ഏതാനും ദിവസങ്ങളായി മുദിതിന് പനിയും ജലദോഷവുമുണ്ടായിരുന്നുവത്രേ. തുടര്‍ന്ന് അവധിയിലായിരുന്ന മുദിത് തിരിച്ച് സ്കൂളില്‍ വന്ന ദിവസമായിരുന്നു അത്. കുട്ടി ഉഷാറായിട്ടാണ് സ്കൂളില്‍ വന്നതെന്ന് അധ്യാപകര്‍ പറയുന്നു.

ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം സംഭവിക്കുക അധികവും മുതിര്‍ന്നവരിലാണല്ലോ. ഇരുപതുകളിലും മുപ്പതുകളിലുമുള്ള ചെറുപ്പക്കാരില്‍ പോലും ഹൃദയാഘാതം അത്ര സാധാരണമല്ല. അപ്പോള്‍ പിന്നെ കുട്ടികളുടെ കാര്യം പറയാനില്ലല്ലോ.

എന്നാല്‍ കുട്ടികളിലും ഹൃദയാഘാതത്തിനുള്ള സാധ്യതയുണ്ട്. ഇതി തെളിയിക്കുന്ന ചില വാര്‍ത്തകളെങ്കിലും ഇടയ്ക്ക് നമ്മളെ തേടിയെത്താറുണ്ട്. ഇപ്പോഴിതാ ഗുജറാത്തിലെ രാജ്‍കോട്ടില്‍ നിന്ന് സമാനമായൊരു ദുഖവാര്‍ത്ത എത്തിയിരിക്കുകയാണ്.

പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന, പതിനേഴ് വയസ് മാത്രം പ്രായമുള്ള വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം ക്സാസ്മുറിയില്‍ തന്നെ കുഴഞ്ഞുവീണ് മരിച്ചു എന്നതാണ് വാര്‍ത്ത. രാജ്‍കോട്ടിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായ മുദിത് നദിയാപരയാണ് മരിച്ചത്. 

ഏതാനും ദിവസങ്ങളായി മുദിതിന് പനിയും ജലദോഷവുമുണ്ടായിരുന്നുവത്രേ. തുടര്‍ന്ന് അവധിയിലായിരുന്ന മുദിത് തിരിച്ച് സ്കൂളില്‍ വന്ന ദിവസമായിരുന്നു അത്. കുട്ടി ഉഷാറായിട്ടാണ് സ്കൂളില്‍ വന്നതെന്ന് അധ്യാപകര്‍ പറയുന്നു. പെട്ടെന്ന് ക്ലാസ്മുറിയില്‍ വച്ച് അസാധാരണമായ രീതിയില്‍ വിയര്‍ത്തൊലിക്കുകയും ഉടൻ തന്നെ കുഴഞ്ഞുവീഴുകയുമായിരുന്നുവത്രേ.

പള്‍സില്ലെന്ന് മനസിലാക്കിയ അധ്യാപകര്‍ ചേര്‍ന്ന് സിപിആര്‍ നല്‍കിയെങ്കിലും പോസിറ്റീവായ പ്രതികരണമുണ്ടായില്ല.വൈകാതെ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.

കുട്ടികളില്‍ ഹൃദയാഘാതം?

ഇത്തരം വാര്‍ത്തകളെല്ലാം ആളുകളില്‍ വലിയ രീതിയിലുള്ള ആശങ്ക സൃഷ്ടിക്കാറുണ്ട്. എന്നാല്‍ ആദ്യമേ സൂചിപ്പിച്ചത് പോലെ കുട്ടികളില്‍ പ്രത്യേകിച്ച് ഇരുപത് വയസിന് താഴെയുള്ളവരിലൊന്നും ഹൃദയാഘാതം അത്ര സാധാരണമല്ല. ശക്തമായ കാരണങ്ങള്‍- എന്നുപറഞ്ഞാല്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ തന്നെയേ ഈ പ്രായക്കാരില്‍ ഹൃദയാഘാതമുണ്ടാകൂ.

മുദിത്തിന്‍റെ കാര്യത്തിലും അവസ്ഥ മറിച്ചല്ല. ഗുരുതരമായ ഹൃദ്രോഗമായിരുന്നു മുദിത്തിന്. എന്നാല്‍ ഇക്കാര്യം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഹൃദയത്തിന്‍റെ ഇടതുഭാഗമാണ് കൂടുതല്‍ രക്തവും പമ്പ് ചെയ്യുന്നത്. ഈ ഭാഗത്തായിരുന്നു മുദിത്തിന് പ്രശ്നമുണ്ടായിരുന്നത്. അതിനാല്‍ തന്നെ പമ്പിംഗിന് പ്രയാസമുണ്ടായിരുന്നുവെന്നും രണ്ടോ മൂന്നോ കൊല്ലം കൂടി ഇതേ അവസ്ഥയില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഹൃദയം തകര്‍ന്ന് മരിക്കുന്ന അവസ്ഥ നേരിടേണ്ടിവരുമായിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അറിയിക്കുന്നു. 

യാതൊരു ലക്ഷണങ്ങളും ഹൃദ്രോഗത്തിന്‍റെതോയി കുട്ടിയിലുണ്ടായിരുന്നില്ല എന്നാണ് മാതാപിതാക്കള്‍ അറിയിക്കുന്നത്. കൊവിഡ് ബാധിച്ചിട്ടില്ല. വാക്സിുകളെല്ലാം എടുത്തിരുന്നു. വളരെ ആരോഗ്യവാനായിട്ടാണ് കണ്ടിരുന്നത് എന്നെല്ലാമാണ് മുദിത്തിനെ കുറിച്ച് അച്ഛൻ പറയുന്നത്. 

ഹൃദ്രോഗങ്ങളില്‍ പലപ്പോഴും പ്രകടമായ ലക്ഷണങ്ങളുണ്ടാകില്ല എന്നത് റിസ്ക് തന്നെയാണ്. പലപ്പോഴും കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ചെക്കപ്പ് നടത്തിയാല്‍ മാത്രമേ ഇത്തരത്തിലുള്ള നിശബ്ദഘാതകരായ അസുഖങ്ങളെ സമയബന്ധിതമായി കണ്ടെത്താനും ചികിത്സിക്കാനും സാധിക്കൂ.

എന്തായാലും ഇങ്ങനെയുള്ള അസുഖങ്ങളൊന്നുമില്ലാത്ത പക്ഷം കുട്ടികളില്‍ ഹൃദയാഘാതം സംഭവിക്കാനുള്ള സാധ്യതകളില്ലെന്ന് മനസിലാക്കുക. ഒപ്പം തന്നെ വര്‍ഷത്തിലൊരിക്കലെങ്കിലും കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ചെക്കപ്പ് നടത്തുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കുക കൂടി ചെയ്യൂ.

Also Read:- വയറുവേദനയും ഛര്‍ദ്ദിയും വിശപ്പില്ലായ്മയും ഒരിക്കലും നിസാരമാക്കരുത്; ഈ രോഗമാണോ എന്ന് പരിശോധിക്കുക...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Oommen Chandy passes away| ഉമ്മൻ ചാണ്ടി അന്തരിച്ചു| Asianet News Live | Kerala Live TV News