താലിബാനെ വിറപ്പിക്കുന്ന ഈ പുലിക്കുട്ടികള്‍ ആരാണ്?
ലോകത്തെ മുഴുവന്‍ ഞെട്ടിച്ച് താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്താന്‍ പിടിച്ചെടുത്തപ്പോള്‍ ഉയര്‍ന്നുവന്നത്, ഇവരെ തടയാന്‍ ഇനി ആരുണ്ട് എന്ന ചോദ്യമായിരുന്നു. രണ്ട് പതിറ്റാണ്ട് നീണ്ട സൈനിക നടപടികള്‍ പരാജയമായതിനെ തുടര്‍ന്ന് അമേരിക്കയും നാറ്റോ സഖ്യവും അഫ്ഗാന്‍ ഉപേക്ഷിച്ചിരുന്നു. റഷ്യയും ചൈനയും അടക്കമുള്ള ശക്തികള്‍ താലിബാനെ പിന്തുണച്ച് രംഗത്തുവരികയും ചെയ്തു. ഇനിയാര് എന്ന ചോദ്യത്തിന് നിരാശ മാത്രം ഉത്തരം കിട്ടിയ സമയത്താണ്, താലിബാനെതിരായ ആക്രമണവുമായി പുതിയൊരു സഖ്യം രംഗപ്രവേശനം ചെയ്തത്. താലിബാനോട് വിയോജിപ്പുള്ള അഫ്ഗാന്‍ കൂട്ടായ്മകളുടെ ഒരു മുന്നണി. ദേശീയ പ്രതിരോധ മുന്നണി (National Resistance Front-NRF) എന്ന പേരിലാണ് ഈ സഖ്യം അറിയപ്പെട്ടത്. വടക്കന്‍ അഫ്ഗാനിലെ പഞ്ച്ശീര്‍ താഴ്‌വര കേന്ദ്രമായി രൂപം കൊണ്ട ഈ മുന്നണി താലിബാനെ പരസ്യമായി വെല്ലുവിളിക്കുകയായിരുന്നു. അവിടെ നിന്നില്ല പ്രതിരോധം. അഫ്ഗാനിസ്ഥാനിലെ അന്തറബ് പ്രദേശത്ത് താലിബാന്‍ ഭീകരരുമായി ഏറ്റുമുട്ടിയ ത്രിരോധ മുന്നണി താലിബാന്റെ ബനു ജില്ല മേധാവി അടക്കം നിരവധി ഭീകരരെ വധിച്ചതായാണ് റിപ്പോര്‍ട്ട്. ഫാജിര്‍ എന്ന പ്രദേശത്തും ഏറ്റുമുട്ടല്‍ നടന്നു. 50 താലിബാന്‍ ഭീകരരരെ പ്രതിരോധ മുന്നണി പോരാളികള്‍ വധിക്കുകയും 20 പേരെ തടവുകാരായി പിടിക്കുകയും ചെയ്തുവെന്നും വാര്‍ത്ത വന്നു. താലിബാനില്‍ നിന്ന് മൂന്ന് ജില്ലകള്‍ പിടിച്ചെടുത്തതായി പ്രതിരോധ മുന്നണി അതിനിടെ അവകാശപ്പെടുകയും ചെയ്തു. ബാഗ്‌ലാന്‍ മേഖലയിലെ പൊലെ ഹെസാര്‍, ദേ സലാഹ്, ബാനു ജില്ലകള്‍ പിടിച്ചെടുത്തു എന്നാണ് മുന്നണി അവകാശപ്പെട്ടത്. മറ്റ് ജില്ലകളിലേക്ക് മുന്നേറുകയാണെന്നും ദേശീയ പാത അടക്കം പിടിച്ചെടുത്തതായും സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ വന്നു. എന്നാല്‍, ഈ വാര്‍ത്തകളൊക്കെ താലിബാന്‍ നിഷേധിക്കുകയായിരുന്നു. അതിനു