- Home
- Yatra
- Destinations (Yatra)
- നരകത്തിലേയ്ക്കുള്ള പാലമെന്ന് കഥ; കേരളത്തിൽ മറഞ്ഞിരിക്കുന്ന നരകപ്പാലവും നീലക്കൊടുവേലിയും
നരകത്തിലേയ്ക്കുള്ള പാലമെന്ന് കഥ; കേരളത്തിൽ മറഞ്ഞിരിക്കുന്ന നരകപ്പാലവും നീലക്കൊടുവേലിയും
നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഒരുപാട് നിഗൂഢതകൾ നിറഞ്ഞ സ്ഥലങ്ങളുണ്ട്. അത്തരത്തിൽ ഇവിടെ ഒരു നരകപാലം ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? 1/2 അടി വീതിയുള്ള പാലമാണ് ഇത്. ഇതിന് 20 അടിയിലേറെ താഴ്ചയുള്ള ഒരു വിടവുണ്ടെന്നും പറയപ്പെടുന്നുണ്ട്.

ഇല്ലിക്കൽ കല്ല്
ആശ്ചര്യപ്പെടേണ്ട, കോട്ടയം ജില്ലയിലാണ് നരകത്തിലേക്കുള്ള പാലം സ്ഥിതി ചെയ്യുന്നത്. ഈ നരകപ്പാലത്തെ കുറിച്ച് കൂടുതൽ അറിയണമെങ്കിൽ കോട്ടയം ജില്ലയിലെ ഇല്ലിക്കൽ കല്ലിനെ കുറിച്ചും മനസിലാക്കണം. ഒരുകാലത്ത് അധികം പ്രശസ്തമല്ലാതിരുന്ന, എന്നാൽ ഇപ്പോൾ സഞ്ചാരികളുടെ കുത്തൊഴുക്ക് തന്നെയുള്ള ഇടമാണ് ഇല്ലിക്കൽ കല്ല്. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 6,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ കല്ലാണ് കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരമുള്ള മല. അലക്ഷ്യമായും ലാഘവത്തോടേയും യാത്ര ചെയ്യാൻ പറ്റിയ സ്ഥലമല്ല ഇല്ലിക്കൽ കല്ല്. മൂന്ന് ഭീമൻ പാറക്കെട്ടുകൾ ഒരുമിച്ച് ചേർന്നാണ് ഇല്ലിക്കൽ കല്ലുണ്ടായത്.
കഥകളും വിശ്വാസങ്ങളും
ഇല്ലിക്കൽ കല്ലുമായി ബന്ധപ്പെട്ട് ധാരാളം കഥകളും വിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്. ഈ മൂന്ന് കല്ലിനും പ്രത്യേക ആകൃതിയുണ്ട്. അതിൽ ആദ്യത്തേത് കൂണിനോട് സാമ്യമുള്ളതിനാൽ കുടക്കല്ല് (കുടയുടെ ആകൃതിയിലുള്ള പാറ) എന്നാണ് അറിയപ്പെടുന്നത്. രണ്ടാമത്തെ പാറക്കെട്ടിന് വശങ്ങളിൽ ഒരു ചെറിയ കൂനയുണ്ട്, അതിനാൽ ഇതിനെ കൂനുകല്ല് എന്ന് വിളിക്കുന്നു. മൂന്നാമത്തെ കല്ലാണ് ഇല്ലിക്കൽ കല്ല്.
നീലക്കൊടുവേലി
സിനിമകളിലും കഥകളിലും കേട്ട് പരിചയമുള്ള അത്ഭുത ശക്തിയുള്ള നീലക്കൊടുവേലി എന്ന ഔഷധ സസ്യം ഇല്ലിക്കൽ കല്ലിലുണ്ട് എന്നാണ് പറയപ്പെടുന്നത്. സമ്പത്ത് വർദ്ധിപ്പിക്കാനും സമൃദ്ധമായ വിളവ് ഉറപ്പാക്കാനും കഴിയുന്ന ശക്തികൾ നീലക്കൊടുവേലിയ്ക്ക് ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിന്റെ പൂക്കൾ കൈവശം വെച്ചാൽ ധാരാളം പണം വന്നുചേരുമെന്നും വിശ്വാസമുണ്ട്.
നരകപ്പാലം
രണ്ടാമത്തെ പാറക്കെട്ടായ കൂനുകല്ലിന് കുറുകെയാണ് നരകപ്പാലം (നരകത്തിലേക്കുള്ള പാലം) സ്ഥിതി ചെയ്യുന്നത്. ഈ പാലത്തിലെ താഴ്ചയിലുള്ള വിടവിലാണ് നീലക്കൊടുവേലി വളരുന്നതെന്നാണ് പറയുന്നത്. ഇടുങ്ങിയതും കുത്തനെയുള്ളതുമായ പാതയായതുകൊണ്ടായിരിക്കാം ഇതിന് ഈ പേര് ലഭിച്ചത്. ഈ യാത്ര അതീവ സാഹസികത നിറഞ്ഞതാണ്. അതുകൊണ്ട് തന്നെ യാത്രയിൽ അതീവ ശ്രദ്ധയും ആവശ്യമാണ്.
ആയിരക്കണക്കിന് അടി ഉയരം
ആയിരക്കണക്കിന് അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ കല്ലിൽ എപ്പോഴും ശക്തമായ കാറ്റ് വീശാറുണ്ട്. ഉയരം കൂടിയ പ്രദേശമായതിനാൽ ഇടിമിന്നൽ അപകടങ്ങൾക്കുള്ള സാധ്യതയും കൂടുതലാണ്. മലമുകളിൽ നിന്ന് നോക്കിയാൽ വിദൂര ചക്രവാളത്തിൽ നേർത്ത നീലരേഖയായി അറബിക്കടൽ കാണാം. ഇവിടുത്തെ സൂര്യാസ്തമയം അതിമനോഹരമായ ദൃശ്യവിരുന്നാണ് സഞ്ചാരികൾക്ക് ഒരുക്കുന്നത്.
എങ്ങനെ എത്തിച്ചേരാം?
കോട്ടയത്ത് നിന്ന് 50 കിലോമീറ്റർ അകലെയായാണ് ഇല്ലിക്കൽ കല്ല് സ്ഥിതി ചെയ്യുന്നത്. ടീകോയ് എന്ന സ്ഥലമാണ് ഇല്ലിക്കൽ കല്ലിന് സമീപത്തുള്ള ടൗൺ. ഇവിടെ നിന്ന് 6 കിലോമീറ്റർ യാത്ര ചെയ്യണം ഇല്ലിക്കൽ കല്ലിൽ എത്തിച്ചേരാൻ.
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: കോട്ടയം - 55 കിലോമീറ്റർ
ഏറ്റവും അടുത്തുള്ള വിമാനത്താവളം: കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളം - 85 കിലോമീറ്റർ.

