പത്താംക്ലാസ് വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു; ഇത്രയും ചെറുപ്രായത്തില്‍ ഹൃദയാഘാതം വരുമോ?
ഇത്രയും ചെറുപ്രായത്തില്‍ ഹൃദയാഘാതം സംഭവിക്കുമോ എന്ന സംശയം പലരും പ്രകടിപ്പിക്കുന്നുണ്ട്. അതുപോലെ തന്നെ ഏത് പ്രായക്കാരിലും ഹൃദയാഘാതമുണ്ടാകാം എന്ന ആശങ്കയും.

ഹൃദയാഘാതം അല്ലെങ്കില്‍ 'ഹാര്‍ട്ട് അറ്റാക്ക്' കേസുകള്‍ ഇപ്പോള്‍ പതിവായി നാം കണ്ടും കേട്ടും പഴകിക്കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്. മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ചെറുപ്പക്കാരിലും ഹൃദയാഘാതം സംഭവിക്കുന്നു എന്നതാണ് ഏറെയും ആശങ്കയ്ക്ക് ഇടയാക്കുന്നത്.
ഇന്നും ഇത്തരത്തില്‍ ഏറെ ദുഖകരമായൊരു വാര്‍ത്ത നമ്മളെ തേടിയെത്തിയിട്ടുണ്ട്. വിനോദയാത്രയ്ക്ക് പോയ പത്താംക്ലാസ് വിദ്യാര്‍ത്ഥി ഇതിനിടെ ഹൃദയാഘാതം സംഭവിച്ച് മരിച്ചു എന്നതാണ് വാര്‍ത്ത. പാലക്കാട് പുലാപ്പറ്റ എൻകെഎം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മുണ്ടൊളി ഷാരത്തുപമ്പില്‍ ശ്രീസയനയാണ് മരിച്ചത്. മൈസൂരില്‍ വിനോദയാത്രയ്ക്ക് പോയ ശ്രീസയനയ്ക്ക് തിങ്കളാഴ്ച രാത്രിയോടെ ദേഹാസ്വാസ്ഥ്യം അനുഭവ്പപെടുകയായിരുന്നു.
ഉടനെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതുപോലെ തന്നെ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഗുജറാത്തിലെ രാജ്കോട്ടിലും പതിനഞ്ച് വയസ് പ്രായം മാത്രമുള്ള വിദ്യാര്‍ത്ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് പരീക്ഷാഹാളില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു.
ഇത്തരം വാര്‍ത്തകളെല്ലാം തീര്‍ച്ചയായും ഒരേസമയം സംശയങ്ങളും ആശങ്കകളും ഉയര്‍ത്തുന്നതാണ്. ഇത്രയും ചെറുപ്രായത്തില്‍ ഹൃദയാഘാതം സംഭവിക്കുമോ എന്ന സംശയം പലരും പ്രകടിപ്പിക്കുന്നുണ്ട്. അതുപോലെ തന്നെ ഏത് പ്രായക്കാരിലും ഹൃദയാഘാതമുണ്ടാകാം എന്ന ആശങ്കയും.
ഇതില്‍ പ്രത്യേകമായി നാം ആശങ്കപ്പെട്ടിട്ട് കാര്യമില്ല. ഏത് പ്രായക്കാരിലും ഹൃദയാഘാതം സംഭവിക്കാമെന്ന വസ്തുത ആദ്യം ഉള്‍ക്കൊള്ളുക. എന്തെങ്കിലും നിസാരമായ കാരണങ്ങള്‍ കൊണ്ടൊന്നും ഇങ്ങനെ സംഭവിക്കില്ലെന്നും മനസിലാക്കുക.
