ഈ വർഷത്തെ അഗസ്ത്യാർകൂടം സീസണൽ ട്രെക്കിംഗ് ജനുവരി 14 മുതൽ ഫെബ്രുവരി 11 വരെ നടക്കും. ഓൺലൈൻ ബുക്കിംഗ് രണ്ട് ഘട്ടങ്ങളിലായി ജനുവരി ആദ്യവാരവും മൂന്നാം വാരവും ആരംഭിക്കും.
തിരുവനന്തപുരം: അഗസ്ത്യാർകൂടം സീസണൽ ട്രെക്കിംഗിന് സന്ദർശകരെ അനുവദിക്കുന്നതിന് അനുമതി നൽകിയുള്ള ഉത്തരവിറങ്ങി. ജനുവരി 14 മുതൽ ഫെബ്രുവരി 11 വരെയാണ് ഈ വർഷത്തെ സീസണൽ ട്രെക്കിംഗ് നടക്കുക. ട്രെക്കിങ്ങ് ഫീസ് 2420 രൂപയും ഇക്കോസിസ്റ്റം മാനേജ്‌മെന്റ് സ്പെഷ്യൽ ഫീസ് 580 രൂപയും ഉൾപ്പടെ ഒരാൾക്ക് 3000 രൂപയാണ് ഫീസ്.
രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർ (മോഡേൺ മെഡിസിൻ) ഏഴു ദിവസത്തിനുള്ളിൽ നൽകുന്ന മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ ട്രെക്കിങ്ങ് അനുവദിക്കുകയുള്ളൂ. പ്രസ്തുത ട്രെക്കിംഗിന്റെ ഓൺലൈൻ ബുക്കിങ്ങ് രണ്ടു ഘട്ടങ്ങളിലായി നടക്കും. ജനുവരി 14 മുതൽ 31 വരെയുള്ള ട്രെക്കിങ്ങിന് ജനുവരി ആദ്യവാരം ബുക്കിംഗ് ആരംഭിക്കും. ഫെബ്രുവരി 1 മുതൽ 11 വരെ ട്രെക്കിംഗിന് ജനുവരി മൂന്നാം വാരത്തെ അവസാന ദിവസങ്ങളിലായിരിക്കും ബുക്കിംഗ്.


