ഡോളര്‍ തകര്‍ച്ച നേരിടുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ സ്വര്‍ണം, വെള്ളി, ബിറ്റ്‌കോയിന്‍ എന്നിവയില്‍ നിക്ഷേപിക്കാനാണ് 'റിച്ച് ഡാഡ് പുവര്‍ ഡാഡ്' ഗ്രന്ഥകര്‍ത്താവുമായ റോബര്‍ട്ട് കിയോസാക്കി നല്‍കുന്ന ഉപദേശം

യുഎസ് ഡോളറിന്റെ ആധിപത്യം അവസാനിക്കാറായെന്നും നിക്ഷേപകര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി പ്രശസ്ത സാമ്പത്തിക വിദഗ്ധനും 'റിച്ച് ഡാഡ് പുവര്‍ ഡാഡ്' ഗ്രന്ഥകര്‍ത്താവുമായ റോബര്‍ട്ട് കിയോസാക്കി. ബ്രിക്‌സ് കൂട്ടായ്മ സ്വര്‍ണത്തിന്റെ പിന്‍ബലമുള്ള പുതിയ കറന്‍സി പുറത്തിറക്കാന്‍ പോകുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കിയോസാക്കിയുടെ ഈ പ്രവചനം. 'യുഎസ് ഡോളറിന് ഗുഡ് ബൈ! ബ്രിക്‌സ് രാജ്യങ്ങള്‍ (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക) സ്വര്‍ണത്തിന്റെ മൂല്യത്തിനനുസരിച്ചുള്ള 'യൂണിറ്റ്' എന്ന പുതിയ കറന്‍സി പ്രഖ്യാപിക്കുകയാണ്. കൈയ്യില്‍ ഡോളര്‍ സൂക്ഷിച്ചിരിക്കുന്നവര്‍ക്കായിരിക്കും ഏറ്റവും വലിയ നഷ്ടം സംഭവിക്കുക'- കിയോസാക്കി എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഡോളര്‍ തകര്‍ച്ച നേരിടുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ സ്വര്‍ണം, വെള്ളി, ബിറ്റ്‌കോയിന്‍ എന്നിവയില്‍ നിക്ഷേപിക്കാനാണ് അദ്ദേഹം നല്‍കുന്ന ഉപദേശം. ഡോളര്‍ കൈവശം വെക്കുന്നവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടേക്കാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രിക്‌സ് കറന്‍സി: എന്താണ് സത്യം?

കിയോസാക്കിയുടെ അവകാശവാദം ഇതാണെങ്കിലും, ബ്രിക്‌സ് രാജ്യങ്ങള്‍ ഔദ്യോഗികമായി ഇങ്ങനെയൊരു കറന്‍സി പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് വാസ്തവം. സമീപഭാവിയില്‍ പൊതുവായൊരു കറന്‍സി പുറത്തിറക്കാന്‍ പദ്ധതിയില്ലെന്ന് ബ്രിക്‌സ് വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഡോളറിനെ മാത്രം ആശ്രയിക്കാതെ, സ്വര്‍ണശേഖരത്തിന്റെ പിന്‍ബലത്തില്‍ രാജ്യങ്ങള്‍ക്കിടയില്‍ പണമിടപാട് നടത്താനുള്ള ഒരു സംവിധാനത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്നത് സത്യമാണ്. എന്നാല്‍ ഇതൊരു കറന്‍സിയായി മാറ്റാന്‍ ലിക്വിഡിറ്റി പ്രശ്‌നങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള ഏകോപനവും ഉള്‍പ്പടെ ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്.

പുട്ടിന്റെ 'കറന്‍സി നോട്ട്'

കഴിഞ്ഞ മാസം റഷ്യയിലെ കസാനില്‍ നടന്ന ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ബ്രിക്‌സ് രാജ്യങ്ങളുടെ പതാകയുള്ള ഒരു 'കറന്‍സി നോട്ട്' ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയത്. എന്നാല്‍ അതൊരു പ്രതീകാത്മക നോട്ട് മാത്രമാണെന്നും കറന്‍സി പുറത്തിറക്കുന്നതിന്റെ സൂചനയല്ലെന്നും പിന്നീട് വ്യക്തമാക്കപ്പെട്ടു. തങ്ങളുടെ ലക്ഷ്യം ഡോളറിനെ തകര്‍ക്കലല്ല, മറിച്ച് ഡോളര്‍ ഉപയോഗിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ തടസ്സം നില്‍ക്കുമ്പോള്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുക മാത്രമാണെന്ന് പുട്ടിന്‍ വ്യക്തമാക്കിയിരുന്നു. പുതിയ കറന്‍സി ഇറക്കുന്നതില്‍ തിടുക്കം കാണിച്ചാല്‍ അത് വലിയ അബദ്ധങ്ങള്‍ക്ക് വഴിവെക്കുമെന്ന് 'ഇന്ത്യ ടുഡേ'യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പുട്ടിന്‍ പറഞ്ഞു.

ചുരുക്കത്തില്‍, ഡോളറിന് ബദലായി സ്വന്തം കറന്‍സി എന്ന സ്വപ്നം ബ്രിക്‌സിനുണ്ടെങ്കിലും, അത് ഉടന്‍ യാഥാര്‍ഥ്യമായേക്കില്ല.