ട്രെൻഡിംഗ് കൊല്ലം! ഈ സീസണിൽ ഉറപ്പായും സന്ദർശിക്കേണ്ട 5 സ്ഥലങ്ങൾ
പ്രകൃതി ഭംഗിയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തോടും കിടപിടിക്കാൻ കേരളത്തിന്‌കഴിയുമെന്ന കാര്യത്തിൽ സംശയമില്ല. ഓരോ ജില്ലകളും വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളുമാണ് സഞ്ചരികൾക്കായി കാത്തുവെച്ചിരിക്കുന്നത്.

കൊല്ലം... കാഴ്ചകളുടെ കലവറ
തെക്കൻ കേരളത്തിൽ കാഴ്ചകളുടെ കലവറ തന്നെ കാത്തുവെച്ചിരിക്കുന്ന ജില്ലയാണ് കൊല്ലം. പടിഞ്ഞാറ് അറബിക്കടലും കിഴക്ക് തമിഴ്നാടും അതിരുപങ്കിടുന്ന കൊല്ലത്തിന്റെ വടക്ക് ആലപ്പുഴ, പത്തനംതിട്ട ജില്ലകളും തെക്ക് തിരുവനന്തപുരവുമാണ്. ക്രിസ്മസ് - ന്യൂ ഇയർ അവധിക്ക് കൊല്ലത്തേക്ക് ഒരു യാത്ര പ്ലാൻ ചെയ്താലോ? സന്ദർശിക്കേണ്ട 6 കിടിലൻ സ്ഥലങ്ങൾ ഇതാ...
പാലരുവി: ഔഷധഗുണമുള്ള വെളളച്ചാട്ടം!
പ്രകൃതി ഒളിച്ചുവെച്ച സുന്ദരമായ വെള്ളച്ചാട്ടമാണ് തെന്മലക്ക് സമീപമുള്ള പലരുവി. ഏകദേശം 300 അടി ഉയരത്തിൽ നിന്നാണ് വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. പാറക്കെട്ടുകളിലൂടെ ചിന്നിച്ചിതറി, ഉൾവനങ്ങളിലെ ഔഷധസസ്യങ്ങളെ തഴുകി ഒഴുകിയെത്തുന്നതിനാൽ, ഈ വെള്ളത്തിൽ കുളിക്കുന്നത് രോഗങ്ങൾ മാറ്റുമെന്നാണ് സമീപവാസികളുടെ വിശ്വാസം. ഇന്ന് നിരവധി സഞ്ചാരികൾ എത്തുന്ന മനോഹരമായ ഒരു പിക്നിക് കേന്ദ്രമായി പാലരുവി മാറിയിട്ടുണ്ട്.
ദൂരം: കൊല്ലത്ത് നിന്ന് 78 കി.മീ., തിരുവനന്തപുരത്ത് നിന്ന് 85 കി.മീ.
ജടായുപ്പാറ: ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപ്പം!
കൊല്ലം ജില്ലയിലെ ചടയമംഗലത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് ജടായുപ്പാറ. ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപ്പം സ്ഥാപിച്ചിരിക്കുന്നത് ഇവിടെയാണ്. ഇതിന് പുറമെ, പെയ്ന്റ് ബോൾ, റോക്ക് ക്ലൈമ്പിംഗ്, സിപ്പ് ലൈൻ, ട്രെക്കിംഗ്, അമ്പെയ്ത്ത് തുടങ്ങിയ സാഹസിക വിനോദങ്ങളുള്ള ഒരു അഡ്വഞ്ചർ പാർക്കും ഇവിടുത്തെ പ്രധാന ആകർഷണമാണ്.
ദൂരം: കൊല്ലത്ത് നിന്ന് 37 കി.മീ., തിരുവനന്തപുരത്ത് നിന്ന് 45 കി.മീ.
തെന്മല: ഇന്ത്യയിലെ ആദ്യത്തെ ഇക്കോടൂറിസം കേന്ദ്രം!
ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത ഇക്കോടൂറിസം കേന്ദ്രമാണ് കൊല്ലം ജില്ലയിലെ തെന്മല. പശ്ചിമഘട്ടത്തിന്റെ താഴ്വരകളിൽ സ്ഥിതി ചെയ്യുന്ന, യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം നേടിയ ഈ പ്രദേശം പ്രകൃതിസൗന്ദര്യത്തിനും സാഹസിക വിനോദങ്ങൾക്കും ഒരുപോലെ പേരുകേട്ടതാണ്. തെന്മല ഡാം സന്ദർശനം, ട്രെക്കിംഗ്, ബോട്ടിംഗ്, റോക്ക് ക്ലൈമ്പിംഗ് തുടങ്ങിയ നിരവധി ആക്റ്റിവിറ്റികൾ ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു.
ദൂരം: കൊല്ലത്ത് നിന്ന് 63 കി.മീ., തിരുവനന്തപുരത്ത് നിന്ന് 72 കി.മീ.
സാമ്പ്രാണിക്കൊടി: കായലിലൂടെ നടക്കാം!
കൊല്ലം ജില്ലയിലെ മനോഹരമായ ഒരു ദ്വീപാണ് സാമ്പ്രാണിക്കൊടി. കായലിന്റെ സൗന്ദര്യം പൂർണ്ണമായി ആസ്വദിക്കാൻ പറ്റിയ ഒരിടമാണിത്. അഷ്ടമുടി കായലിൽ കല്ലടയാർ ചേരുന്ന ഈ പ്രദേശത്ത് സഞ്ചാരികൾക്ക് വെള്ളത്തിലൂടെ ഏറെ ദൂരം നടക്കാം. സാമ്പ്രാണിക്കൊടിയിലേക്കുള്ള തോണി യാത്രകൾ സഞ്ചരികൾക്ക് മനോഹരമായ അനുഭവം സമ്മാനിക്കും.
ദൂരം: കൊല്ലത്ത് നിന്ന് 14 കി.മീ., തിരുവനന്തപുരത്ത് നിന്ന് 75 കി.മീ.
മൺറോ തുരുത്ത്: കായൽ സൗന്ദര്യത്തിന്റെ പറുദീസ!
പ്രകൃതിരമണീയമായ കായൽ കാഴ്ചകളും ഗ്രാമീണ ജീവിതവും ഒരുമിച്ച് സമ്മാനിക്കുന്ന സ്ഥലമാണ് കൊല്ലം ജില്ലയിലെ മൺറോ തുരുത്ത്. കനാലുകൾ നിർമ്മിച്ച് വിവിധ പ്രദേശങ്ങളെ ജലമാർഗ്ഗം യോജിപ്പിച്ച കേണൽ മൺറോയുടെ പേരിലാണ് ഈ പ്രദേശം അറിയപ്പെടുന്നത്. ഇവിടുത്തെ തോടുകളിലൂടെയുള്ള ജലയാത്രകൾ, കായൽത്തീരത്തെ ഗ്രാമീണ ജീവിതം അടുത്തറിയാൻ സഹായിക്കും. കൊല്ലത്ത് തീർച്ചയായും സന്ദർശിക്കേണ്ട ഒരു സ്പോട്ടാണിത്.
ദൂരം: കൊല്ലത്ത് നിന്ന് 24 കി.മീ., തിരുവനന്തപുരത്ത് നിന്ന് 79 കി.മീ.

