യുഎഇയില്‍ ബിസിനസ്സുകള്‍ നടത്തുന്നതോ ഇന്ത്യയില്‍ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതോ ആയ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഈ മാറ്റങ്ങള്‍ കൂടുതല്‍ സഹായകരമാണ്

റന്റ് അക്കൗണ്ടുകള്‍, ഓവര്‍ഡ്രാഫ്റ്റ് സൗകര്യങ്ങള്‍, കാഷ് ക്രെഡിറ്റ് അക്കൗണ്ടുകള്‍ എന്നിവ സംബന്ധിച്ച നിയമങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തി റിസര്‍വ് ബാങ്ക് . പണമിടപാടുകള്‍ വേഗത്തിലാക്കാനും ബാങ്കുകള്‍ക്കും ഉപഭോക്താക്കള്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കാനുമാണ് ആര്‍ബിഐയുടെ ഈ നീക്കം. പ്രത്യേകിച്ചും യുഎഇയില്‍ ബിസിനസ്സുകള്‍ നടത്തുന്നതോ ഇന്ത്യയില്‍ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതോ ആയ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഈ മാറ്റങ്ങള്‍ കൂടുതല്‍ സഹായകരമാണ്

1. കൂടുതല്‍ ബാങ്കുകളില്‍ കറന്റ് അക്കൗണ്ട് സൗകര്യം

10 കോടിയിലധികം വായ്പയെടുത്തവര്‍ക്ക് കറന്റ് അക്കൗണ്ടോ ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടോ തുടങ്ങാന്‍ കഴിയുന്ന ബാങ്കുകളുടെ എണ്ണം സംബന്ധിച്ച് നേരത്തേ കര്‍ശനമായ നിയന്ത്രണങ്ങളുണ്ടായിരുന്നു. ഇത് പല ബിസിനസ്സുകള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഒന്നിലധികം ബാങ്കുകളില്‍ വായ്പയുള്ള സ്ഥാപനങ്ങള്‍ക്ക് ഇത് വലിയ തലവേദനയായിരുന്നു. ഈ പരാതികള്‍ പരിഗണിച്ച് നിയമം ലഘൂകരിച്ചു.

പുതിയ നിയമം ഇങ്ങനെ:

ഒരു വ്യക്തിയോ സ്ഥാപനമോ എടുത്തിട്ടുള്ള മൊത്തം വായ്പയുടെ 10 ശതമാനത്തില്‍ കൂടുതല്‍ തുക വായ്പയായി നല്‍കിയ ബാങ്കുകള്‍ക്ക് മാത്രമേ അവരുടെ കറന്റ് അക്കൗണ്ടോ ഓവര്‍ ഡ്രാഫ്റ്റ് (OD) അക്കൗണ്ടോ തുടങ്ങാന്‍/നടത്താന്‍ അനുവാദമുള്ളൂ.

ഇനി 10 ശതമാനത്തില്‍ കൂടുതല്‍ വായ്പ നല്‍കിയ ഒരേയൊരു ബാങ്കേ ഉള്ളൂ എങ്കിലോ, അല്ലെങ്കില്‍ അങ്ങനെ ഒരു ബാങ്ക് പോലും ഇല്ലെങ്കിലോ, ഏറ്റവും കൂടുതല്‍ തുക വായ്പ നല്‍കിയ ആദ്യത്തെ രണ്ട് ബാങ്കുകള്‍ക്ക് ഈ അക്കൗണ്ടുകള്‍ തുടങ്ങാവുന്നതാണ്.

2. കാഷ് ക്രെഡിറ്റ് കൂടുതല്‍ എളുപ്പമായി

നിരവധി ഇന്ത്യന്‍ ബിസിനസ്സുകളുടെ ജീവനാഡിയാണ് കാഷ് ക്രെഡിറ്റ് അക്കൗണ്ടുകള്‍. എന്നാല്‍, കറന്റ് അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയതിന് സമാനമായ നിയന്ത്രണങ്ങള്‍ ഈ അക്കൗണ്ടുകള്‍ക്കും നേരത്തേ ഉണ്ടായിരുന്നു. കാഷ് ക്രെഡിറ്റ് , കറന്റ് അക്കൗണ്ടുകളില്‍ നിന്നും വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ആര്‍ബിഐ അംഗീകരിച്ചു, കാഷ് ക്രെഡിറ്റ് അക്കൗണ്ടുകള്‍ക്കുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്തു.

ദൈനംദിന ചെലവുകള്‍, വിതരണക്കാര്‍ക്കുള്ള പണം നല്‍കല്‍, സീസണ്‍ അനുസരിച്ചുള്ള പണത്തിന്റെ ഒഴുക്ക് ക്രമീകരിക്കല്‍ എന്നിവയ്ക്ക് ക്യാഷ് ക്രെഡിറ്റ് സൗകര്യങ്ങളെ ആശ്രയിക്കുന്ന ബിസിനസ്സുകള്‍ക്ക് ഇതൊരു വലിയ നേട്ടമാണ്. യുഎഇയില്‍ ഇരുന്ന് ഇന്ത്യയിലെ വ്യാപാരം, സ്ഥാപനങ്ങള്‍ എന്നിവയുടെ സാമ്പത്തിക കാര്യങ്ങള്‍ നോക്കുന്നവര്‍ക്ക് ക്യാഷ് ക്രെഡിറ്റ ഇടപാടുകള്‍ കൂടുതല്‍ ലളിതമായി നടത്താം.

