിയാണ് ഇവിടം. അതിനിടയിൽ തന്നെ ഈ മരങ്ങൾക്ക് ചുറ്റും വീണു കിടക്കുന്ന ഞാവൽ പഴങ്ങൾ പെറുക്കി അപ്പോ തന്നെ കഴിക്കുന്നവരാണ് കൂടുതലും, സഞ്ചികൾ കൊണ്ടുവന്ന് കിലോ കണക്കിന് വീട്ടിലേക്ക് ശേഖരിച്ചു കൊണ്ട് പോകുന്നവരും ധാരാളം. പ്രമേഹ രോഗികൾ ഞാവൽ പെറുക്കാൻ ഇവിടെയെത്തും. പഞ്ചസാരയുടെ അളവ് കുറയുകയും ഓർമ്മകൾക്ക് മധുരം കൂട്ടുകയും ചെയ്യുന്ന 'ഞാവൽ മാജിക്' തേടി.
പരുന്തുകൾ ഞാവൽ കഴിക്കാറില്ലെങ്കിലും മരത്തിന് ചുവട്ടിൽ നിന്നും ആളുകൾ മരത്തിലേക്ക് കമ്പും മറ്റും വലിച്ചെറിയുന്നതും എന്തൊക്കെയോ പെറുക്കുന്നതും അവനെ അസ്വസ്ഥനാക്കുന്നു. കൂട്ടത്തിൽ ഉയരം കൂടിയ മരത്തിന് മുകളിൽ ഉച്ചമയക്കത്തിനായി ഇരിപ്പുറപ്പിച്ചതാണ് അവൻ. അതിനിടെയിലാണ് താഴത്തെ ബഹളം.
ആദ്യമായി ഞാവൽ കഴിച്ചപ്പോ ഈ രസം കിട്ടിയിരുന്നില്ല. തോലിൽ പുളിയും ഉള്ളിൽ മധുരവും. ആകാശം നോക്കി എഴാം ക്ലാസുകാരൻ കണ്ണുകളിറുക്കി. പുളി മാറി ഉള്ളിലെ മധുരം പയ്യെ കണ്ണു തുറപ്പിച്ചു. പുളിയിൽ നിന്നൊരു രുചി മഴ പെയ്തു പിന്നതൊരു ചിരിയായി പരിണമിച്ചു. നാട്ടിലെ ഞാവലിനെക്കാൾ ഒരല്പം മധുരം കുറവാണ് ഇവിടെ. പുളിയാണ് മെയിൻ.
അണ്ണാറക്കണ്ണന്മാരുടെ കാലമാണത്. മരങ്ങളുടെ മുഴുവൻ നിയന്ത്രണവും അവർ ഏറ്റെടുക്കും. ഞങ്ങൾ കഴിച്ചതിന്‍റെ ബാക്കി കൊണ്ടു പോയാൽ മതി എന്നൊരു ലൈൻ ! ഈ സമയം ദില്ലിയിലെ നിരത്തുകളൊക്കെ ഞാവൽ വില്പനക്കാരെ കൊണ്ട് നിറയും.
ദില്ലി മെട്രോ സ്റ്റേഷനുകൾക്കരികിലോ വ്യാപാരപാതകളിലോ കണ്ടാൽ കുറേ പേർ തിരിഞ്ഞ് നോക്കും. " ഇത് ഞാവലല്ലേ? ജാമുന്‍? " 150 മുതൽ 300 രൂപ വരെയാണ് കിലോയ്ക്ക് വില. എങ്കിലും നൊസ്റ്റാൾജിയ കൂട്ടി കഴിക്കാം പ്രമേഹം കുറയ്ക്കാം, അപ്പോൾ അതൊരു വലിയ തുകയായി ആരും കാണുന്നില്ല. കച്ചവടവും തകൃതി.
കാക്കകളും കാക്കത്തൊള്ളായിരം കുരങ്ങൻമാരും അണ്ണാറക്കണന്മാരും ഒക്കെയായി ഇവിടെയൊരു ഉൽസവം തന്നെ തീർക്കുകയാണ്. ആഗസ്ത് പകുതിയോടെ ദില്ലിയിൽ ഈ സീസണ്‍ അവസാനിക്കും. വൈലറ്റ് രക്തം വിഴുങ്ങി വയർ നിറച്ച് വച്ചിരുന്ന ഞാവൽപ്പഴങ്ങൾ കർത്തവ്യപഥിലെ സിമന്‍റ് ബഞ്ചിൽ വീണ് വൈലറ്റ് നിറം തുപ്പും. ഞാവലിന്‍റെ പുളിയും പുഞ്ചിരിയും പതുക്കെ വിട പറയുകയാണ്... ഓർമ്മയെന്നോണം വൈലറ്റുക്കറ മാത്രം ബാക്കിയാവുന്നു, വായ്പ്പുണ്ണ് വരാത്ത മറ്റൊരു ഞാവൽ കാലത്തിനായി കാക്കക്കൂട്ടങ്ങൾ ഇനിയും കാത്തിരിക്കും.