മരത്തിൽ പൂച്ച കുടുങ്ങി, പൂച്ചയെ രക്ഷിക്കാൻ യുവാവ് കയറി, ഒടുവിൽ യുവാവിനെ രക്ഷിക്കാൻ ഫയർ ഫോഴ്സ്
പൂച്ച(Cat)കൾ പലപ്പോഴും പല ഉയർന്ന സ്ഥലങ്ങളിലേക്കും കയറിപ്പോകാറുണ്ട്. എന്നിട്ട് അവിടെ നിന്നും ഇറങ്ങിപ്പോരാൻ കഴിയാതെ കുടുങ്ങിപ്പോവും. അവസാനം ആരെങ്കിലും രക്ഷിക്കാനായി ചെല്ലേണ്ടി വരും. അതുപോലെ തന്നെയാണ് ഇവിടെയും സംഭവിച്ചത്. പൂച്ച കുടുങ്ങിയത് വലിയൊരു മരത്തിന്റെ മുകളിൽ അവസാനം അതിനെ രക്ഷിക്കാൻ പോയ യുവാവും മരത്തിൽ കുടങ്ങി. യുവാവിനെ രക്ഷിക്കാൻ ഒടുവിൽ അഗ്നിശമനസേനാംഗങ്ങൾ(Firefighters)ക്ക് എത്തേണ്ടി വന്നു.
ഇൻഡ്യാനപൊളിസിലെ ഹോളിഡേ പാർക്കിലെ ഒരു മരത്തിന്റെ ശാഖയിൽ നിലത്തു നിന്ന് 35 അടി ഉയരത്തിലാണ് പൂച്ചയെ കണ്ടത്. ഇതോടെ, 17 -കാരനായ ഓവൻ(Owen) അതിനെ സുരക്ഷിത സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാൻ ജീവൻ പണയം വെച്ചിറങ്ങി. ഇതാണ് സംഭവങ്ങളുടെ എല്ലാം തുടക്കം.
എന്നാൽ, ഇങ്ങനെ ഉയരത്തിൽ കയറേണ്ടതിലൊന്നും യാതൊരു പരിചയവും ഓവനില്ലായിരുന്നു. അതോടെ, അവനെ രക്ഷിക്കാൻ ഫയർ ഫോഴ്സ് തന്നെ എത്തേണ്ടി വന്നു.
"ഏകദേശം 35 അടി ഉയരമുള്ള മരത്തിൽ പൂച്ച കുടുങ്ങിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അവൻ ഒരു നല്ല പ്രവൃത്തി ചെയ്യാനും പൂച്ചയെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുവരാനും ശ്രമിക്കുകയായിരുന്നു. മരത്തിൽ കയറാൻ ഓവന് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. എന്നാൽ, അവിടെ നിന്നും താഴെ ഇറങ്ങാൻ അവന് സാധിച്ചില്ല" ഇന്ത്യാനാപൊളിസ് ഫയർ ഡിപ്പാർട്ട്‌മെന്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
തുടക്കത്തിൽ, ഫയർ ഡിപ്പാർട്ട്‌മെന്റ് ഏരിയൽ ഗോവണി ഘടിപ്പിച്ച ഒരു പരമ്പരാഗത റെസ്ക്യൂ ടീമിനെ അയച്ചു. എന്നിരുന്നാലും, മരത്തിന് അത് താങ്ങാനുള്ള കരുത്തില്ല എന്ന് പെട്ടെന്ന് തന്നെ മനസിലായി. സ്പെഷ്യലൈസ്ഡ് ടീം ഉൾപ്പെട്ട വളരെ സങ്കീർണ്ണമായ രക്ഷാപ്രവർത്തനത്തിലാണ് അവസാനം ഇത് അവസാനിച്ചത്. ഒരു ഗോവണി ഉപയോഗിച്ച് മരത്തിൽ കയറുക, കയറുകൾ മുറുക്കുക, ഓവന്റെ വശത്തേക്ക് പ്രവേശിക്കാൻ ഒരു ചെറിയ ശാഖ വെട്ടി അവനെ സുരക്ഷിതമാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വൈദ്യപരിശോധനയിൽ, മരത്തിലുരസി തൊലി കുറച്ചു പോയി എന്നതൊഴിച്ചാൽ ഓവൻ സുഖം പ്രാപിച്ചു. എന്നാൽ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നില്ല. "പൂച്ച ആ ബഹളം ആസ്വദിക്കുന്നതായി തോന്നി, പക്ഷേ അക്ഷരാർത്ഥത്തിൽ മരത്തിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചില്ല" IFD പറഞ്ഞു. അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് പ്രകാരം പൂച്ചയുടെ ഉടമ ഒരു സ്വകാര്യ കമ്പനിയെ അതിനെ താഴെ ഇറക്കാൻ നിയോഗിച്ചതായി തിങ്കളാഴ്ച സ്ഥിരീകരിച്ചു.