പിന്നാലെ, മുന്നണിയുടെ കോട്ടയായ പഞ്ച്ശീര്‍ താഴ്‌വര ആക്രമിക്കാന്‍ നൂറുകണക്കിന് താലിബാന്‍ ഭീകരര്‍ എത്തിയതായി താലിബാന്‍ ട്വീറ്റ് ചെയ്തു. പഞ്ച്ശീര്‍ പിടിച്ചടക്കുമെന്നും അവര്‍ അവകാശപ്പെട്ടു. ആരാണ് താലിബാനെതിരായി രംഗത്തു വന്ന ഈ മുന്നണി? എന്താണ് അവര്‍ പറയുന്നത്? ലോകത്തിനു മുഴുവന്‍ പ്രതീക്ഷ നല്‍കി മുന്നോട്ടുവന്ന ഈ കൂട്ടായ്മയ്ക്ക് എത്രമാത്രം ശക്തിയുണ്ട്? എന്തൊക്കെ സാദ്ധ്യതകളാണ് അവര്‍ക്കുള്ളത്? അക്കാര്യം അറിയണമെങ്കില്‍, ആദ്യം പഞ്ച് ശീര്‍ താഴ്‌വരെയ അറിയണം. അഹമ്മദ് ഷാ മസൂദ് എന്ന അഫ്ഗാന്‍ വീരനായകനെയും അദ്ദേഹത്തിന്റെ പിന്‍ഗാമികളെയും അറിയണം. താലിബാനെതിരെ അഫ്ഗാനിസ്താനില്‍ ഉയര്‍ന്ന പുതിയ പോരാട്ടത്തിന്റെ മുന്‍നിരയിലുള്ളത് രണ്ടുപേരാണ്. വടക്കന്‍ സഖ്യത്തിന്റെ നേതാവായിരുന്ന അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹമ്മദ് മസൂദ്. താലിബാന്റ വിജയം കണ്ടപ്പോള്‍ നാടുവിട്ടോടിയ പ്രസിഡന്റ് അഷറഫ് ഗനിയുടെ ഒന്നാം വൈസ് പ്രസിഡന്റ് അംറുല്ലാ സാലിഹ്. ഇവര്‍ക്കൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വന്ന താലിബാന്‍ വിരുദ്ധ സംഘങ്ങളുമുണ്ട്. ഒപ്പം, അഫ്ഗാന്‍ പ്രതിരോധ സേനയിലെ നൂറുകണക്കിന് സൈനികരും ചേരുന്നു. ആ മുന്നണിയുടെ കഥ നമുക്ക് വിശദമായി പരിശോധിക്കാം.

സോവിയറ്റ് അധിനിവേശ സമയത്ത് പോലും കോട്ടപോലെ ഉറച്ചുനിന്ന പ്രദേശമായിരുന്നു വടക്കന്‍ അഫ്ഗാനിസ്താനിലെ പഞ്ച്ശീര്‍. താലിബാന്റെ തുടക്ക കാലത്തുതന്നെ അതിനെതിരായി രംഗത്തുവരികയും പ്രദേശിക ശക്തികളെ ഉള്‍പ്പെടുത്തി വടക്കന്‍ സഖ്യമുണ്ടാക്കി അതിനെതിരെ പൊരുതുകയും ചെയ്ത പഴയ മുജാഹിദ് നേതാവ് അഹമ്മദ് ഷാ മസൂദിന്റെ നാടാണ് ഇത്.
പഞ്ച്ശീര്‍ എന്നാല്‍ അഞ്ച്് സിംഹങ്ങള്‍ എന്നാണ് അര്‍ത്ഥം. പത്താം നൂറ്റാണ്ടില്‍, മുഹമ്മദ് ഗസ്‌നി രാജാവിന്റെ കാലത്ത് പ്രളയജലത്തില്‍നിന്നും ജനങ്ങളെ കാക്കാന്‍ അണകെട്ടിയ അഞ്ച് വീരയോദ്ധാക്കളുടെ ഓര്‍മ്മയ്ക്കാണ് ഈ താഴ്‌വരയ്ക്ക് പഞ്ച് ഷീര്‍ എന്ന പേരിട്ടത്.
