കൊവിഡ് 19 മഹാമാരി ഏറ്റവുമധികം തിരിച്ചടികള്‍ സമ്മാനിച്ചയിടമാണ് യു.എസ്. ഒന്നരക്കോടിയിലധികം ആളുകളെ ഇവിടെ കൊവിഡ് 19 ബാധിച്ചപ്പോള്‍ അതില്‍ 2,73,000 പേരും മരണത്തിന് കീഴടങ്ങി. 

ഇപ്പോഴിതാ ചെറിയൊരു ഇടവേളയ്ക്ക് ശേഷം കൊവിഡിന്റെ രണ്ടാം തരംഗത്തിലും അമേരിക്ക പതറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ മാത്രം 2,700 കൊവിഡ് രോഗികളാണ് മരിച്ചത്. 24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നു. 

ഏപ്രില്‍ മാസത്തിന് ശേഷം ഇതാദ്യമായാണ് ഒറ്റ ദിവസത്തിനുള്ളില്‍ ഇത്രയധികം കൊവിഡ് മരണങ്ങള്‍ യുഎസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതുപോലെ തന്നെ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും ഏറെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 

കൊവിഡ് ആദ്യമായി സ്ഥിരീകരിക്കപ്പെട്ടത് മുതല്‍ തന്നെ വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നുവെങ്കില്‍ ഇത്രയധികം മരണം സംഭവിക്കുന്നത് ഒഴിവാക്കാമായിരുന്നുവെന്നായിരുന്നു യുഎസിലെ സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ട് പുറത്തുവന്ന വിവിധ റിപ്പോര്‍ട്ടുകള്‍ നേരത്തേ മുതല്‍ തന്നെ വിശദമാക്കുന്നത്. സര്‍ക്കാരിന്റെ അനാസ്ഥയാണ് കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിലേക്ക് നയിച്ചതെന്ന നിലയ്ക്ക് നിലവിലുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഏറെ വിമര്‍ശനങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു.

Also Read:- കൊവിഡിനെ തുരത്താന്‍ മൂക്കില്‍ അടിക്കുന്ന സ്‌പ്രേ; പുതിയ ചുവടുവയ്പുമായി യുഎസ് ഗവേഷകര്‍...