വയറുവേദനയുമായി എത്തിയ രോഗിയുടെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 111 ഇരുമ്പാണികള്‍. തൃശൂര്‍ ചാവക്കാട് സ്വദേശിയുടെ വയറ്റില്‍ നിന്നാണ് ആണികള്‍ പുറത്തെടുത്തത്. മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജിലാണ് നാല്- അഞ്ച് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ നടന്നത്. പത്ത് വര്‍ഷമായി മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്ന 49കാരന്‍ പലപ്പോഴായി അകത്താക്കിയ ആണികളാണ് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. 

വയര്‍ വീര്‍ത്ത്, ശക്തമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. പല ഡോക്ടര്‍മാരെയും മാറി മാറി കണ്ടെങ്കിലും വേദന സംഹാരികള്‍ കുറിച്ച് നല്‍കുകയായിരുന്നു. ഇത് കഴിച്ചിട്ടും വേദന കുറയാതെ വന്നതോടെയാണ് ഗവ. മെഡിക്കല്‍ കോളജിലെത്തിയത്. തുടര്‍ന്ന് വയറിന്‍റെ എക്സ് റേ പരിശോധനാ ഫലം കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടുകയായിരുന്നു. 

വയറിനകത്ത് അങ്ങിങ്ങായി എണ്ണിതീര്‍ക്കാനാകാത്ത വിധം ആണികള്‍ കുടുങ്ങി  കിടക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്നത്. ആണികള്‍ ആന്തരികാവയവങ്ങളില്‍ പലതിലും തുളഞ്ഞുകയറി തങ്ങിയിരിക്കുന്ന നിലയിലായിരുന്നു. ആണികള്‍ പൂര്‍ണമായും പുറത്തെടുക്കാന്‍ ചെറു കുടലിന്‍റെ 60 സെ.മി. നീളം ശസ്ത്രക്രിയയിലൂടെ മുറിച്ച് നീക്കേണ്ടി വന്നു. രോഗി ആരോഗ്യസ്ഥിതി വീണ്ടെടുത്ത് വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.