3. പണ കൈമാറ്റം അതിവേഗം

കളക്ഷന്‍ അക്കൗണ്ടുകളില്‍ ലഭിക്കുന്ന പണം, രണ്ട് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പ്രധാന ഇടപാട് അക്കൗണ്ടിലേക്ക് തുടര്‍ന്നും കൈമാറണം. ഈ സമയപരിധി വര്‍ദ്ധിപ്പിക്കാനുള്ള ബാങ്കുകളുടെ ആവശ്യം ആര്‍ബിഐI നിരസിച്ചു. വിദേശത്തിരുന്ന് ബിസിനസ്സ് നടത്തുന്നവര്‍ക്ക് പണം ലഭിക്കുന്നതിനും അത് ഉപയോഗിക്കുന്നതിനും ഇടയിലുള്ള കാലതാമസം ഇത് കുറയ്ക്കും. വേഗത്തിലുള്ള പണമിടപാട് സുഗമമായ പണലഭ്യത ഉറപ്പാക്കും.

4. ബാങ്കുകള്‍ക്ക് അക്കൗണ്ട് നിലനിര്‍ത്താന്‍ കഴിയാതെ വരുമ്പോള്‍

യോഗ്യത നഷ്ടപ്പെടുന്ന ബാങ്കുകള്‍ ഒരു മാസത്തിനുള്ളില്‍ ഉപഭോക്താവിനെ അറിയിക്കണം.

അറിയിപ്പ് ലഭിച്ച് രണ്ട് മാസത്തിനുള്ളില്‍ ഉപഭോക്താവ് അക്കൗണ്ട് ക്ലോസ് ചെയ്യുകയോ കളക്ഷന്‍ അക്കൗണ്ടായി മാറ്റുകയോ ചെയ്യണം.

5. നിരീക്ഷണം കര്‍ശനമായി തുടരും

അക്കൗണ്ടുകള്‍ ശരിയായ ആവശ്യങ്ങള്‍ക്കാണോ ഉപയോഗിക്കുന്നതെന്നും അനൗദ്യോഗിക പേയ്‌മെന്റ് ചാനലുകളായി ഉപയോഗിക്കുന്നില്ലെന്നും ഉറപ്പാക്കാന്‍ ബാങ്കുകള്‍ക്ക് കടുത്ത നിരീക്ഷണങ്ങള്‍ തുടരേണ്ടിവരും.

ഇടപാട് അക്കൗണ്ടുകള്‍ ബാങ്കുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരണം, അംഗീകൃതമല്ലാത്ത മൂന്നാം കക്ഷി ഇടപാടുകള്‍ തടയണം.

ഇത് കൂടുതല്‍ സുതാര്യതയ്ക്കും അക്കൗണ്ട് ദുരുപയോഗം കുറയ്ക്കുന്നതിനും വഴിയൊരുക്കും.

6. ഇളവുകള്‍ അനുവദിക്കില്ല

ചില വായ്പക്കാരെയും മേഖലകളെയും പുതിയ നിയമങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് പല സ്ഥാപനങ്ങളും ആവശ്യപ്പെട്ടെങ്കിലും ആര്‍ബിഐ ഇത് നിരസിച്ചു. എല്ലാ ബാങ്കുകള്‍ക്കും എളുപ്പത്തില്‍ പാലിക്കാന്‍ കഴിയുന്ന തരത്തില്‍ നിയമങ്ങള്‍ ലളിതമാക്കിയിട്ടുണ്ടെന്ന് ആര്‍ബിഐ വ്യക്തമാക്കി.

പ്രവാസികള്‍ക്ക് നേട്ടമോ?

ഇന്ത്യയിലെ ബിസിനസ്, നിക്ഷേപം, കുടുംബങ്ങളുടെ സാമ്പത്തിക കാര്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്ന യുഎഇയിലെ പ്രവാസികള്‍ക്ക് ഈ മാറ്റങ്ങള്‍ ഗുണകരമാണ്:

കൂടുതല്‍ സൗകര്യം: കറന്റ് അക്കൗണ്ടോ ഒ.ഡി അക്കൗണ്ടോ ഏത് ബാങ്കില്‍ വേണമെന്ന് തിരഞ്ഞെടുക്കാന്‍ കൂടുതല്‍ മാര്‍ഗങ്ങള്‍ ഉണ്ട്.

തടസ്സമില്ലാത്ത പ്രവര്‍ത്തനം: കാഷ് ക്രെഡിറ്റ് നിയന്ത്രണങ്ങള്‍ നീക്കിയതോടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാകും.

ഫണ്ട് ലഭ്യത വേഗത്തില്‍: രണ്ടു ദിവസത്തിനുള്ളില്‍ പണം കൈമാറാനുള്ള നിയമം പണലഭ്യത ഉറപ്പാക്കുന്നു.

കൂടുതല്‍ സുതാര്യത: വ്യക്തമായ നിയമങ്ങളുടെ സഹായത്താല്‍ വിദേശത്തിരുന്ന് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ആശയക്കുഴപ്പങ്ങള്‍ ഇല്ലാതാകുന്നു