വേദനയില്ലാതെ, വളരെ പതുക്കെ കാഴ്ച കുറയുന്ന ഈ അവസ്ഥ സാധാരണയായി പ്രായമായവരിലാണ് കണ്ടുവരുന്നതെങ്കിലും ഏത് പ്രായത്തിലുള്ളവർക്കും ഇത് വരാം.

പ്രായം കൂടുന്തോറും കാഴ്ച മങ്ങുന്നത് സ്വാഭാവികമാണെന്ന് കരുതി പലരും അവഗണിക്കുന്ന ഒന്നാണ് തിമിരം. വേദനയില്ലാതെ, വളരെ പതുക്കെ കാഴ്ച കുറയുന്ന ഈ അവസ്ഥ സാധാരണയായി പ്രായമായവരിലാണ് കണ്ടുവരുന്നതെങ്കിലും ഏത് പ്രായത്തിലുള്ളവർക്കും ഇത് വരാം. തിമിരത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ വാർദ്ധക്യസഹജമായ കാഴ്ചക്കുറവായി തെറ്റിദ്ധരിക്കാറുള്ളതിനാൽ പലരും ചികിത്സ തേടാൻ വൈകാറുണ്ട്. എന്നാൽ ഈ ലക്ഷണങ്ങളെ അവഗണിക്കരുത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

1. മങ്ങിയ കാഴ്ച

കണ്ണടയിലെ ഗ്ലാസിൽ മൂടൽമഞ്ഞ് പടർന്നതുപോലെ വസ്തുക്കൾ വ്യക്തതയില്ലാതെ കാണപ്പെടുക എന്നതാണ് തിമിരത്തിന്റെ പ്രധാന ലക്ഷണം. ഒന്നിനും മുൻപത്തെപ്പോലെ മൂർച്ചയോ തിളക്കമോ ഉള്ള വ്യക്തത ഉണ്ടാകില്ല.

2. രാത്രികാലങ്ങളിലെ കാഴ്ചക്കുറവ്

തിമിര ബാധിതർക്ക് രാത്രികാലങ്ങളിൽ വാഹനം ഓടിക്കുന്നത് കഠിനമായിരിക്കും. സ്ട്രീറ്റ് ലൈറ്റുകളുടെയും മറ്റ് വാഹനങ്ങളുടെയും ഹെഡ്‌ലൈറ്റുകളുടെയും വെളിച്ചം കണ്ണിലേക്ക് അമിതമായി അടിക്കുന്നതായും റോഡ് വ്യക്തമല്ലാത്തതായും തോന്നും. കൂടാതെ ദൂരം കൃത്യമായി കണക്കാക്കാനും ബുദ്ധിമുട്ട് നേരിടും.

3. നിറങ്ങളുടെ മങ്ങൽ

കണ്ണിലെ ലെൻസിന്റെ സുതാര്യത നഷ്ടപ്പെടുന്നതോടെ ചുറ്റുമുള്ള നിറങ്ങളുടെ ഭംഗി കുറഞ്ഞതായി തോന്നും. വെള്ള നിറത്തിന് നേരിയ മഞ്ഞനിറം കലർന്നതായും, മറ്റ് തിളക്കമുള്ള നിറങ്ങൾക്ക് മങ്ങലേറ്റതായും അനുഭവപ്പെടാം.

4. ഇടയ്ക്കിടെയുള്ള കണ്ണ് ചിമ്മൽ

കൂടുതൽ വെളിച്ചമുള്ള സ്ഥലങ്ങളിലേക്ക് നോക്കുമ്പോൾ കണ്ണിന് അസ്വസ്ഥത തോന്നുകയും കണ്ണ് ചിമ്മുകയും ചെയ്യും. അമിതമായ പ്രകാശം പലപ്പോഴും തലവേദനയ്ക്കും കാരണമാകാറുണ്ട്.

5. കണ്ണടയുടെ പവറിൽ അടിക്കടിയുണ്ടാകുന്ന മാറ്റം

തിമിരത്തിന്റെ ഏറ്റവും പൊതുവായ ലക്ഷണങ്ങളിൽ ഒന്നാണിത്. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ കണ്ണടയുടെ പവർ ഇടയ്ക്കിടെ മാറ്റേണ്ടി വരുന്നത് തിമിരത്തിന്റെ ലക്ഷണമാകാം.

6. ശ്രദ്ധിക്കേണ്ടത്

ലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടമല്ലെങ്കിൽ പോലും 40 വയസ്സ് കഴിഞ്ഞവർ ചുരുങ്ങിയത് രണ്ട് വർഷത്തിലൊരിക്കലെങ്കിലും കൃത്യമായ നേത്രപരിശോധന നടത്തേണ്ടത് ആവശ്യമാണ്. തിമിരം നേരത്തെ തിരിച്ചറിയുന്നത് കാഴ്ച പൂർണ്ണമായി സംരക്ഷിക്കാൻ സഹായിക്കും.