1 കിലോ സ്വര്‍ണ്ണം കൈയില്‍ വെച്ചോളൂ- 2030-ല്‍ അതൊരു റോള്‍സ് റോയ്സിനും 2040-ല്‍ ഒരു സ്വകാര്യ ജെറ്റിനും തുല്യമായേക്കാം! - ഹര്‍ഷ് ഗോയങ്ക

'രു കിലോ സ്വര്‍ണ്ണവുമായി പോയാല്‍ ഒരു 'റോള്‍സ് റോയ്സ്' കാറുമായി തിരിച്ചുവരുന്ന കാലം വിദൂരമല്ല!' - രസകരമായ പ്രവചനം നടത്തി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് പ്രമുഖ വ്യവസായിയും ആര്‍.പി.ജി ഗ്രൂപ്പ് ചെയര്‍മാനുമായ ഹര്‍ഷ് ഗോയങ്ക. പതിറ്റാണ്ടുകളായി സ്വര്‍ണ്ണത്തിന് ഇന്ത്യന്‍ വാഹന വിപണിയിലെ ഓരോ മോഡലുകളുടെ വിലയുമായി എത്രത്തോളം ബന്ധമുണ്ടെന്ന് ഗോയങ്ക ഒരു ട്വീറ്റിലൂടെ വരച്ചുകാട്ടിയതോടെയാണ് സംഭവം ചര്‍ച്ചയായത്.

സ്വര്‍ണ്ണം എത്രത്തോളം വലിയ നിക്ഷേപമാണെന്ന് ലളിതമായി പറയുകയായിരുന്നു ഗോയങ്കയുടെ ലക്ഷ്യം. അദ്ദേഹത്തിന്റെ ട്വീറ്റിലെ താരതമ്യം ഇങ്ങനെ:

1990: 1 കിലോ സ്വര്‍ണ്ണം = ഒരു മാരുതി 800

2000: 1 കിലോ സ്വര്‍ണ്ണം = ഒരു എസ്റ്റീം

2005: 1 കിലോ സ്വര്‍ണ്ണം = ഒരു ഇന്നോവ

2010: 1 കിലോ സ്വര്‍ണ്ണം = ഒരു ഫോര്‍ച്യൂണര്‍

2019: 1 കിലോ സ്വര്‍ണ്ണം = ഒരു ബി.എം.ഡബ്ല്യു

2025: 1 കിലോ സ്വര്‍ണ്ണം = ഒരു ലാന്‍ഡ് റോവര്‍

അതുകൊണ്ട് പാഠം ഇതാണ്: 1 കിലോ സ്വര്‍ണ്ണം കൈയില്‍ വെച്ചോളൂ- 2030-ല്‍ അതൊരു റോള്‍സ് റോയ്സിനും 2040-ല്‍ ഒരു സ്വകാര്യ ജെറ്റിനും തുല്യമായേക്കാം! ഗോയങ്ക കൂട്ടിച്ചേര്‍ത്തു.

ഗോയങ്കയുടെ രസകരമായ പ്രവചനം ഒരു ഭാഗത്ത് നില്‍ക്കുമ്പോള്‍, സാമ്പത്തിക വിദഗ്ദ്ധരുടെ പ്രവചനം ഇങ്ങനെയാണ്. അടുത്ത വര്‍ഷത്തോടെ സ്വര്‍ണ്ണവില ഔണ്‍സിന് 5,000 ഡോളറിലേക്കും, 2028-ഓടെ 10,000 ഡോളറിലേക്കും കുതിച്ചുയര്‍ന്നേക്കാം എന്നാണ് യാര്‍ഡെനി റിസര്‍ച്ച് പ്രസിഡന്റ് എഡ്വേര്‍ഡ് യാര്‍ഡെനി പ്രവചിക്കുന്നത്, (ഇപ്പോഴത്തെ വിലയില്‍ നിന്ന് 150% അധികം).

യാര്‍ഡെനി ഇതിന് കാരണം പറയുന്നത്, 'ഗോള്‍ഡ് പുട്ട്' എന്ന പ്രതിഭാസമാണ്. ലോകമെമ്പാടുമുള്ള സെന്‍ട്രല്‍ ബാങ്കുകള്‍ തങ്ങളുടെ കറന്‍സികളുടെ മൂല്യത്തകര്‍ച്ചയില്‍ നിന്നും, ലോകത്തെ രാഷ്ട്രീയ അരക്ഷിതാവസ്ഥയില്‍ നിന്നും രക്ഷ നേടാനായി വലിയ തോതില്‍ സ്വര്‍ണ്ണം വാരിക്കൂട്ടുന്ന പ്രവണതയാണിത്. പ്രത്യേകിച്ച് വളര്‍ന്നുവരുന്ന രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ വളരെ രഹസ്യമായി സ്വര്‍ണ്ണശേഖരം വര്‍ദ്ധിപ്പിക്കുകയാണ്. ഇത് സ്വര്‍ണ്ണവിലക്ക് ഒരു വലിയ പിന്തുണയാണ്, യാര്‍ഡെനി പറയുന്നു. ഇതിനോടകം തന്നെ സ്വര്‍ണ്ണവില ഔണ്‍സിന് 4,000 ഡോളര്‍ കടന്നു കഴിഞ്ഞു. ഈ വര്‍ഷം മാത്രം 52% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്, 1979-ന് ശേഷമുള്ള ഏറ്റവും വലിയ കുതിപ്പാണിത്.