മുടി കളർ ചെയ്യുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. ചുവപ്പ്, പച്ച,നീല അങ്ങനെ പലതരത്തിലുള്ള കളറാണ് മുടിയ്ക്ക് നൽകുന്നത്. വീട്ടിലിരുന്ന് മുടി കളർ ചെയ്യുന്നവരാണ് ഇന്ന് അധികവും. മുടി കളർ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്...

ഒന്ന്...

തിരഞ്ഞെടുക്കുന്ന ഉല്‍പ്പന്നം കൈയിലോ ചെവിക്ക് പുറകിലോ പുരട്ടി അലര്‍ജിയൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണം. ഒപ്പം തന്നെ തിരഞ്ഞെടുത്ത നിറം ഏതാനും മുടിയിഴകളില്‍ പുരട്ടി മുടിക്ക് ചേരുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.

രണ്ട്...

 കളറിംഗ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് മുടി കണ്ടീഷന്‍ ചെയ്തിരിക്കണം. അതുപോലെ തന്നെ കളറിങ്ങിന് ശേഷവും.

മൂന്ന്...
 
 നിറം നല്‍കുന്നതിന് മുന്‍പ് മുടി മുഖത്തിന് ചേര്‍ന്ന ആകൃതിയില്‍ മുറിയ്ക്കേണ്ടത് ആവശ്യമാണ്. അല്ലാതെ നിറം നല്‍കിയ ശേഷമല്ല, മുറിക്കേണ്ടത്.

നാല്...

ചര്‍മനിറവും തെരഞ്ഞെടുക്കുന്ന മുടിക്കളറുമായി ചേര്‍ച്ച വേണം. വെളുത്ത ചര്‍മമുള്ളവര്‍ക്ക് റെഡിഷ് ബ്രൗണ്‍, ബര്‍ഗണ്ടി നിറങ്ങള്‍ ഉപയോഗിക്കാം. ഗോള്‍ഡന്‍ നിറവും ഇക്കൂട്ടര്‍ക്ക് ചേരും.

അഞ്ച്...

  നിറം കുറഞ്ഞവര്‍ക്ക് ബര്‍ഗണ്ടി, റെഡ് നിറങ്ങള്‍ ചേരും. ഗോള്‍ഡന്‍ ഷേഡുകള്‍ ഇക്കൂട്ടര്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.

ആറ്...

ഹെയര്‍ കളര്‍ ഉപയോഗിക്കുന്നതിന് മുന്‍പ് പായ്ക്കറ്റിലെ നിര്‍ദേശങ്ങള്‍ വായിച്ചിരിക്കണം. ഇതേ പടി ചെയ്യുകയും വേണം. എങ്കിലേ വേണ്ട വിധത്തിലുള്ള പ്രയോജനം ലഭിക്കുകയുള്ളൂ.

ഏഴ്...

ഇടയ്ക്കിടക്ക് ഷാംമ്പൂ ചെയ്യുന്നത് ഒഴിവാക്കണം. നിര്‍ബന്ധമാണെങ്കില്‍ ഡ്രൈ ഷാംമ്പൂ ഉപയോഗിക്കാം.

എട്ട്...

ചൂട് വെള്ളത്തിന്റെ ഉപയോഗം കളര്‍ മങ്ങുന്നതിന് കാരണമാകും അതിനാല്‍ ചെറുചൂട് വെള്ളമോ തണുത്ത വെള്ളമോ കുളിക്കാന്‍ ഉപയോഗിക്കുക.

ഒൻപത്...

 കളറിംഗ് ചെയ്ത മുടിക്കായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കളര്‍ പ്രൊട്ടക്ഷന്‍ ഉള്ള ഷാംമ്പൂവും കണ്ടീഷണറും മാത്രം ഉപയോഗിക്കുക.

പത്ത്....

 മുടിയിഴകളില്‍ മഴവില്ല് വിരിയിക്കാന്‍ ഉപയോഗിക്കുന്ന ഒരു ഹെയര്‍ കളറിംഗ് രീതിയാണ് ഓയില്‍ സ്ലിക്ക്. പച്ച, നീല, പര്‍പ്പിള്‍ നിറങ്ങളുപയോഗിച്ച് ചെയ്യുന്ന ഈ ഹെയര്‍ കളറിംഗ് കറുത്തിരുണ്ട മുടിയുള്ളവര്‍ക്കാണ് നന്നായി യോജിക്കുന്നത്. മുടിയുടെ നീളമനുസരിച്ച് വ്യത്യസ്തരീതിയില്‍ കളര്‍ ചെയ്യാം.