ഭക്ഷണമില്ലെന്ന് അഫ്ഗാനികള്‍, അതിനെന്താ, ആയുധമുണ്ടല്ലോ എന്ന് താലിബാന്‍!
അഫ്ഗാനിസ്താനിലെ എല്ലാ പ്രവിശ്യകളും ആക്രമിച്ച് കീഴടക്കി അധികാരത്തില്‍ എത്തിയ താലിബാനെ കാത്തിരിക്കുന്നത്, ഒട്ടും സുഖകരമല്ലാത്ത ഒരു വെല്ലുവിളിയാണ്-പട്ടിണി. അതെ, അഫ്ഗാനിസ്താന്‍ ഗുരുതരമായ ഭക്ഷ്യക്ഷാമത്തിലേക്കും പട്ടിണിയിലേക്കുമാണ് പോവുന്നത് എന്നാണ് ഐക്യരാഷ്ട്ര സഭ അടക്കം മുന്നറിയിപ്പ് നല്‍കുന്നത്. സര്‍വ്വതും ഉപേക്ഷിച്ച് കാബൂളിലേക്ക് ഓടിയ അഭയാര്‍ത്ഥികള്‍ മുതല്‍, വരള്‍ച്ചയെ തുടര്‍ന്നുള്ള കൃഷി നഷ്ടത്താല്‍ ദുരിതത്തിലായ കര്‍ഷകര്‍ വരെ പട്ടിണിയുടെ വക്കത്താണ്. എന്നാല്‍, ലോകത്തേറ്റവും സമ്പന്നമായ ഭീകരസംഘടനയെന്ന് ഫോര്‍ബ്‌സ് വാരിക വിശേഷിപ്പിച്ച താലിബാനാവട്ടെ, പട്ടിണി പോലുള്ള കാര്യങ്ങളെക്കുറിച്ചൊന്നും അത്ര ആകുലരല്ല. പെട്ടെന്ന് തന്നെ ഒരു സര്‍ക്കാര്‍ ഉണ്ടാക്കേണ്ട തിരക്കിലാണ് അവര്‍. അതോടൊപ്പം അഫ്ഗാന്‍ സൈന്യത്തില്‍നിന്നും പിടിച്ചെടുത്ത അമേരിക്കന്‍ ആയുധങ്ങളും പ്രദര്‍ശിപ്പിച്ച് റോഡിലൂടെ പരേഡ് നടത്തുന്ന തിരക്കും. ഇതിനിടയിലും താലിബാനെ വെല്ലുവിളിക്കുന്ന പഞ്ച്ഷീര്‍ പ്രവിശ്യയിലെ പ്രതിരോധ മുന്നണിക്കെതിരെ യുദ്ധം ആരംഭിക്കുകയും ചെയ്തിരിക്കുന്നു അവര്‍.
കാണാം, അഫ്ഗാന്‍ യാഥാര്‍ത്ഥ്യങ്ങള്‍
ഒരു മാസത്തിനകം അഫ്ഗാനിസ്താന്‍ അതിഗുരുതരമായ ഭക്ഷ്യപ്രതിസന്ധി അഭിമുഖീകരിക്കുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. രാജ്യത്തെ മൂന്നിലൊന്ന് ജനങ്ങളും പട്ടിണിയിലേക്കാണ് പോവുന്നതെന്നും യു എന്‍ മുന്നറിയിപ്പ് നല്‍കുന്നു.
''അതീവഗുരുതരമാണ് സാഹചര്യം. രാജ്യത്തെ കാല്‍ഭാഗം കുട്ടികളും പട്ടിണിയുടെ വക്കത്താണ്.'' യു എന്‍ ഹ്യൂമാനിറ്റേറിയന്‍ മിഷന്‍ കോഡിനേറ്റര്‍ റമീസ് അല്‍ അക്ബറോവ് പറയുന്നു.
ലോക ഭക്ഷ്യ പരിപാടിയുടെ (UNWFP) ആഭിമുഖ്യത്തില്‍ കഴിഞ്ഞ ആഴ്ചകളില്‍ വ്യാപകമായി ഭക്ഷണ വിതരണം നടത്തിയിരുന്നു. എന്നാലിപ്പോള്‍ ഭക്ഷ്യസാധനങ്ങളുടെ ശേഖരം തീര്‍ന്നുകൊണ്ടിരിക്കുകയാണ്.