ഹിന്ദുക്കുഷ് പര്‍വ്വതനിരയുടെ ഓരം ചേര്‍ന്നുള്ള പഞ്ച് ഷീര്‍ താഴ്‌വര മലകളാല്‍ ചുറ്റപ്പെട്ടതാണ്. കോട്ടപോലെ സുരക്ഷിതമായ ഈ പ്രദേശം എല്ലാ കാലത്തും യോദ്ധാക്കള്‍ക്ക് പേരുകേട്ടതാണ്.
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍നിന്നും 150 കിലോ മീറ്റര്‍ വടക്കുള്ള ഈ പ്രദേശം ചരിത്രത്തിലെ അനേകം യുദ്ധങ്ങള്‍ക്ക് സാക്ഷിയാണ്.
ഈ താഴ്‌വരയില്‍നിന്നാണ് എണ്‍പതുകളില്‍ സോവിയറ്റ് അധിനിവേശത്തിനെതിരായ മുജാഹിദ് മുന്നേറ്റത്തിന്റെ തുടക്കം.
അമേരിക്കന്‍ സഹായത്തോടെ സോവിയറ്റ് യൂനിയനെ തറപറ്റിച്ച മുജാഹിദ് നേതാവ് അഹമ്മദ് ഷാ മസൂദ് പഞ്ച്ഷീര്‍ താഴ്‌വര കേന്ദ്രീകരിച്ചായിരുന്നു ഗറില്ലാ യുദ്ധം ആരംഭിച്ചത്.
സോവിയറ്റ് പട്ടാളം പഞ്ച്ഷീര്‍ കീഴടക്കാന്‍ ആവുന്നത്ര പരിശ്രമിച്ചിട്ടും നടന്നില്ല. മിന്നല്‍ ആക്രമണം നടത്തി രക്ഷപ്പെടുന്ന മുജാഹിദുകളെ കീഴ്‌പ്പെടുത്താന്‍ കഴിയാതെയാണ് അന്ന് സോവിയറ്റ് സേന കളംവിട്ടത്.
അഹമ്മദ് ഷാ മസൂദ് പിന്നീട്, താലിബാനെതിരെയും പടനയിച്ചു. വടക്കന്‍ സഖ്യം എന്ന പേരില്‍ താലിബാനെതിരെ പോരാട്ടം നടത്തുന്നതിനിടയിലാണ് മസൂദിനെ അല്‍ഖാഇദ ചാവേറുകള്‍ ചതിയില്‍ വധിച്ചത്.
മാധ്യമപ്രവര്‍ത്തകര്‍ എന്ന വ്യാജേന അഭിമുഖത്തിന് എത്തിയ അല്‍ഖാഇദ ഭീകരര്‍, മസൂദിന്റെ താവളമായ ഗുഹയില്‍ ചെന്ന്, അരയില്‍ കെട്ടിവെച്ച സ്‌ഫോടക വസ്തുക്കള്‍ പൊട്ടിച്ച് മസൂദിനെ വധിക്കുകയായിരുന്നു.
താലിബാന്‍ അന്നുമിന്നും ഏറെ ശ്രമിച്ചിട്ടും ഈ താഴ്‌വര പിടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. താലിബാന്റെ ആവിര്‍ഭാവ കാലം മുതല്‍ അതിനെതിരായി പടനയിച്ച ഈ നാട്ടില്‍ ഇപ്പോഴും അവര്‍ക്കെതിരായി പോരാളികള്‍ ഒരുങ്ങിക്കഴിഞ്ഞു.
പിതാവിന്റെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മകള്‍ക്കൊപ്പമാണ് താന്‍ പടനയിക്കുന്നതെന്നാണ് അഹമ്മദ് മസൂദ് പറയുന്നത്. അദ്ദേഹത്തിനൊപ്പം, മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്റ് അംറുല്ലാ സാലിഹുമുണ്ട്.
