വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്താനും സാങ്കേതികവിദ്യ കൈമാറാനുമുള്ള പുതിയ നയങ്ങള്‍ വന്നേക്കാം.
ആയുധ ഇറക്കുമതിക്കാരല്ല, ഇനി കയറ്റുമതിക്കാര്‍; പ്രതിരോധ മേഖലയില്‍ ഇന്ത്യയുടെ 'വിശ്വരൂപം', നിക്ഷേപകര്‍ക്കും പ്രിയമേറുന്നു
ആഗോള രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് പ്രതിരോധ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ വലിയ വിജയത്തിലേക്ക്. ആധുനിക യുദ്ധതന്ത്രങ്ങളും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് ലോകത്തെ പ്രതിരോധ നിര്‍മ്മാണ ഹബ്ബായി മാറാനൊരുങ്ങുകയാണ് രാജ്യം.
ബജറ്റിലെ മുന്‍ഗണന
2025-26 കേന്ദ്ര ബജറ്റില്‍ പ്രതിരോധ മേഖലയ്ക്കായി 6.81 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.5 ശതമാനം വര്‍ധനയാണ് ഈ തുകയില്‍ ഉണ്ടായിരിക്കുന്നത്. ലോകത്തെ മാറുന്ന സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രതിരോധ സജ്ജീകരണങ്ങള്‍ക്കായി രാജ്യം നല്‍കുന്ന പ്രാധാന്യമാണ് ഈ വര്‍ധനവ് സൂചിപ്പിക്കുന്നത്.
ഉല്‍പ്പാദന റെക്കോര്‍ഡ്: 2025-ല്‍ ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉല്‍പ്പാദനം 1.54 ലക്ഷം കോടി രൂപയിലെത്തി.
കയറ്റുമതിയിലെ കുതിപ്പ്: പ്രതിരോധ കയറ്റുമതി 12 ശതമാനം വര്‍ധിച്ച് 24,000 കോടി രൂപയായി ഉയര്‍ന്നു. നിലവില്‍ ഇന്ത്യയുടെ പ്രതിരോധ ഉപകരണങ്ങളില്‍ 65 ശതമാനത്തിലധികം ആഭ്യന്തരമായാണ് നിര്‍മ്മിക്കുന്നത്.
പ്രാദേശിക കമ്പനികള്‍ക്ക് മുന്‍ഗണന: ആയുധങ്ങള്‍ വാങ്ങാനായി നീക്കിവെച്ചിട്ടുള്ള തുകയുടെ 75 ശതമാനവും (ഏകദേശം 1.48 ലക്ഷം കോടി രൂപ) ഇന്ത്യന്‍ കമ്പനികള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്. ഇത് പ്രാദേശിക വ്യവസായങ്ങള്‍ക്ക് വലിയ ഉണര്‍വ് നല്‍കുന്നു.
സാങ്കേതികവിദ്യയും ഗവേഷണവും
റഷ്യ-യുക്രെയ്ന്‍ യുദ്ധം ഉള്‍പ്പെടെയുള്ള പുതിയ യുദ്ധസാഹചര്യങ്ങള്‍ ഡ്രോണുകളുടെയും മിസൈലുകളുടെയും പ്രധാന്യം വര്‍ധിപ്പിച്ചു. ഇത് മുന്‍നിര്‍ത്തി അത്യാധുനിക ഗവേഷണങ്ങള്‍ക്കായി ഡിആര്‍ഡിഒയ്ക്ക് നല്‍കുന്ന വിഹിതം 12.4 ശതമാനം വര്‍ധിപ്പിച്ച് 26,816 കോടി രൂപയാക്കി.
നിക്ഷേപകര്‍ക്ക് എന്തുകൊണ്ട് ഈ മേഖല പ്രിയങ്കരം?
പ്രതിരോധ മേഖലയിലെ ഓഹരികള്‍ നിക്ഷേപകര്‍ക്ക് ആകര്‍ഷകമാകാന്‍ പ്രധാന കാരണങ്ങള്‍ ഇവയാണ്:
സ്ഥിരമായ ബിസിനസ്: വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അടുത്ത 5 മുതല്‍ 10 വര്‍ഷത്തേക്ക് വരെ ആവശ്യമായ ഓര്‍ഡറുകള്‍ ഇപ്പോള്‍ തന്നെ ലഭിച്ചിട്ടുണ്ട്.
സാമ്പത്തിക ഭദ്രത: സാമ്പത്തിക മാന്ദ്യമുണ്ടായാലും രാജ്യസുരക്ഷ കണക്കിലെടുത്ത് പ്രതിരോധ വിഹിതം കുറയാന്‍ സാധ്യതയില്ല.
കയറ്റുമതി സാധ്യത: ലോകത്തെ നൂറിലധികം രാജ്യങ്ങളിലേക്ക് ഇപ്പോള്‍ ഇന്ത്യന്‍ പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
സ്വകാര്യ പങ്കാളിത്തം: ഈ മേഖലയിലേക്ക് കൂടുതല്‍ സ്വകാര്യ കമ്പനികള്‍ കടന്നുവരുന്നത് മത്സരവും നവീകരണവും വര്‍ധിപ്പിക്കുന്നു.
ഭാവിയിലെ പ്രതീക്ഷകള്‍
ആഭ്യന്തര കമ്പനികള്‍ക്ക് കൂടുതല്‍ ഓര്‍ഡറുകള്‍ നല്‍കുന്നതിനായി മൂലധന ചെലവുകള്‍ വര്‍ധിപ്പിക്കും.
വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്താനും സാങ്കേതികവിദ്യ കൈമാറാനുമുള്ള പുതിയ നയങ്ങള്‍ വന്നേക്കാം.
പി-75(ഐ) അന്തര്‍വാഹിനി പദ്ധതി ഉള്‍പ്പെടെയുള്ള ഒരു ലക്ഷം കോടി രൂപയുടെ വലിയ കരാറുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമായേക്കും.
