നദിയിൽ ചത്തുപൊങ്ങിയത് ആയിരക്കണക്കിന് മീനുകൾ, കാരണം തേടി രണ്ട് രാജ്യങ്ങൾ
പോളണ്ടിനും ജർമ്മനിക്കും ഇടയിലുള്ള ഓഡർ നദിയിൽ ആയിരക്കണക്കിന് മീനുകൾ ചത്തുപൊന്തി. ഇരുരാജ്യങ്ങളും ഇപ്പോൾ ഇതിന്റെ കാരണം എന്താണ് എന്നറിയാനുള്ള അന്വേഷണത്തിലാണ്. കഴിഞ്ഞ മാസം അവസാനം മുതൽ നദിയുടെ നൂറുകണക്കിന് കിലോമീറ്റർ ചുറ്റളവിൽ ആയിരക്കണക്കിന് മത്സ്യങ്ങളാണ് ചത്ത നിലയിൽ കാണപ്പെട്ടത്.
പരിശോധന നടന്നു എങ്കിലും ഈ ദുരന്തത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ല. എന്തോ വിഷാംശം വെള്ളത്തിൽ കലർന്നതാവാം കാരണം എന്നാണ് കരുതുന്നത്. എന്തെങ്കിലും ആവശ്യത്തിനായി ഉപയോഗിക്കുന്നതിൽ നിന്നും ഈ നദി ഒഴിവാക്കണം എന്ന് പിന്നാലെ സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പാരിസ്ഥിതിക ദുരന്തത്തെ കുറിച്ചുള്ള മുന്നറിയിപ്പുകളും അധികൃതർ നൽകിക്കഴിഞ്ഞു.
എന്നാൽ, ദുരന്തത്തോട് പെട്ടെന്ന് പ്രതികരിക്കുന്നതിനും മനുഷ്യരെ സംരക്ഷിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കുന്നതിൽ ഇരു രാജ്യങ്ങളിലെയും അധികാരികൾ പരാജയമാണ് എന്ന് ആക്ടിവിസ്റ്റുകൾ ആരോപിച്ചു. സംഭവം കൈകാര്യം ചെയ്തതിലെ ഗൗരവക്കുറവിനെ തുടർന്ന് വെള്ളിയാഴ്ച പോളിഷ് പ്രധാനമന്ത്രി മാറ്റ്യൂസ് മൊറാവിക്കി ചില പരിസ്ഥിതി ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്തു.
ആദ്യം ഇത് വെറും പ്രാദേശികമായ എന്തോ ചെറിയ പ്രശ്നമാണ് എന്നാണ് കരുതിയിരുന്നത് എന്നും അധികം വൈകാതെ അതൊരു വലിയ പ്രശ്നമാണ് എന്ന് ബോധ്യപ്പെടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. നദി പൂർവസ്ഥിതി പ്രാപിക്കാൻ ഒരുപാട് വർഷങ്ങളെടുത്തേക്കാം എന്നും പറയുന്നു.
വെള്ളത്തിലേക്ക് വലിയ തരത്തിൽ രാസപദാർത്ഥങ്ങൾ കൊണ്ടുവന്ന് തള്ളുന്നതാണ് ഈ ദുരന്തത്തിന് കാരണമായിട്ടുണ്ടാവുക. ആളുകൾക്ക് മറ്റ് ജീവികളെ കുറിച്ച് യാതൊരു ശ്രദ്ധയുമില്ല എന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ജർമ്മൻ പരിസ്ഥിതി മന്ത്രി സ്റ്റെഫി ലെംകെ ആവശ്യപ്പെട്ടു, കാരണം കണ്ടെത്താനും പ്രശ്നം പരിഹരിക്കാനും അധികാരികൾ ഗൗരവതരമായി പ്രവർത്തിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ജൂലൈ 28 -ന് പോളിഷ് മത്സ്യത്തൊഴിലാളികളാണ് സംഭവത്തെ കുറിച്ചുള്ള ആദ്യ സൂചനകൾ നൽകിയത്. ആ സമയത്ത് ആയിരക്കണക്കിന് മത്സ്യങ്ങൾ നദിയിൽ ചത്തു പൊങ്ങിയതായി പറയപ്പെടുന്നു. വൃത്തിയുള്ള നദിയായിട്ടാണ് പൊതുവെ ഓഡർ അറിയപ്പെടുന്നത്. നദിയിൽ ഏകദേശം 40 പ്രാദേശിക മത്സ്യ ഇനങ്ങളുണ്ട് എന്ന് എഎഫ്‍പി റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ, ജർമ്മനിയുടെ കിഴക്കൻ ബ്രാൻഡൻബർഗ് സ്റ്റേറ്റിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്, പരിശോധനാ ഫലങ്ങൾ വെള്ളത്തിൽ ഓക്സിജന്റെ അളവ് വർദ്ധിച്ചതായി കാണിക്കുന്നുണ്ട് എന്നാണ്. മത്സ്യത്തെ മാത്രമല്ല, താറാവുകളെയും പക്ഷികളേയും അടക്കം വെള്ളത്തിലെ വിഷപദാർത്ഥം ബാധിച്ചിട്ടുണ്ട് എന്നും പറയുന്നു. വെള്ളത്തിൽ മെർക്കുറി അടങ്ങിയിട്ടുണ്ടോ എന്നും പരിശോധിച്ച് വരികയാണ്.