സോവിയറ്റ് യൂനിയനെ ഗറില്ലാ യുദ്ധത്തിലൂടെ തറപറ്റിച്ച പഴയ അഫ്ഗാന്‍ മുജാഹിദുകളും അഹമ്മദ് ഷാ മസൂദിന്റെ സഹപ്രവര്‍ത്തകരും ഇവര്‍ക്കൊപ്പമുണ്ട്. ഏറ്റുമുട്ടല്‍ പോലുമില്ലാതെ താലിബാന് കീഴടങ്ങിയ ജനറല്‍മാര്‍ക്കെതിരെ രോഷാകുലരായി നിരവധി അഫ്ഗാന്‍ പ്രതിരോധ സൈനികര്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്നതായി മസൂദ് പറയുന്നു.
പിതാവിനെ ചതിയില്‍ കൊലപ്പെടുത്തിയ കാലം മുതല്‍ ശേഖരിച്ചുവെച്ച ആയുധങ്ങള്‍ തങ്ങളുടെ കൈയിലുണ്ടെന്നും മസൂദ് പറയുന്നു. എങ്കിലും, താലിബാനോടുള്ള ദീര്‍ഘയുദ്ധത്തിന് ഇതു മതിയാവില്ലെന്നും അമേരിക്കയുടെയും പടിഞ്ഞാറന്‍ രാജ്യങ്ങളുടെയും സഹായം തങ്ങള്‍ക്കുണ്ടാവണം എന്നുമാണ് വാഷിംഗ്ടണ്‍ പോസ്റ്റ് ലേഖനത്തില്‍ മസൂദ് എഴുതുന്നത്.
ഇക്കാര്യത്തില്‍ ജോ ബൈഡന്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, താലിബാന്‍ ഈ എതിര്‍പ്പുകളെ ഗൗരവകരമായാണ് കാണുന്നത്. എന്തുവില കൊടുത്തും പഞ്ച്ഷീര്‍ താഴ്‌വര കീഴ്‌പ്പെടുത്തുമെന്നാണ് അവര്‍ പറയുന്നത്.
പിതാവിന്റെ കാലടിപ്പാടുകള്‍ പിന്തുടരാന്‍ തയ്യാറാറെടുത്തു കൊണ്ട്, നിരവധി മുജാഹിദുകള്‍ താലിബാനെതിരെ വീണ്ടും പടപൊരുതാന്‍ തയ്യാറായി കൂടെയുണ്ടെന്ന് മസൂദ് പറയുന്നു. '
'ഞങ്ങളുടെ കൈയില്‍ നിരവധി വെടിക്കോപ്പുകളും അനവധി ആയുധങ്ങളുമുണ്ട്. എന്റെ പിതാവിനെ താലിബാന്‍ ചതിയില്‍ വധിച്ച അന്ന് മുതല്‍ ശേഖരിക്കുന്നതാണ് ആയുധങ്ങള്‍. ഈ ദിവസം വരുമെന്ന് ഞങ്ങള്‍ക്ക് അന്നേ അറിയാമായിരുന്നു.''-മസൂദ് പറയുന്നു
1998-ല്‍ തനിക്ക് ഒമ്പത് വയസ്സുള്ളപ്പോള്‍ നടന്ന ഒരു സംഭവത്തെക്കുറിച്ച് മസൂദ് വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട്. ''തന്റെ സൈനികരെ പിതാവ് അഹമ്മദ് ഷാ മസൂദ് പഞ്ച്ഷീര്‍ താഴ്‌വരയിലെ ഒരു ഗുഹയില്‍ വിളിച്ചുചേര്‍ത്തു. അവിടെയിരുന്ന് അവര്‍, എന്റെ പിതാവിന്റെ സുഹൃത്ത് കൂടിയായ ഫ്രഞ്ച് ചിന്തകന്‍ ബെര്‍ണാര്‍ഡ് ഹെന്റി ലെവിയുടെ വാക്കുകള്‍ കേട്ടു. ലെവി പറഞ്ഞു, നിങ്ങള്‍ നിങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുമ്പോള്‍, നിങ്ങള്‍ ഞങ്ങളുടെ സ്വാതന്ത്ര്യത്തിനു കൂടിയാണ് പൊരുതുന്നത്. താലിബാനെതിരായ പോരാട്ടത്തിനിടെ, എന്റെ പിതാവ് അതൊരിക്കലും മറന്നില്ല. 2001 സെപ്തംബര്‍ ഒമ്പതിന് താലിബാനും അല്‍ ഖാഇദയും ചേര്‍ന്ന് എന്റെ പിതാവിനെ കൊന്നു. അഫ്ഗാനിസ്താന് വേണ്ടി മാത്രമായിരുന്നില്ല അദ്ദേഹം പോരാടിയത്. പടിഞ്ഞാറിനു കൂടി വേണ്ടിയായിരുന്നു''
ഇവിടെ സൂചിപ്പിക്കുന്ന ഫ്രഞ്ച് ചിന്തകന്‍ ബെര്‍ണാര്‍ഡ് ഹെന്റി ലെവി മസൂദിനെക്കുറിച്ച് കഴിഞ്ഞ ദിവസം ഒരു ട്വീറ്റ് ചെയ്തു. തന്റെ സുഹൃത്തിന്റെ മകനായ മസൂദിനും മുജാഹിദ് പോരാളികള്‍ക്കും ഒപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പം അദ്ദേഹം എഴുതിയത് ഇങ്ങനെയാണ്: ഞാന്‍ അഹമ്ദ് മസൂദിനോട് ഫോണില്‍ സംസാരിച്ചു. അവന്‍ എന്നോട് പറഞ്ഞു: ''ഞാന്‍ അഹമ്മദ് ഷാ മസൂദിന്റെ മകനാണ്, കീഴടങ്ങല്‍ എന്ന വാക്ക് എന്റെ നിഘണ്ടുവിലില്ല.'' ഇതാണ് തുടക്കം. പ്രതിരോധം തുടങ്ങിക്കഴിഞ്ഞു.
കാലങ്ങളായി സംഭരിച്ചുവെച്ച ആയുധങ്ങള്‍ മാത്രമല്ല തങ്ങളുടെ കൈയിലുള്ളതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റിലെ കുറിപ്പില്‍ മസൂദ് എഴുതുന്നു. ''പഞ്ച്ഷീറിനെ സംരക്ഷിക്കാനുള്ള എന്റെ ആഹ്വാനം കേട്ട് എത്തിയ നിരവധി അഫ്ഗാന്‍കാരുടെ ആയുധങ്ങള്‍ ഒപ്പമുണ്ട്. സ്വന്തം കമാണ്ടര്‍മാര്‍ താലിബാന് എളുപ്പം കീഴടങ്ങിയതില്‍ രോഷാകുലരായ അഫ്താന്‍ സൈന്യത്തിലെ നിരവധി പേരും ആയുധങ്ങളുമായി ഇവിടെ എത്തിയിട്ടുണ്ട്. അഫ്ഗാന്‍ പ്രത്യേക സേനയിലെ മുന്‍ അംഗങ്ങളും ഞങ്ങള്‍ക്കാപ്പമുണ്ട്.''
''ആക്രമിച്ചാല്‍, താലിബാനെ ഞങ്ങള്‍ വെറുതെവിടില്ല. 20 വര്‍ഷം മുമ്പ് സംഭവിച്ചതുപോലെ, അവര്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഇടങ്ങളില്‍ ഞങ്ങളുടെ പതാക പാറും. എങ്കിലും, ഞങ്ങളുടെ സൈനികബലവും പടക്കോപ്പുകളും ദീര്‍ഘപോരാട്ടത്തിന് തികയില്ലെന്ന് ഞങ്ങള്‍ക്കറിയാം. സമയംകളയാതെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഞങ്ങളെ സഹായിച്ചില്ലെങ്കില്‍, ഞങ്ങളുടെ ആയുധബലം കുറയും. ''-മസൂദ് എഴുതുന്നു.