നിലവില്‍ കൊടുംവരള്‍ച്ചയിലാണ് അഫ്ഗാന്‍. അതിനിടെ, ശൈത്യം വരാനിരിക്കുന്നു. അതോടെ ഭക്ഷണ വിതരണം താളം തെറ്റുമെന്നാണ് യു എന്‍ ഭയക്കുന്നത്.
അടിയന്തിരമായി 200 മില്യന്‍ ഡോളര്‍ (1460 കോടി രൂപ) എങ്കിലും കിട്ടിയില്ലെങ്കില്‍, ഈ ഭക്ഷ്യ പ്രതിസന്ധിയെ മറികടക്കാനാവില്ലെന്ന് അക്ബറോവ് പറയുന്നു. വിദേശസഹായം മാത്രമാണ് ഇനിയുള്ള പ്രതീക്ഷ.
ലോക ഭക്ഷ്യ പരിപാടിയുടെ കൈയിലുള്ള കരുതല്‍ ഭക്ഷ്യശേഖരം ഈ മാസത്തോടെ തീരും. അതോടെ, ഭക്ഷ്യവിതരണ സാദ്ധ്യതകള്‍ മുടങ്ങുമെന്നും റമീസ് അല്‍ അക്ബറോവ് അറിയിച്ചു.
വിദേശസഹായത്തെ ആശയ്രിച്ച് കഴിയുന്ന അഫ്ഗാനിസ്താനില്‍ പുതിയ അവസ്ഥകള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അഫ്ഗാന്‍ കറന്‍സിയുടെ മൂല്യം ഏതാണ്ട് പൂര്‍ണ്ണമായും ഇടിഞ്ഞതായി മുന്‍ ധനകാര്യ മന്ത്രി ഖാലിദ് പായെന്ദ വാഷിംഗ്ടണില്‍ നടന്ന പരിപാടിയില്‍ പറഞ്ഞു.
ഭക്ഷ്യവസ്തുക്കള്‍ വിപണിയിലേക്ക് വരുന്നുണ്ടെന്ന് കടക്കാര്‍ പറയുന്നുണ്ടെങ്കിലും സാധന വില റോക്കറ്റ് പോലെ കുതിക്കുകയാണ്. എന്നാല്‍, വിലനിയന്ത്രണത്തിനായി ഒന്നും ഇവിടെയില്ല.
വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍, രാജ്യം നേരിടുക ഗുരുതരമായ അവസ്ഥയെയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. സര്‍ക്കാര്‍ രൂപവല്‍കരിക്കുമ്പോഴേക്കും പ്രതിസന്ധി മൂര്‍ച്ഛിക്കും.
അഫ്ഗാനിലെ എല്ലാ വിഭാഗം ജനങ്ങളും പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മറ്റും ശമ്പളം കിട്ടിയിട്ടേയില്ല. ഇതുവരെ സര്‍ക്കാര്‍ രൂപവല്‍കരിക്കാത്തതിനാല്‍, ഭരണപരമായ കാര്യങ്ങള്‍ പ്രതിസന്ധിയിലാണ്.
ഇവിടെയുള്ള ബാങ്കുകളുടെ പ്രവര്‍ത്തനമെല്ലാം ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് പുനരാരംഭിച്ചത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ബാങ്കുകള്‍ക്കു മുന്നില്‍ വലിയ ക്യൂ ആണ് കാണപ്പെട്ടത്.
താലിബാന്‍ വിലക്കുകള്‍ മറികടന്ന തെരുവുകളില്‍ ഇറങ്ങിയവര്‍ ബാങ്കുകള്‍ക്ക് മുന്നില്‍ പണം പിന്‍വലിക്കാനുള്ള അവസരം തേടി ക്യൂ നില്‍ക്കകയായിരുന്നു. മണിക്കൂറുകള്‍ ക്യൂ നിന്നിട്ടാണ് പലര്‍ക്കും പണം കിട്ടിയത്.
