Asianet News MalayalamAsianet News Malayalam

കൊവിഡിനെ തുരത്താന്‍ മൂക്കില്‍ അടിക്കുന്ന സ്‌പ്രേ; പുതിയ ചുവടുവയ്പുമായി യുഎസ് ഗവേഷകര്‍

ശ്രദ്ധേയമായൊരു ചുവടുവയ്പ് നടത്തുകയാണ് യുഎസില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍. കൊവിഡിനെ ചെറുക്കാന്‍ മൂക്കില്‍ അടിക്കാവുന്നൊരു സ്‌പ്രേ (നേസല്‍ സ്‌പ്രേ) വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇവര്‍. പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും 'റീജെനറോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്' എന്ന കമ്പനിയില്‍ നിന്നുമുള്ള ഗവേഷകരാണ് ഇതിന് നേതൃത്വം നല്‍കുന്നത്

researchers developing nasal spray to resist covid 19
Author
USA, First Published Dec 2, 2020, 4:59 PM IST

കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ അതിശക്തമായ പോരാട്ടത്തിലാണ് ലോകം. രോഗത്തിനെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന വാക്‌സിനുകള്‍ വൈകാതെ തന്നെ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഏവരും തുടരുന്നത്. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും വാക്‌സിനുകള്‍ അവസാനഘട്ട പരീക്ഷണങ്ങളിലുമാണ്. 

എന്നാല്‍ ഇതിനിടെ ശ്രദ്ധേയമായൊരു ചുവടുവയ്പ് നടത്തുകയാണ് യുഎസില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍. കൊവിഡിനെ ചെറുക്കാന്‍ മൂക്കില്‍ അടിക്കാവുന്നൊരു സ്‌പ്രേ (നേസല്‍ സ്‌പ്രേ) വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇവര്‍. പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും 'റീജെനറോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്' എന്ന കമ്പനിയില്‍ നിന്നുമുള്ള ഗവേഷകരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. 

കൊറോണ വൈറസിനെതിരെ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കാന്‍ നമ്മുടെ കോശങ്ങളെ വളരെ എളുപ്പത്തില്‍ സജ്ജമാക്കുകയാണത്രേ ഈ മരുന്ന് ചെയ്യുക. മൂക്കിലൂടെ പ്രയോഗിക്കുന്ന സ്‌പ്രേയുടെ ഒരേയൊരു ഡോസ് കൊണ്ട് ആറ് മാസം വരെ വൈറസില്‍ നിന്ന് സുരക്ഷിതരായിരിക്കാനാകുമെന്നും ഗവേഷകര്‍ അവകാശപ്പെടുന്നുണ്ട്. 

ശരീരത്തിനകത്തേക്ക് കയറിപ്പറ്റുന്ന വൈറസിനെ മൂക്കിന്റെയും വായുടേയും ട്രാക്കുകളില്‍ വച്ച് തന്നെ ആന്റിബോഡികളാല്‍ കടന്നാക്രമിച്ച് കീഴ്‌പ്പെടുത്താന്‍ തക്ക തരത്തില്‍ കോശങ്ങള്‍ സജ്ജമായിരിക്കും. അതിനാല്‍ രോഗകാരികള്‍ ഒരിക്കലും ശ്വാസകോശം വരെയെത്തുകയില്ലെന്നാണ് ഇവര്‍ വാദിക്കുന്നത്. നിലവില്‍ മൃഗങ്ങളിലാണ് മരുന്നിന്റെ പരീക്ഷണം നടക്കുന്നത്. ഇനി മനുഷ്യരില്‍ കൂടി വിജയകരമായി പരീക്ഷണം പൂര്‍ത്തിയാക്കിയാല്‍ മരുന്ന് വിപണിയിലെത്തിക്കാനുള്ള നടപടികളിലേക്ക് എളുപ്പത്തില്‍ കടക്കാനാണ് ഗവേഷകരുടെ തീരുമാനം. 

ഈ സ്‌പ്രേയ്‌ക്കൊപ്പം തന്നെ വാക്‌സിന്‍ കൂടി ഉപയോഗിക്കേണ്ടതായി വരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഏതായാലും കൊവിഡിനെ ചെറുക്കാന്‍ 'നേസല്‍ സ്‌പ്രേ' എന്നത് തീര്‍ത്തും വിപ്ലവകരമായ കണ്ടുപിടിത്തം തന്നെയാകും എന്നതില്‍ സംശയമില്ല.

Also Read:- കൊവിഡ് ബാധിച്ച യുവാവിന്റെ ശ്വാസകോശം മാറ്റിവച്ചു; ഇന്ത്യയിലാദ്യം....

Follow Us:
Download App:
  • android
  • ios