അടുത്ത ഗോവയായി മാറാൻ സാധ്യതയുള്ള ഇന്ത്യയിലെ 6 ഡെസ്റ്റിനേഷനുകൾ
ബീച്ചുകൾ എന്ന് കേൾക്കുമ്പോൾ തന്നെ ഏവരുടെയും മനസിലേയ്ക്ക് ആദ്യം ഓടിയെത്തുക ഗോവയായിരിക്കും. എന്നാൽ, ഗോവയെപ്പോലെ തന്നെ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറാൻ സാധ്യതയുള്ള സ്ഥലങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

ഗോകര്‍ണ
ഒരു കാലത്ത് ശാന്തമായ ക്ഷേത്രനഗരമായിരുന്ന ഗോകർണ ഇന്ന് സഞ്ചാരികളുടെ പറുദീസയായി മാറുകയാണ്. ഓം, കുഡ്‌ലെ, പാരഡൈസ് തുടങ്ങിയ ബീച്ചുകളിലേയ്ക്ക് നിരവധി സഞ്ചാരികളാണ് എത്തുന്നത്. ഗോവയുടെ തിരക്കുകളിൽ നിന്ന് വ്യത്യസ്തമായി, ഗോകർണത്തിന് ഇപ്പോഴും ഒരു ഗ്രാമീണ ഭംഗിയുണ്ട്. താങ്ങാനാവുന്ന നിരക്കിൽ താമസസൗകര്യങ്ങൾ, യോഗ കേന്ദ്രങ്ങൾ, ബീച്ച് കഫേകൾ എന്നിവ ഗോകർണയുടെ സവിശേഷതകളാണ്.
വര്‍ക്കല
അറബിക്കടലിന് നേരെ തലയുയർത്തി നിൽക്കുന്ന പാറക്കെട്ടുകൾക്ക് പേരുകേട്ടയിടമാണ് കേരളത്തിന്റെ സ്വന്തം വർക്കല. വെൽനസ് ടൂറിസം, ബീച്ച് ഷാക്കുകൾ, ഊർജ്ജസ്വലമായ നൈറ്റ് ലൈഫ് എന്നിവ വർക്കലയെ സ്പെഷ്യലാക്കുന്നു. ആയുർവേദ കേന്ദ്രങ്ങൾ, സർഫിംഗ് സ്പോട്ടുകൾ, ബജറ്റ് ഗസ്റ്റ് ഹൗസുകൾ എന്നിവ ഇവിടെയുണ്ട്. ഇത് അന്താരാഷ്ട്ര സഞ്ചാരികളെ കൂടുതലായി വർക്കലയിലേയ്ക്ക് ആകർഷിക്കാൻ സഹായിക്കുന്നു. ഇവിടെ ഗോവയേക്കാൾ തിരക്കും കുറവാണ്.
ദാമൻ & ദിയു
പോർച്ചുഗീസ് പൈതൃകമുള്ള ബീച്ചുകളാണ് ദിയുവിന്റെ സവിശേഷത. ഗോവൻ ശൈലിയിലുള്ള അന്തരീക്ഷമാണ് ഇവിടെ സഞ്ചാരികൾക്ക് ലഭിക്കുക. കുറഞ്ഞ വിലയ്ക്ക് മദ്യം ലഭ്യമാകുന്നതും, കൊളോണിയൽ വാസ്തുവിദ്യയും, ശാന്തമായ ബീച്ചുകളും ഉള്ളതിനാൽ ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും നിരവധി ടൂറിസ്റ്റുകൾ ഇവിടേയ്ക്ക് കൂടുതലായി എത്തുന്നുണ്ട്.
തര്‍ക്കര്‍ലി
ബീച്ച് ഡെസ്റ്റിനേഷനുകൾക്കിടയിൽ പ്രശസ്തിയാർജിച്ച് കൊണ്ടിരിക്കുന്ന ഒരു ബീച്ചാണ് മഹാരാഷ്ട്രയിലെ തർക്കർലി. സ്ഫടികം പോലെ തെളിഞ്ഞ ബീച്ചാണിത്. വൈറ്റ് സാൻഡ് ബീച്ചുകളും ജല കായിക വിനോദങ്ങളുമാണ് തർക്കർലിയുടെ സവിശേഷത. താരതമ്യേന സഞ്ചാരികൾ വളരെ കുറച്ച് മാത്രം എത്താറുള്ള തർക്കർലി സാഹസികത ഇഷ്ടപ്പെടുന്നവരെയും ശാന്തമായ ബീച്ച് അന്തരീക്ഷം ആഗ്രഹിക്കുന്നവരെയും കാത്തിരിക്കുകയാണ്.
കോവളം
അന്താരാഷ്ട്ര പ്രസിദ്ധിയാര്‍ജ്ജിച്ച കടല്‍ത്തീരമാണ് കേരളത്തിന്റെ സ്വന്തം കോവളം. പ്രധാന തീരം കൂടാതെ ചന്ദ്രക്കല ആകൃതിയില്‍ മറ്റ് മൂന്ന് തീരങ്ങള്‍ കൂടിയുണ്ട്. സ്വിമ്മിംഗ്, വെയിൽ കായൽ, ആയുര്‍വേദ സൗന്ദര്യ സംരക്ഷണം, തുടങ്ങി ഒട്ടേറെ സാധ്യതകൾ കോവളത്തുണ്ട്. പഞ്ച നക്ഷത്ര ഹോട്ടലുകള്‍ മുതല്‍ കുറഞ്ഞ നിരക്കിലുള്ള ഹോട്ടലുകള്‍ വരെ ഇവിടെ ലഭ്യമാണ്. ഇവിടേയ്ക്ക് മികച്ച രീതിയിലുള്ള യാത്രാസൗകര്യങ്ങളും ഉണ്ടെന്നതാണ് സവിശേഷത.
മഹാബലിപുരം
സംസ്കാരവും സാഹസികതയും പ്രകൃതിഭംഗിയും ഒരുപോലെ ഒത്തുചേരുന്നയിടമാണ് തമിഴ്നാട്ടിലെ മഹാബലിപുരം. സമ്പന്നമായ ചരിത്രം, പുരാതന ക്ഷേത്രങ്ങൾ, കലകൾ, വിശ്രമകരമായ അന്തരീക്ഷം എന്നിവയാൽ തീരദേശ വിനോദവുമായി ഇഴചേർന്ന സംസ്കാരം മഹാബലിപുരം വാഗ്ദാനം ചെയ്യുന്നു. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലിടം നേടിയ സ്ഥലം കൂടിയാണ് മഹാബലിപുരം.