അഫ്ഗാന്‍ ജനതയ്ക്ക് പലതരത്തിലുള്ള സഹായങ്ങള്‍ നല്‍കിക്കൊണ്ടിരുന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനകളെയെല്ലാം താലിബാന്‍ ഓടിച്ചുകഴിഞ്ഞു. ശേഷിക്കുന്നവര്‍ പ്രവര്‍ത്തനം നിര്‍ത്തുകയും ചെയ്തു.
അന്താരാഷ്ട്ര അംഗീകാരം അംഗീകരിക്കാത്തതും മിക്ക രാജ്യങ്ങളും എതിര്‍ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നതിനാല്‍ വിദേശ സഹായം കിട്ടുക ബുദ്ധിമുട്ടാവും.
ആരെങ്കിലും നല്‍കാന്‍ തയ്യാറായാലും വിദേശ സഹായം സ്വീകരിക്കാന്‍ താലിബാനും തയ്യാറാവില്ല. വിദേശികളെ പുറത്താക്കി പടിയടക്കുക എന്നതല്ലാതെ, സഹായങ്ങള്‍ സ്വീകരിക്കുന്നതിന് താലിബാന്‍ വലിയ താല്‍പ്പര്യം കാണിക്കുന്നില്ല.
അതിനിടെയാണ് താലിബാന്‍ നാടെങ്ങും ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചുള്ള പരേഡുകള്‍ നടത്തുന്നത്. അഫ്ഗാന്‍ സൈന്യത്തിന് അമേരിക്ക നല്‍കിയ ആയുധങ്ങളിലേറെയും താലിബാന്റെ കൈയിലാണ് ഇപ്പോള്‍. ഇവയാണ് പ്രദര്‍ശിപ്പിക്കുന്നത്.
പട്ടിണിയിലേക്ക് നീങ്ങുന്ന ഒരു രാജ്യത്താണ് എല്ലാ നഗരങ്ങളിലും കോടിക്കണക്കിന് രൂപയുടെ ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ച് വമ്പിച്ച പരേഡുകള്‍ നടക്കുന്നത് എന്നതാണ് വിരോധാഭാസം.
അടുത്ത നേരത്തെ ഭക്ഷണം എങ്ങനെ കിട്ടുമെന്നറിയാത്ത അവസ്ഥയെ നേരിടാത്ത താലിബാനാണ് അഫ്ഗാനിസ്താനില്‍നിന്നും പിടിച്ചെടുത്ത അമേരിക്കന്‍ ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ച് നാടു ചുറ്റുന്നത്.
കാന്ദഹാറില്‍ നടന്ന പരിപാടിയില്‍ കവചിത വാഹനങ്ങളും അത്യാധുനിക വെടിക്കോപ്പുകളും അമേരിക്കയുടെ കിടിലന്‍ സൈനിക വാഹനങ്ങളുമെല്ലാം താലിബാന്‍ പ്രദര്‍ശിപ്പിക്കുച്ചു.
അമേരിക്കന്‍ നിര്‍മിതമായ ബ്ലാക്ക് ഹാക്ക് ഹെലികോപ്റ്റര്‍ പരഡേിനു മുകളിലൂടെ പറന്നു. അഫ്ഗാന്‍ സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥനാണ് ഹെലികോപ്റ്റര്‍ പറത്തിയത്.
വ്യോമസേനയോ വിമാനങ്ങളോ ാൈപലറ്റുകളോ ഇല്ലാത്തതിനാല്‍, വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് താലിബാന്‍. പൈലറ്റുകളില്ലാത്തത് താലിബാന്‍ വലിയ ക്ഷീണമാണുണ്ടാക്കിയത്.
അഫ്ഗാനിസ്ഥാനും യുഎസ് സേനയും ഉപേക്ഷിച്ച ആയുധങ്ങളും വാഹനങ്ങളുമാണ് പ്രധാനമായും താലിബാന്‍ പരേഡില്‍ പ്രദര്‍ശിപ്പിച്ചത്.
മിലിട്ടറി പരേഡില്‍ പ്രദര്‍ശിപ്പിച്ച ഹംവീസിലും സൈനികരുടെ കവചിത വാഹനങ്ങളിലും താലിബാന്‍ പതാകകള്‍ നാട്ടിയിരുന്നു.
