മഴക്കാലത്ത് മഞ്ഞ് മൂടിക്കിടക്കുന്നതിനാൽ കല്ല് പുറത്ത് കാണാൻ അൽപ്പം ഭാഗ്യം കൂടി വേണം.
കാറ്റ് എന്നുവെച്ചാൽ കൊടുംകാറ്റ് വീശുന്നയിടം. മഞ്ഞെന്നു വെച്ചാൽ കൊടും മഞ്ഞ് പൊതിയുന്നയിടം. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല, കേരളത്തിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രത്തെ കുറിച്ചാണ്. വാഗമണ്ണിലെയും മൂന്നാറിലെയും പതിവുകാഴ്ചകൾക്ക് അപ്പുറം ത്രില്ലടിപ്പിക്കുന്ന യാത്രയും അനുഭവങ്ങളും സ്വന്തമാക്കണമെങ്കിൽ ഇല്ലിക്കൽ കല്ലിലേയ്ക്ക് സ്വാഗതം.
ഇല്ലിക്കൽ കല്ലിലെ കാഴ്ചകൾ വേറെ ലെവലാണ്. ഇവിടെ എത്തുന്നവര്‍ക്ക് കല്ലിന്റെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകൾ നേരിട്ടുകാണാം. മഴക്കാലത്താണെങ്കിൽ അൽപ്പം ഭാഗ്യം വേണമെന്ന് മാത്രം. കാരണം, ഈ സമയത്ത് ഫുൾടൈം മഞ്ഞ് മൂടിക്കിടക്കുന്നതിനാൽ കല്ല് പുറത്ത് കാണാറില്ല. മഞ്ഞ് മാറി നിൽക്കുന്ന നേരത്ത് മാത്രമേ അകലെ ഭീമാകാരനായ ഇല്ലിക്കൽ കല്ല് തെളിഞ്ഞുകാണൂ.
അൽപ്പമൊന്ന് മെനക്കെട്ടാൽ മാത്രമേ ഇല്ലിക്കൽ കല്ലിന്റെ നെറുകയിലെത്താൻ സാധിക്കുകയുള്ളൂ. അടിവാരത്ത് വണ്ടി പാര്‍ക്ക് ചെയ്ത് ജീപ്പ് പിടിച്ചാൽ 5 മിനിട്ട് കൊണ്ട് മുകളിലെത്താം. ഈ വഴി നടന്ന് കയറുന്നവരുമുണ്ട്. മുകളിലെത്തിയ ശേഷം ഒരു മിനി ട്രെക്കിംഗും കൂടി നടത്തിയാൽ വ്യൂ പോയിന്റിലെത്താം. കോട്ടയം ഭാഗത്ത് നിന്ന് വരുന്നവർക്ക് പാലാ, ഈരാട്ടുപേട്ട, തീക്കോയി വഴിയും വാഗമണ്ണിൽ നിന്ന് വരുന്നവർക്ക് തീക്കോയിയിൽ നിന്ന് വലത്തേയ്ക്ക് തിരിഞ്ഞും ഇല്ലിക്കൽ കല്ലിലേയ്ക്ക് വെച്ച് പിടിക്കാം. എറണാകുളത്ത് നിന്ന് മേലുക്കാവ്, മൂന്നിലവ് വഴിയും ഇല്ലിക്കൽ കല്ലിൽ എത്താവുന്നതാണ്.


