- Home
- Yatra
- Destinations (Yatra)
- ശാന്തം, സുന്ദരം, സുരക്ഷിതം; സഞ്ചാരികളുടെ തിരക്കില്ലാത്ത ഒരു കിടിലൻ വെള്ളച്ചാട്ടം, അമ്പൂരിയ്ക്ക് സമീപത്തെ മാടശ്ശേരി
ശാന്തം, സുന്ദരം, സുരക്ഷിതം; സഞ്ചാരികളുടെ തിരക്കില്ലാത്ത ഒരു കിടിലൻ വെള്ളച്ചാട്ടം, അമ്പൂരിയ്ക്ക് സമീപത്തെ മാടശ്ശേരി
അധികമാർക്കും അറിയാത്തതും എന്നാൽ മനോഹരമായ ദൃശ്യാനുഭവം സമ്മാനിക്കുന്നതുമായ നിരവധി സ്ഥലങ്ങളുണ്ട്. അത്തരത്തിലൊരു സ്ഥലമാണ് തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടക്കും അമ്പൂരിക്കും അടുത്തുള്ള മാടശ്ശേരി വെള്ളച്ചാട്ടം.

സഞ്ചാരികളുടെ തിരക്കില്ല
റോഡരികിലൂടെ ഒഴുകുന്ന ഈ വെള്ളച്ചാട്ടത്തെ കുറിച്ച് അധികമാര്‍ക്കും അറിയില്ലെന്നതിനാൽ തന്നെ സഞ്ചാരികളുടെ തിരക്ക് ഇവിടെ അനുഭവപ്പെടാറില്ല. മലയോര ഗ്രാമഭംഗി ആസ്വദിച്ച് തിരക്കുകളില്ലാതെ അൽപ്പ നേരം ചെലവഴിക്കാൻ മാടശ്ശേരിയിലേയ്ക്ക് പോകാം.
മാടശ്ശേരി ബസ് കാത്തിരിപ്പ് കേന്ദ്രം
കാട്ടാക്കാട - വെള്ളറട റൂട്ടിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വാഴിച്ചൽ ജംഗ്ഷൻ എത്തുന്നതിന് മുമ്പ് മാടശ്ശേരി എന്ന ബസ് കാത്തിരിപ്പ് കേന്ദ്രമുണ്ട്. അതിന് തൊട്ടടുത്തുള്ള പാലത്തിന് സൈഡിലൂടെ അൽപ്പദൂരം മുന്നിലേയ്ക്ക് പോയാൽ വെള്ളച്ചാട്ടത്തിലെത്തി.
ഒരു കുളി പാസാക്കാം
ചെന്നെത്തുന്ന സ്ഥലത്തും അവിടെ നിന്ന് അൽപ്പം മുകളിലേയ്ക്ക് കയറിയാലും കുളിക്കാൻ അനുയോജ്യമായ സ്ഥലങ്ങളുണ്ട്. ആഴമില്ലാത്തതിനാൽ തന്നെ സുരക്ഷിതമായി കുളിക്കാനും വിശ്രമിക്കാനുമെല്ലാം ഇവിടം അനുയോജ്യമാണ്.
മഴക്കാലത്തെ സുന്ദരി
മഴക്കാലത്ത് വെള്ളച്ചാട്ടം നിറഞ്ഞുകവിഞ്ഞൊഴുകുന്ന കാഴ്ച അതിമനോഹരമാണ്. കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ അൽപ്പനേരം ചെലവഴിക്കാൻ മാടശ്ശേരിയിലേയ്ക്ക് ധൈര്യമായി പോകാം.
പ്രവേശന ഫീസ് വേണ്ട
ഇവിടെ പ്രവേശന ഫീസ് നൽകേണ്ടതില്ല. ഭക്ഷണം കയ്യിൽ കരുതിയാൽ ഇവിടെ ഇരുന്ന് കഴിക്കാൻ സാധിക്കും. മാടശ്ശേരിയിലേയ്ക്ക് പോകുന്നവര്‍ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

