കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് കടലുണ്ടി പക്ഷിസങ്കേതം. തോണി യാത്രയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഈ യാത്രയിൽ കടലുണ്ടി ട്രെയിൻ അപകടം നടന്ന സ്ഥലവും കാണാം.

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏറെയുണ്ട്. ന​ഗരത്തിരക്കുകളിൽ നിന്ന് മാറി, കുടുംബത്തോടൊപ്പമോ കൂട്ടുകാർക്കൊപ്പമോ അൽപ്പ സമയം ചെലവഴിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഒരിടത്തേയ്ക്കാണ് ഈ യാത്ര.

കടലുണ്ടി നദി അറബിക്കടലിൽ സംഗമിക്കുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കടലുണ്ടി പക്ഷിസങ്കേതം ഒന്ന് കാണേണ്ട കാഴ്ച തന്നെയാണ്. 60-ലധികം ഇനം ദേശാടന പക്ഷികളുടെയും എണ്ണമറ്റ തദ്ദേശീയ ജീവികളുടെയും ഒരു സങ്കേതമാണിത്. കോഴിക്കോട് ന​ഗരത്തിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. കടലുണ്ടി റെയിൽവേ സ്റ്റേഷന് സമീപമാണ് ഈ പക്ഷിസങ്കേതമുള്ളത്.

ജൈവവൈവിധ്യത്തിന്റെ ഒരു നിധിശേഖരമാണ് ഈ പക്ഷി സങ്കേതം. ഇടതൂർന്ന കണ്ടൽക്കാടുകൾ, മനോഹരമായ തീരപ്രദേശം, സമൃദ്ധമായ പച്ചപ്പ് എന്നിവയാൽ നിറഞ്ഞ ഇവിടം പക്ഷി നിരീക്ഷകരുടെ പറുദീസയാണ്. 3 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന കടലുണ്ടി പക്ഷി സങ്കേതത്തിന് ചേര രാജവംശത്തിന്റെ മുൻ ആസ്ഥാനമെന്ന നിലയിൽ സമ്പന്നമായ ഒരു ചരിത്രമുണ്ട്. 

സംഘകാലത്തും പിന്നീട് പരപ്പനാട് രാജ്യത്തിന്റെ കീഴിലും ഒരു പ്രധാന തുറമുഖമായിരുന്ന കടലുണ്ടി പിന്നീട് വന്യജീവികളുടെ ഒരു ആവാസ കേന്ദ്രമായി പരിണമിക്കുകയായിരുന്നു. സൈബീരിയ, മധ്യേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ കഠിനമായ കാലാവസ്ഥയിൽ നിന്ന് പുറത്തുകടക്കുന്ന ദേശാടന പക്ഷികൾക്കുള്ള ശൈത്യകാല വിശ്രമ കേന്ദ്രമെന്ന നിലയിലാണ് കടലുണ്ടി പ്രശസ്തമായി മാറിയത്.

പക്ഷികൾക്ക് പുറമേ, നീർക്കുതിരകൾ, കുറുക്കൻ, ആമകൾ, ഞണ്ടുകൾ, മത്സ്യങ്ങൾ, മൂർഖൻ പാമ്പുകൾ എന്നിവയുടെയും ആവാസ കേന്ദ്രമാണ് ഈ തണ്ണീർത്തടങ്ങൾ. ചുറ്റുമുള്ള കുന്നുകൾ, അഴിമുഖം, കണ്ടൽക്കാടുകൾ, കടൽ എന്നിവയുടെ വിശാലമായ കാഴ്ചകൾ ഇവിടെ ആസ്വദിക്കാം. ഇവിടുത്തെ തോണി യാത്ര തന്നെയാണ് പ്രധാന ആകർഷണം. കണ്ടൽക്കാടുകൾക്കിടയിലൂടെ പച്ച തുരുത്തുകൾ കടന്നുള്ള യാത്ര ഏറെ രസകരമാണ്. 

വേലിയേറ്റ സമയത്താണ് തോണി യാത്ര കൂടുതൽ ആസ്വാദ്യകരമാകുക. അല്ലാത്ത സമയങ്ങളിൽ വെള്ളം കുറവായിരിക്കുമെന്നതിനാൽ തോണി യാത്ര അതിന്റെ പൂർണമായ തോതിൽ ആസ്വദിക്കാൻ കഴിയില്ല. കേരളത്തെ ഞെട്ടിച്ച കടലുണ്ടി ട്രെയിൻ അപകടം നടന്ന മേഖലയിൽ കൂടിയാണ് തോണി കടന്നുപോകുക. ഈ യാത്രയ്ക്കിടെ ട്രെയിനുകൾ പാലത്തിലൂടെ കടന്നുപോകുന്ന മനോഹരമായ കാഴ്ചകളും ലഭിക്കും.