സാധാരണ ഉപയോഗിക്കാത്ത വിധമുള്ള വാഹനങ്ങളിലാണ് താലബാന്കാര് പരേഡിനെത്തിയത്. വാഹനങ്ങളില്‍ അഞ്ചും ആറും ആയുധധാരികളായ താലിബാന്കാരുണ്ടായിരുന്നു.
കാബൂള്‍ വിമാനത്താവളത്തിലെ ആയുധങ്ങളും വിമാനങ്ങളും ഹെലികോപ്റ്ററുകളും യുഎസ് സൈന്യം നശിപ്പിച്ചെങ്കിലും നേരത്തെ പിടിച്ചെടുത്തതെല്ലാം താലിബാന്റെ കൈവശമുണ്ട്.
കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വിഡിയോയില്‍ യുഎസ് സ്റ്റൈല്‍ യൂണിഫോമുകള്‍ ധരിച്ച്, യുഎസ് നിര്‍മിത ആയുധങ്ങള്‍ കൈവശമുള്ള താലിബാന്‍ കമാന്‍ഡോകള്‍ സിഎച്ച് -46 സീ നൈറ്റ് ഹെലികോപ്റ്റര്‍ പരിശോധിക്കുന്നത് കാണാം.
താലിബാന്‍ കമാന്‍ഡോകള്‍ യുഎസ് സേന തകര്‍ത്ത വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും കോക്ക്പിറ്റുകളില്‍ ഇരുന്നുകൊണ്ട് ഫോട്ടോകള്‍ പകര്‍ത്തുന്നതും കാണാമായിരുന്നു.
അതിനിടെ, കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തിപ്പിക്കുന്നതിന് സഹായങ്ങളുമായി ഖത്തറില്‍നിന്നുള്ള വിദഗ്ധ സംഘം കാബൂളിലെത്തിയതായി അല്‍ ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തിപ്പിക്കുന്നതിന് സഹായങ്ങളുമായി ഖത്തറില്‍നിന്നുള്ള വിദഗ്ധ സംഘം കാബൂളിലെത്തിയതായി അല്‍ ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, താലിബാന്‍ സര്‍ക്കാര്‍ രൂപവല്‍ക്കരണ ശ്രമങ്ങളുടെ തിരക്കിലാണുള്ളത്. പുതിയ ഭരണകൂടം നിലവില്വരാത്തതിനെ തുടര്‍ന്ന് ഭരണപരമായ വലിയ പ്രതിസന്ധികളാണ് അഫ്ഗാനിസ്താന്‍ അനുഭവിക്കുന്നത്.
താലിബാന്‍ നേതാവ് മുല്ലാ ഹെബത്തുല്ലാ അകുന്‍സാദയുടെ നേതൃത്വത്തിലായിരിക്കും പുതിയ ഭരണകൂടം നിലവില്‍ വരികയെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
മന്ത്രിസഭാ രൂപവല്‍ക്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി താലിബാന്‍ സാംസ്കാരിക സമിതി അംഗമായ അനാമുല്ലാ സമന്‍ഗനി അഫ്ഗാന്‍ ചാനലായ ടോലോ ന്യൂസിനോട് പറഞ്ഞു.
റിപ്പബ്ലിക് എന്നോ എമിറേറ്റ് എന്നോ ആയിരിക്കില്ല പുതിയ ഭരണവ്യവസ്ഥയുടെ പേര്. ഇസ്ലാമിക് സര്‍ക്കാര്‍ എന്ന രീതിയിലാവും ഇതുണ്ടാവുക. ഭരണനിര്‍വഹണ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഒരു പ്രധാനമന്ത്രിയും ഉണ്ടാവുമെന്ന് അനാമുല്ല പറഞ്ഞു.
താലിബാന്‍ ഇതിനകം തന്നെ പ്രവിശ്യാ ഗവര്‍ണര്‍മാരെയും പൊലീസ് മേധാവികളെയും കമാണ്ടര്‍മാരെയും നിയമിച്ചു കഴിഞ്ഞിട്ടുണ്ട്. എല്ലാ പ്രവിശ്യകളിലും ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞതായി താലിബാന്‍ നേതാക്കള്‍ അറിയിച്ചു.