- Home
- Yatra
- Destinations (Yatra)
- ഓരോ ചുവടിലും മനുഷ്യനെ അടിമുടി പരീക്ഷിക്കുന്ന പ്രകൃതി; ഇത് വെറുമൊരു മലയല്ല! അഗസ്ത്യാർകൂടം ചിത്രങ്ങൾ
ഓരോ ചുവടിലും മനുഷ്യനെ അടിമുടി പരീക്ഷിക്കുന്ന പ്രകൃതി; ഇത് വെറുമൊരു മലയല്ല! അഗസ്ത്യാർകൂടം ചിത്രങ്ങൾ
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് അഗസ്ത്യാർകൂടം. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും അപകടകരമായ ട്രക്കിംഗ് സ്പോട്ടാണിത്.

അഗസ്ത്യമുനി തപസിരുന്നതായി വിശ്വസിക്കപ്പെടുന്ന അഗസ്ത്യാർകൂടം ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു വിസ്മയ ഭൂമിയാണ്. വിശ്വാസവും ഭക്തിയും പ്രകൃതിയും സമന്വയിക്കുന്ന വിജനതയുടെയും സഹാസികതയുടെയും വന്യസൗന്ദര്യം ഇവിടെ കാണാം.
പശ്ചിമഘട്ടത്തിലെ സഹ്യാദ്രി പർവതനിരകൾക്കിടയിലാണ് അഗസ്ത്യാർകൂടം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1890 മീറ്റർ (6879 അടി) ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന അഗസ്ത്യാർകൂടം കീഴടക്കുകയെന്നത് അൽപ്പം ശ്രമകരമായ കാര്യമാണ്.
ഒരു മനുഷ്യനെ പരീക്ഷിക്കാൻ ആവശ്യമായതെല്ലാം പ്രകൃതി ഇവിടെ ഒളിച്ചുവെച്ചിട്ടുണ്ട്. കല്ലുകളും പാറകളും വേരുകളും കയറ്റവും ഇറക്കവും കാട്ടരുവികളും കോടമഞ്ഞും കടുത്ത ചൂടും ദാഹവും വരൾച്ചയുമെല്ലാം മറികടന്ന് വേണം അഗസ്ത്യാർകൂടത്തിന്റെ നെറുകയിലെത്താൻ.
അപൂർവയിനം ഔഷധസസ്യങ്ങളുടെ കലവറയാണ് ഇവിടം. അഗസ്ത്യാർകൂടത്തിലെ വായുവിന് തന്നെ രോഗശാന്തി ഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
ആന, കാട്ടുപോത്ത്, പുള്ളിപ്പുലി, കടുവ, കരടി, മാൻ, മലബാർ അണ്ണാൻ തുടങ്ങിയ വന്യജീവികളുടെ ആവാസ കേന്ദ്രം കൂടിയായതിനാൽ ഈ ട്രെക്കിംഗ് ഏറെ വെല്ലുവിളികളും കടമ്പകളുമെല്ലാം നിറഞ്ഞതാണ്.
ബോണക്കാട് പിക്കറ്റ് സ്റ്റേഷനിൽ നിന്ന് ഏകദേശം 18 കിലോമീറ്റർ ദൂരമുണ്ട് ബേസ് ക്യാമ്പിലേയ്ക്ക്. ലാത്തിമൊട്ടയും വാഴപൈന്തിയാറും കരമനയാറും അട്ടയാറും കടന്ന് വേണം അതിരുമലയിലെത്താൻ.
രണ്ടാം ദിനം അതിരുമലയിൽ നിന്ന് 6 കിലോ മീറ്റർ സഞ്ചരിച്ച് വേണം അഗസ്ത്യാർകൂടത്തിലെത്താൻ. ഇതിൽ അവസാന 2 കിലോ മീറ്ററാണ് ഏറ്റവും സാഹസികത നിറഞ്ഞ കയറ്റം. വടം പിടിച്ച് 90 ഡിഗ്രി ചെരിവുള്ള പാറക്കെട്ട് കയറുമ്പോൾ വിദൂരതയിൽ അതിരുമല ബേസ് ക്യാമ്പ് കാണാം.
ഏറ്റവും മുകളിൽ അഗസ്ത്യമുനി തപസിരുന്നതായി വിശ്വസിക്കുന്ന സ്ഥലത്ത് ഒരു വിഗ്രഹം കാണാം. ഇവിടെ പ്രാർത്ഥിക്കാനായി നിരവധി വിശ്വാസികളാണ് എത്താറുള്ളത്.
ഈ വർഷത്തെ അഗസ്ത്യാർകൂടം സീസണൽ ട്രെക്കിംഗ് ജനുവരി 14 മുതൽ ഫെബ്രുവരി 11 വരെയാണ് നടക്കുക.