പ്രായാധിക്യം മൂലം ഹൃദയാഘാതം സംഭവിക്കുന്നതിന് പിന്നില്‍ പല കാരണങ്ങളും വരാറുണ്ട്. എന്നാല്‍ ചെറുപ്പക്കാരിലും കുട്ടികളിലുമെല്ലാം ഹൃദയാഘാതം സംഭവിക്കു ന്നതിന് പിന്നിലെ പ്രധാന കാരണം ഒളിച്ചിരിക്കുന്ന ഹൃദ്രോഗങ്ങളോ ഹൃദയസംബന്ധമായ പ്രശ്നങ്ങളോ തന്നെ ആണെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.
കുട്ടികള്‍ - കൗമാരക്കാര്‍ എന്നീ വിഭാഗങ്ങള്‍ക്കിടയില്‍ ഹൃദയാഘാതവും അതെത്തുടര്‍ന്നുള്ള മരണവും സംഭവിക്കുന്നത് അവരില്‍ നേരത്തെ തന്നെ ഇതിനുള്ള സാധ്യതകള്‍ ഉണ്ടായിരിക്കുമ്പോഴാണ്. എന്നാല്‍ ഇത് അവരോ മാതാപിതാക്കളോ മറ്റുള്ളവരോ തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല.
ഹൃദ്രോഗങ്ങളില്‍ പലതും ഇതിന്‍റെ ലക്ഷണങ്ങള്‍ പുറമേക്ക് പ്രകടിപ്പിക്കണമെന്നില്ല. കുട്ടികള്‍ സാധാരണനിലയില്‍ കളിക്കുകയും പഠിക്കുകയും പെരുമാറുകയുമെല്ലാം ചെയ്യാം. പക്ഷേ ഒരു ഘട്ടത്തില്‍ മാത്രം അവരില്‍ നിന്ന് രോഗം പുറന്തോട് പൊട്ടിച്ച് വെളിയിലേക്ക് വരുന്നു. ചിലര്‍ക്ക് ഇത് ഒരവസരമാകാം. മറ്റ് ചിലരെ സംബന്ധിച്ച് ഇത് അവസാനവും ആയിത്തീരുകയാണ്.
അതേസമയം ഇരുപതുകളിലും മുപ്പതുകളിലും നാല്‍പ്പതുകളിലുമെല്ലാമുള്ളവര്‍ക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കൊപ്പം തന്നെ മോശം ജീവിതരീതികളും കൂടെയുണ്ടെങ്കില്‍ അതും ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം. പുകവലി, മദ്യപാനം, മോശം ഭക്ഷണരീതി, ഉറക്കപ്രശ്നങ്ങള്‍, വ്യായാമമില്ലായ്മ എന്നിങ്ങനെയുള്ള അനാരോഗ്യകരമായ ജീവിതരീതികളും അതുപോലെ തന്നെ ബിപി, പ്രമേഹം, കൊളസ്ട്രോള്‍ പോലുള്ള ജീവിതശൈലീരോഗങ്ങളുമെല്ലാം ഒന്നിച്ച് വില്ലനായി വരാം.
കുട്ടികളടക്കം എല്ലാവരും വര്‍ഷത്തിലൊരിക്കലെങ്കിലും ചെക്കപ്പ് നടത്തി ഹൃദയത്തിന്‍റെ ആരോഗ്യാവസ്ഥയെ കുറിച്ച് സ്ഥിരീകരിക്കുകയെന്നതാണ് ഇത്തരത്തിലുള്ള അപ്രതീക്ഷിതമായ ദുരന്തങ്ങളെ പ്രതിരോധിക്കാൻ നമുക്ക് ആകെ ചെയ്യാവുന്ന കാര്യം. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ ഇങ്ങനെ മെഡിക്കല്‍ ചെക്കപ്പ് ചെയ്യുന്നവര്‍ കുറവാണ് എന്നതാണ് സത്യം.
Also Read:- പതിവായി സ്ട്രെസ് അനുഭവിക്കുന്നവരെ കാത്തിരിക്കുന്ന മറ്റൊരു പ്രശ്നം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-