2025-ലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടിക ഒഎജി പുറത്തുവിട്ടു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഒന്നാം സ്ഥാനം നിലനിർത്തി. ദില്ലി ഏഴാം സ്ഥാനത്ത് എത്തി.
ദില്ലി: 2025-ൽ ആഗോള വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടതെന്ന് കണക്കുകൾ. ഏറ്റവും തിരക്ക് അനുഭവപ്പെട്ട 10 അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടിക പുറത്തുവന്നു. 10 വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഒരു വിമാനത്താവളം ഇടംപിടിച്ചിട്ടുണ്ടെന്നതാണ് സവിശേഷത. ഒഎജി പുറത്തിറക്കിയ ഡാറ്റയിലാണ് ഇക്കാര്യങ്ങളുള്ളത്.
ഡിസംബറിൽ പ്രധാന വിമാനത്താവളങ്ങളിലെല്ലാം വലിയ തിരക്കാണ് റിപ്പോർട്ട് ചെയ്യുന്നത്. അവധിക്കാല യാത്ര, ശക്തമായ എയർലൈൻ ശൃംഖലകൾ, ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിലെ യാത്രകളിലുണ്ടാകുന്ന വർധനവ് എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങൾ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ആഗോള വ്യോമയാന മേഖലയിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പങ്ക് പ്രതിഫലിപ്പിക്കുന്നതാണ് ഒഎജി ഡാറ്റ. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ദില്ലിയാണ് ഇന്ത്യയിൽ നിന്ന് ഇടംപിടിച്ചിരിക്കുന്നത്.
2025 ഡിസംബറിൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന സ്ഥാനം ദുബായ് അന്താരാഷ്ട്ര വിമാനത്താവളം നിലനിർത്തി. 5.50 ദശലക്ഷം ഷെഡ്യൂൾ ചെയ്ത സീറ്റുകൾ ദുബായ് വിമാനത്താവളത്തിൽ രേഖപ്പെടുത്തി. 2024 ഡിസംബറുമായി താരതമ്യപ്പെടുത്തുമ്പോൾ 4 ശതമാനം വർധനവാണിത്. ആഗോള ദീർഘദൂര കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ സ്ഥാനം ഏറെ പ്രധാനമാണ്. ഭൂഖണ്ഡങ്ങളിലുടനീളമുള്ള ശക്തമായ കണക്റ്റിവിറ്റി, ശൈത്യകാല യാത്രാ സീസണിലെ സുസ്ഥിര ടൂറിസം എന്നിവയാണ് ദുബായിയെ പിന്തുണയ്ക്കുന്നത്. ഇന്ത്യയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ആഗോളതലത്തിൽ ഏഴാം സ്ഥാനത്തെത്തി. ദില്ലി വിമാനത്താവളം 4.31 ദശലക്ഷം സീറ്റുകൾ രേഖപ്പെടുത്തി. ഇത് വർഷം തോറും 9 ശതമാനം വർദ്ധനവാണ് വ്യക്തമാക്കുന്നത്.
ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങൾ (സീറ്റുകൾ അനുസരിച്ച്)
- ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB) - 54,98,334 സീറ്റുകൾ
- അറ്റ്ലാന്റ ഹാർട്ട്സ്ഫീൽഡ്-ജാക്സൺ അന്താരാഷ്ട്ര വിമാനത്താവളം (ATL) - 52,11,533
- ടോക്കിയോ അന്താരാഷ്ട്ര വിമാനത്താവളം, ഹനേഡ (HND) - 46,75,127
- ഗ്വാങ്‌ഷൌ ബായുൻ അന്താരാഷ്ട്ര വിമാനത്താവളം (CAN) - 44,30,746
- ലണ്ടൻ ഹീത്രു വിമാനത്താവളം (LHR) - 4,345,154
- ഷാങ്ഹായ് പുഡോംഗ് അന്താരാഷ്ട്ര വിമാനത്താവളം (PVG) - 43,17,590
- ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (DEL) - 43,06,307
- ഡാളസ്/ഫോർട്ട് വർത്ത് അന്താരാഷ്ട്ര വിമാനത്താവളം (DFW) - 42,90,733
- ഇസ്താംബുൾ എയർപോർട്ട് (IST) - 42,24,881
- ചിക്കാഗോ ഒ'ഹെയർ അന്താരാഷ്ട്ര വിമാനത്താവളം (ORD) - 41,19,711


