Asianet News MalayalamAsianet News Malayalam

നവരാത്രി ആഘോഷത്തിനിടെ നൃത്തം ചെയ്യുമ്പോൾ ഹൃദയാഘാതം; 24 മണിക്കൂറിൽ മരിച്ചത് 10 പേർ, മരിച്ചവരിൽ 13 വയസ്സുകാരനും!

'ഗർബ കളിക്കുന്നവര്‍ ശ്രദ്ധിക്കണം. വിശ്രമമില്ലാതെ നൃത്തം ചെയ്യരുത്. എനിക്ക് ഇന്ന് എന്റെ കുട്ടിയെ നഷ്ടപ്പെട്ടു. ഇത്തരമൊരു അവസ്ഥ മറ്റാർക്കും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നു'

10 heart attack death in 24 hours at garba in Gujarat SSM
Author
First Published Oct 22, 2023, 11:36 AM IST | Last Updated Oct 22, 2023, 9:00 PM IST

ഗാന്ധിനഗര്‍: ഗുജറാത്തിൽ നവരാത്രി ആഘോഷത്തിനിടെ ഗർബ നൃത്തം ചെയ്യുമ്പോള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 10 പേര്‍ ഹൃദയാഘാതം മൂലം മരിച്ചു. കൗമാരക്കാർ മുതൽ മധ്യവയസ്കർ വരെയുള്ളവര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചെന്ന് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ 13 വയസ്സുകാരനും 17 വയസ്സുകാരനുമുണ്ട്. 

നവരാത്രിയുടെ ആദ്യ ആറ് ദിവസങ്ങളിൽ, ഗുജറാത്തില്‍ ഹൃദയ സംബന്ധമായ അസുഖം കാരണം എമർജൻസി ആംബുലൻസ് സേവനം തേടി 521 കോളുകള്‍ വന്നു. ശ്വാസതടസ്സത്തിന് ചികിത്സയ്ക്കായി ആംബുലന്‍സ് സഹായം തേടി 609 കോളുകള്‍ ലഭിച്ചു. ഇതോടെ ഗർബ വേദികൾക്ക് സമീപമുള്ള സർക്കാർ ആശുപത്രികൾക്കും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾക്കും ഗുജറാത്ത്  സർക്കാർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഗര്‍ബ സംഘാടകര്‍ വേദിക്ക് സമീപം ഡോക്ടര്‍മാരെ നിയോഗിച്ചു. കൃത്രിമശ്വാസം നല്‍കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. നൃത്തം ചെയ്യുന്നവര്‍ക്ക് കുടിവെള്ള സംവിധാനവും ഉറപ്പാക്കി.

ലോക സുന്ദരികളില്‍ ഒരാള്‍, 26ആം വയസ്സില്‍ അപ്രതീക്ഷിത വിയോഗം; കണ്ണീരണിഞ്ഞ് ബന്ധുക്കളും ആരാധകരും

 "ഗർബ കളിക്കുന്നവര്‍ ശ്രദ്ധിക്കണം. വിശ്രമമില്ലാതെ നൃത്തം ചെയ്യരുത്. എനിക്ക് ഇന്ന് എന്റെ കുട്ടിയെ നഷ്ടപ്പെട്ടു. ഇത്തരമൊരു അവസ്ഥ മറ്റാർക്കും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നു"- നൃത്തത്തിനിടെ ഹൃദയാഘാതം മൂലം മരിച്ച 17 കാരന്‍ വീര്‍ ഷായുടെ പിതാവ്  റിപാല്‍ ഷാ കണ്ണീരോടെ പറഞ്ഞു.

ആയുഷ് പട്ടേൽ എന്ന ഡോക്ടറെ ഉദ്ധരിച്ച് വാര്‍ത്താഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തതിങ്ങനെ- "17 വയസ്സുള്ള വീർ ഷാ, കപദ്‌വഞ്ചിലെ ഗ്രൗണ്ടിൽ ഗർബ നൃത്തം ചെയ്യുകയായിരുന്നു. നൃത്തം ചെയ്യുന്നതിനിടെ കുട്ടി തലകറങ്ങി വീണു. സംഭവ സ്ഥലത്തുണ്ടായിരുന്ന സന്നദ്ധ പ്രവർത്തകരിലൊരാള്‍ ഉടൻ തന്നെ കൃത്രിമശ്വാസം നല്‍കി. പരിശോധിച്ചപ്പോള്‍ നാഡിമിടിപ്പ് ഇല്ലായിരുന്നു. ശ്വാസോച്ഛ്വാസവും നിലച്ച അവസ്ഥയിലായിരുന്നു. മൂന്ന് തവണ കൃത്രിമ ശ്വാസം നല്‍കി. ഉടന്‍ കുട്ടിയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു"

കുട്ടിയുടെ പിതാവ് റിപാൽ ഷാ  കപദ്‌വഞ്ചിലെ മറ്റൊരു ഗ്രൌണ്ടില്‍ നവരാത്രി ആഘോഷത്തിൽ പങ്കെടുക്കുമ്പോഴാണ് മകന്‍റെ മരണ വാര്‍ത്ത അറിഞ്ഞത്. പതിനേഴുകാരന്റെ മരണ വാർത്ത അറിഞ്ഞ് നാട്ടുകാര്‍ ഞെട്ടിപ്പോയി. വീർ ഷായുടെ മരണത്തിന്‍റെ പശ്ചാത്തലത്തില്‍ ഗ്രൗണ്ടിൽ നടത്താനിരുന്ന ഗർബ മാറ്റിവച്ചു. വീര്‍ മരിച്ചുവീണ ഗ്രൗണ്ടിൽ ആദരാഞ്ജലി അർപ്പിച്ച് രണ്ട് മിനിറ്റ് നിശബ്ദരായ ശേഷം ആളുകള്‍ പിരിഞ്ഞുപോയി.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios