Asianet News MalayalamAsianet News Malayalam

സെക്‌സിലേർപ്പെടാൻ 237 കാരണങ്ങൾ ഇതാ..!

സെക്സിനെ സ്ത്രീകൾ, പ്രൊമോഷൻ, ശമ്പളവർധന, സമ്മാനങ്ങൾ തുടങ്ങിയ നേട്ടങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നു എന്ന പൊതു ധാരണകളെ തിരുത്തിക്കുറിക്കുന്നതാണ്  ഓസ്റ്റിൻ സർവകലാശാല നടത്തിയ ഈ പഠനങ്ങളുടെ ഫലം.

237 reasons to have sex study by austin university researchers
Author
Austin, First Published Jul 15, 2021, 12:56 PM IST

മനുഷ്യർ എന്തുകൊണ്ടാണ് പരസ്പരം പ്രാപിക്കുന്നത്, രതിയിലേർപ്പെടുന്നത് എന്നതിന്റെ രഹസ്യം തേടി അനാദികാലം തൊട്ടുതന്നെ അന്വേഷണങ്ങൾ പലതുമുണ്ടായിട്ടുണ്ട് എങ്കിലും, കാരണങ്ങളെ വേണ്ടപോലെ ക്രോഡീകരിക്കാനുള്ള അവധാനത അക്കാലത്തൊന്നും ഉണ്ടായിരുന്നില്ല. രതിക്രീഡകളുടെ കാര്യകാരണങ്ങളെക്കുറിച്ച് ചാൾസ് ഡാർവിനെപ്പോലുള്ള ശാസ്ത്രജ്ഞർ പലരും, കൂടുതൽ മികച്ച ജീൻ ഉത്പാദിപ്പിക്കാൻ, അന്തസ്സാർജ്ജിക്കാൻ, സമ്പത്തു നേടാൻ തുടങ്ങിയ ചില വിശദീകരണങ്ങൾ ഒക്കെ നൽകിയിട്ടുണ്ട് എങ്കിലും, സെക്‌സിന് പിന്നിലെ പ്രേരണകളെക്കുറിച്ച് ഒരു കാമസൂത്ര മോഡൽ പഠനത്തിന് ഇതുവരെ ആരും മുതിർന്നുകണ്ടിട്ടില്ല. 

ഇക്കാര്യത്തിലെ ഉദാസീനതയെക്കുറിച്ച് ഒരുപക്ഷെ ആരും വേണ്ടത്ര ചിന്തിച്ചു കാണില്ല. രതിയിലേർപ്പെടാൻ അങ്ങനെ കാരണമൊക്കെ വേണോ എന്നാവും പലരും ഓർത്തിട്ടുണ്ടാവുക. ശരീരങ്ങൾ തമ്മിലുള്ള സംഗമത്തിലേക്ക് ആണും പെണ്ണും എടുത്തുചാടും മുമ്പുള്ള നിമിഷങ്ങളിൽ അവരുടെ മസ്തിഷ്കങ്ങളിൽ എന്തൊക്കെ രാസപ്രവർത്തനങ്ങളാകും നടന്നിട്ടുണ്ടാവുക എന്ന കുതൂഹലം അല്പം പോലുമില്ലാത്തവർക്ക് വേണമെങ്കിൽ  വായന ഈ നിമിഷം ഇവിടെ വെച്ചവസാനിപ്പിക്കാം. 

എന്നാൽ, ഇന്ന് ആ ജിജ്ഞാസയ്ക്കും കൗതുകത്തിനുമെല്ലാം ഒരു അന്തമുണ്ടായിരിക്കുകയാണ്. 2007 -ൽ അമേരിക്കയിലെ ഓസ്റ്റിൻ സർവകലാശാലയിലെ ഒരു കൂട്ടം ഗവേഷകർ ചേർന്ന് നടത്തിയ ഒരു പഠനം, ആ ചോദ്യത്തിനുള്ള ഉത്തരവുമായി എത്തിയിരുന്നു. രണ്ടായിരത്തിൽ അധികം പേരോട്, "നിങ്ങൾ എന്തിന് സെക്സിൽ ഏർപ്പെടുന്നു?" എന്ന ചോദ്യം ചോദിച്ചപ്പോൾ കിട്ടിയ ഉത്തരങ്ങളാണ് അവർ ഗവേഷണഫലമായി ശേഖരിച്ചിട്ടുള്ളത്. ആ ഉത്തരങ്ങൾ  വിശകലനം ചെയ്തുകൊണ്ട് ഗവേഷകർ ക്രോഡീകരിച്ച 237 കാരണങ്ങൾ അടങ്ങിയ പട്ടികയിൽ ഏറെ രസകരമായ പല ഉത്തരങ്ങളുമുണ്ട്. അതിൽ, "എനിക്ക് ദൈവത്തോട് കൂടുതൽ അടുക്കണം എന്നുണ്ടായിരുന്നു" എന്നുതുടങ്ങി, "ഞാൻ നല്ല ഫിറ്റായിരുന്നു" എന്നതുവരെയുള്ള ഏറെ കൗതുകകരമായ പലതുമുണ്ട്. 

 

237 reasons to have sex study by austin university researchers

ഗവേഷകരായ സിൻഡി എം മെസ്റ്റൻ, ഡേവിഡ് എം ബസ്സ് എന്നിവർ  ചേർന്നാണ്  ഇങ്ങനെയൊരു ഗവേഷണത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. 'ആർക്കൈവ്‌സ് ഓഫ് സെക്ഷ്വൽ ബിഹേവിയർ' മാസികയുടെ 2007 ഓഗസ്റ്റ് ലക്കത്തിൽ അച്ചടിച്ചുവന്ന തങ്ങളുടെ ഈ പഠനമാണ് രതികാരണങ്ങളുടെ ലോകത്തിലെ തന്നെ ഏറ്റവും സമഗ്രമായ പട്ടിക എന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.

ഉദാ. തലവേദന എന്നതിന്, "ഇന്ന് വേണ്ട" എന്നു പറഞ്ഞൊഴിയാനുള്ള ഒരു കാരണം എന്നതിൽ ഉപരിയായ ഒരു സാംഗത്യം രതിയെ നിർണയിക്കുന്നതിൽ ഉണ്ട് എന്നു നമുക്ക് അറിയില്ലായിരുന്നു. "തലവേദന മാറ്റാൻ വേണ്ടി" സെക്സിൽ ഏർപ്പെട്ടവർ ഇക്കൂട്ടത്തിൽ നിരവധി പേരുണ്ടായിരുന്നു. പട്ടികയിൽ 173 -ാം സ്ഥാനത്താണ് ഈ കാരണം.  മറ്റു രസകരമായ ചില കാരണങ്ങൾ, "ഉറക്കം കിട്ടാൻ വേണ്ടി", "എന്റെ പങ്കാളിയുടെ ആത്മവീര്യം കൂട്ടാൻ വേണ്ടി", "കാലറി എരിച്ചു കളയാൻ വേണ്ടി", "തണുപ്പത്ത് ദേഹത്തിനു ചൂട് കിട്ടാൻ വേണ്ടി", ശത്രുവിനോട് പകരം വീട്ടാൻ വേണ്ടി", "സംസാരിച്ചുവന്ന ഇഷ്ടമില്ലാത്ത വിഷയം മാറ്റാൻ വേണ്ടി" എന്നിവയാണ്. ഏറ്റവും ഉഴപ്പൻ കാരണം, "രതി നല്ലൊരു വ്യായാമമായി തോന്നി" എന്നുള്ളതാണ്. അതുപോലെ, "എന്നെ വെല്ലുവിളിച്ചതിന്റെ പേരിലാണ്" എന്നു പറഞ്ഞവരുമുണ്ട്. 

ചില്ലറക്കാർ അല്ല ഈ ഗവേഷകർ. ഡോ. ബസ്സ്, രതിയിലേർപ്പെടുന്നതിന്റെ തന്ത്രങ്ങളെപ്പറ്റി അതിലെ കൗശലങ്ങളെപ്പറ്റി വർഷങ്ങളായി ആഴത്തിലുള്ള പഠനങ്ങൾ നടത്തുന്ന ഒരു ശാസ്ത്രജ്ഞനാണ്. 'The Evolution of Desire' എന്ന അദ്ദേഹത്തിന്റെ പുസ്തകം ഏറെ പ്രസിദ്ധമാണ്. എന്നാൽ, ഈ പഠനം പൂർത്തിയാക്കും വരെ അദ്ദേഹം പോലും ഇത്രക്ക് വ്യത്യസ്തങ്ങളായ കാരണങ്ങൾ ജനം സെക്സിൽ ഏർപ്പെടുന്നതിനുണ്ടാകും എന്നു പ്രതീക്ഷിച്ചിരുന്നില്ല. സെക്‌സിന് പിന്നിൽ പ്രവർത്തിക്കുന്ന മനഃശാസ്ത്രത്തിന്റെ  വൈവിധ്യം അടുത്തറിഞ്ഞപ്പോൾ താൻ അത്ഭുതപരതന്ത്രനായി എന്നാണ് ഡോ. ബസ്സ് പറഞ്ഞത്. 

237 reasons to have sex study by austin university researchers

ഗവേഷകർ ചെയ്തത് ഇങ്ങനെയായിരുന്നു. ആദ്യം 400 പേരോട് അവർ സെക്സിൽ ഏർപ്പെടുന്നതിനു പിന്നിലെ കാരണമെന്ത് എന്നു ചോദിച്ചു. ആ കാരണങ്ങളെ ഒരു പട്ടികയാക്കി, 1500 പേരോട് ഈ കാരണങ്ങളെ അവർ എത്രമാത്രം പ്രാധാന്യത്തോടെ കാണുന്നു എന്നുള്ള അഭിപ്രായം രേഖപ്പെടുത്താൻ ആവശ്യപ്പെട്ടു. ടെക്സസ് സർവകലാശാലയിലെ ഏറെക്കുറെ ഒരേ പ്രായത്തിലുള്ള  വിദ്യാർത്ഥികളുടെ ഒരു സാമ്പിൾ സെറ്റ് ആയിരുന്നു ഏതെങ്കിലും, 237 കാരണങ്ങൾ അടങ്ങിയ ആ പട്ടികയിലെ ഓരോ കാരണവും ചുരുങ്ങിയത് ഒരാളെങ്കിലും താൻ സെക്സിൽ ഏർപ്പെടുന്നതിനുള്ള മുഖ്യ കാരണമായി പരാമർശിച്ചിരുന്നു. 

സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ ഏറ്റവും മുന്നിൽ നിൽക്കുന്ന കാരണം ഒന്ന് തന്നെയാണ്, "എനിക്ക് വല്ലാത്ത ഒരു ആകർഷണം തോന്നി..! " ടോപ് ടെൻ കാരണങ്ങളുടെ പട്ടികയിലെ അടുത്ത ഒൻപതു കാരണങ്ങളും ലിംഗഭേദമെന്യേ ഏകദേശം ഒന്നുതന്നെയാണ്. ഉദാ. "എനിക്ക് അവനോട്/അവളോടുള്ള സ്നേഹം പ്രകടിപ്പിക്കണം എന്നു തോന്നി", അല്ലെങ്കിൽ "ശാരീരിക ബന്ധം എന്തെന്ന് അറിയണമെന്നുണ്ടായിരുന്നു" എന്നോ അല്ലെങ്കിൽ, "ഞാൻ വല്ലാത്തൊരു ലൈംഗികോത്തേജനത്തിൽ ആയിരുന്നു, എനിക്ക് ഒരു റിലീസ് അത്യാവശ്യമായിരുന്നു" എന്നോ, അതുമല്ലെങ്കിൽ "നല്ല രസം തോന്നി" എന്നോ ഒക്കെ ആയിരുന്നു ബാക്കി. 

ഈ കാരണങ്ങൾ പറഞ്ഞവരിൽ അധികവും പുരുഷന്മാർ തന്നെ ആയിരുന്നു. സ്ത്രീകളുടെ പ്രധാന കാരണങ്ങൾ, "എനിക്ക് അയാളോടുള്ള സ്നേഹം അറിയിക്കണം എന്നു തോന്നി", "ഞാൻ പ്രണയത്തിലാണ് എന്നു തിരിച്ചറിഞ്ഞു" എന്നൊക്കെ ആയിരുന്നു. 

237 reasons to have sex study by austin university researchers

സെക്സിനെ സ്ത്രീകൾ, പ്രൊമോഷൻ, ശമ്പളവർധന, സമ്മാനങ്ങൾ തുടങ്ങിയ നേട്ടങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നു എന്ന പൊതു ധാരണകളെ തിരുത്തിക്കുറിക്കുന്നതാണ് ഈ പഠനങ്ങളുടെ ഫലം. പുരുഷന്മാരാണ് അത് കൂടുതൽ ചെയ്യുന്നത് എന്നു പഠനം പറയുന്നു. "സ്വന്തം സ്റ്റാറ്റസ് ബൂസ്റ്റ് ചെയ്യാൻ വേണ്ടി" എന്നു പറഞ്ഞവരിൽ കൂടുതലും പുരുഷന്മാർ തന്നെയായിരുന്നു. "തന്നെക്കാൾ എത്രയോ വലിയ നിലയിൽ" നിൽക്കുന്നവർ എന്ന കാരണത്താൽ പിന്തുടർന്ന് സെക്സ് നേടിയെടുത്തവരും പുരുഷന്മാർ തന്നെ കൂടുതൽ. "സെക്‌സിന് ഒരവസരം മുന്നിൽ വന്നപ്പോൾ അത് പ്രയോജനപ്പെടുത്തി" എന്നു പറഞ്ഞവരിലും പുരുഷന്മാർ തന്നെ മുന്നിൽ. 

ഈ 237 കാരണങ്ങളെയും ഡോ. ബസ്സ് നാലു വിശാലമായ ഗണത്തിലേക്ക് തിരിച്ചു നിർത്തുന്നുണ്ട്. 

1. ശാരീരികമായ കാരണങ്ങൾ :  "അവളുടെ കണ്ണുകൾക്ക് വല്ലാത്ത ഭംഗി ആയിരുന്നു", "ആ ശരീരം ആരാണ് ഒന്ന് മോഹിച്ചു പോവാത്തത്?", "അവനു നന്നായി ചുംബിക്കാനറിയാം" "വല്ലാത്ത ഫിസിക്കൽ അട്രാക്ഷൻ ആയിരുന്നു, നിയന്ത്രിക്കാനായില്ല മനസ്സിനെ", "ഒരിക്കലെങ്കിലും ജീവിതത്തിൽ ഓർഗാസം എന്തെന്നറിയാൻ മോഹമുണ്ടായിരുന്നു" എന്നിങ്ങനെ പലതുണ്ട് ഈ ഗണത്തിൽ പെട്ട കാരണങ്ങൾ. 

2. ഗൂഢോദ്ദേശ്യം വെച്ചുള്ളത് : "എന്നെ അവൻ വഞ്ചിച്ചു, എനിക്ക് തിരിച്ച് അവനെയും വഞ്ചിക്കണം", "ശത്രുവിന്റെ ബന്ധം തകർക്കാൻ വേണ്ടി", "പണം സമ്പാദിക്കാൻ", "പ്രസിദ്ധി നേടാൻ", "ബെറ്റ് ജയിക്കാൻ" എന്നിങ്ങനെ പലതുണ്ട് ഇക്കൂട്ടത്തിൽ. 

237 reasons to have sex study by austin university researchers

3. വൈകാരികമായ കാരണങ്ങൾ : "കുറേക്കൂടി ഗാഢമാക്കണം ബന്ധം എന്നുണ്ടായിരുന്നു", "അവന്റെ/അവളുടെ ആത്മവീര്യം ഉയർത്താൻ", "നന്ദി പറയാൻ", "അയാളുടെ ഇന്റലിജൻസിനോടുള്ള ആരാധനപ്പുറത്ത്" തുടങ്ങി പലതുമുണ്ട് ഈ ഗണത്തിൽ.

4. അരക്ഷിതാവസ്ഥ കാരണം : "സമ്മതിച്ചില്ലെങ്കിൽ എന്തുകരുതും എന്നു വിചാരിച്ച്", "എന്റെ ആത്മാഭിമാനം ഒന്ന് ബൂസ്റ്റ് ചെയ്യാൻ" , "ഇതിന് സമ്മതിച്ചാൽ അവൻ എന്റെ കൂടെ നേരം ചെലവിടൂ" എന്നിങ്ങനെ പലതും.


കടമ നിറവേറ്റാൻ എന്നപോലെ സെക്സിൽ ഏർപ്പെടുന്ന പതിവ് സ്ത്രീകളിലാണ് കൂടുതലായും കണ്ടുവരുന്നത് എന്നു ഡോ. ബസ്സ് നടത്തിയ മറ്റൊരു സമാന്തര പഠനം പറയുന്നു. അതുപോലെ തങ്ങളുടെ പങ്കാളി വഴി പിഴച്ചു പോവാതിരിക്കാൻ വേണ്ടി ബന്ധത്തിൽ ഏർപ്പെടുന്നവർ സ്ത്രീ പുരുഷ ഭേദമില്ലാതെ ഉണ്ട് എന്നും പഠനം പറഞ്ഞു. അതായത് താൻ സെക്സിൽ ഏർപ്പെടാൻ വിസമ്മതിച്ചാൽ പങ്കാളി മറ്റേതെങ്കിലും ഇണയെ അന്വേഷിച്ച് പോകുമോ എന്ന ഭയമാണ് പലരെയും അത്ര താത്പര്യം ഇല്ലാതിരുന്നിട്ടും സെക്സിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്നത് എന്നർത്ഥം.  

എന്തായാലെയും, സെക്സിൽ ഏർപ്പെടാനുള്ള പരശ്ശതം കാരണങ്ങൾ വിശദമായ ഗവേഷണത്തിലൂടെ ഇങ്ങനെ ക്രോഡീകരിക്കപ്പെട്ട സ്ഥിതിക്ക്, സെക്സിൽ നിന്ന് ഒഴിവാക്കാൻ പങ്കാളികൾ പരസ്പരം പറയുന്ന കാരണങ്ങളുടെ, ഒഴിവുകഴിവുകളുടെ ഒരു പട്ടിക കൂടി താമസിയാതെ പഠനം നടത്തി പുറത്തുവിടണം എന്ന ആവശ്യമാണ് ഇതേപ്പറ്റി സോഷ്യൽ മീഡിയയിൽ നിന്ന് ഉയർന്നു വന്നിട്ടുള്ളത്. 
 

Follow Us:
Download App:
  • android
  • ios