26,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പാർക്ക് അടുത്ത വർഷം ആദ്യം തന്നെ പൊതുജനങ്ങൾക്കായി തുറക്കുമെന്നാണ് വിവരം.
പോക്കിമോൻ-തീം പാർക്കായ പോക്ക് പാർക്ക് കാന്റോയെ സ്വാഗതം ചെയ്യാൻ ഒരുങ്ങി ടോക്കിയോ. 26,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പാർക്കിനെ നിരവധി മേഖലകളായി വിഭജിച്ചിട്ടുണ്ട്. ഇവ ഓരോന്നിലും പോക്കിമോനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സ്ഥലങ്ങളുണ്ടാകും. പോക്കിമോൻ സെന്റർ, ട്രെയിനേഴ്‌സ് മാർക്കറ്റ്, ജിം, പോക്കിമോൻ മാർട്ട്, സെഡ്ജ് ടൗൺ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 600-ലധികം പോക്കിമോനുകളുള്ള പോക്കിമോൻ ഫോറസ്റ്റ് ഈ പാർക്കിന്റെ പ്രധാന ആകർഷണമാണ്. 1,600 അടിയിലധികം നീളത്തിൽ വ്യാപിച്ചുകിടക്കുന്ന പോക്കിമോൻ ഫോറസ്റ്റ് ടിവിയിൽ കാർട്ടൂൺ കണ്ടിരുന്ന ബാല്യകാലത്തേക്ക് നിങ്ങളെ തിരികെ കൊണ്ടുപോകുമെന്ന കാര്യം ഉറപ്പാണ്.
പച്ചപ്പു നിറഞ്ഞ കുന്നുകൾ, വിശാലമായ മേച്ചിൽപ്പുറങ്ങൾ, തുരങ്കങ്ങൾ, പാറക്കെട്ടുകൾ നിറഞ്ഞ പാതകൾ എന്നിവയിലൂടെയുള്ള വളഞ്ഞുപുളഞ്ഞ യാത്ര നിങ്ങളെ കാടിനുള്ളിൽ എത്തിക്കും. സന്ദർശകർക്ക് അവരുടെ പ്രിയപ്പെട്ട പോക്കിമോൻ കഥാപാത്രങ്ങളെ ഈ പ്രദേശത്ത് വെച്ച് കണ്ടുമുട്ടാം. ചിത്രങ്ങൾ പകര്‍ത്താൻ അനുയോജ്യമായ നിരവധി സ്ഥലങ്ങൾ പോക്കിമോൻ ഫോറസ്റ്റിനുള്ളിൽ ഉണ്ടാകും.
ഷോപ്പിംഗ് പ്രേമികളുടെ പറുദീസയാണ് സെഡ്ജ് ടൗൺ. ഇവിടെ പോക്കിമോൻ സെന്ററും പോക്ക് മാർക്കറ്റും ഉണ്ട്. അതോടൊപ്പം ജിമ്മും ട്രെയിനേഴ്‌സ് മാർക്കറ്റും കാണാം. ഇവിടെ സന്ദർശകർക്ക് പ്രത്യേക ഉൽപ്പന്നങ്ങളും പോക്കിമോനെ അടിസ്ഥാനമാക്കിയുള്ള വസ്തുക്കളും സുവനീറുകളായി വാങ്ങാൻ സാധിക്കും. മറ്റൊരു ആവേശകരമായ പരിപാടിയാണ് പോക്കിമോൻ പരേഡ്. അടുത്ത വര്‍ഷം പോക്ക് പാര്‍ക്ക് പൊതുജനങ്ങൾക്കായി തുറക്കും. ഈ വർഷം മുൻകൂർ ടിക്കറ്റുകൾ വിൽപ്പനയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


