രോഗലക്ഷണങ്ങൾ ഉണ്ടാകുന്നതിന് മുൻപ് തന്നെ സ്തനാരോഗങ്ങൾ തടയാനും മുൻകരുതലെടുക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.

അസ്വസ്ഥതകളോ മുഴകളോ കണ്ടുതുടങ്ങുമ്പോൾ മാത്രമാണ് പലപ്പോഴും നമ്മൾ ഡോക്ടറെ സമീപിക്കാറുള്ളത്. എന്നാൽ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നതിന് മുൻപ് തന്നെ സ്തനാരോഗങ്ങൾ തടയാനും മുൻകരുതലെടുക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ജീവിതശൈലി മാറ്റങ്ങൾ കൊണ്ട് മാത്രം രോഗങ്ങൾ പൂർണ്ണമായി തടയാനാകില്ലെങ്കിലും, ചില ശീലങ്ങൾ സ്തനാർബുദ സാധ്യത കുറയ്ക്കും. അവ എന്തൊക്കെയാണെന്ന് അറിയാം.

1. കൃത്യമായ വ്യായാമം

ശരീരഭാരം നിയന്ത്രിക്കാനും ഹോർമോൺ വ്യതിയാനങ്ങൾ തടയാനും പതിവായ വ്യായാമം സഹായിക്കും. ഇത് സ്തനാർബുദ സാധ്യത കുറയ്ക്കാൻ ഏറെ ഉത്തമമാണ്. ഇതിനായി കഠിനമായ വ്യായാമങ്ങൾ ചെയ്യേണ്ടതില്ല. ആഴ്ചയിൽ 5 ദിവസമെങ്കിലും 30 മിനിറ്റ് വീതം വേഗത്തിലുള്ള നടത്തം, നീന്തൽ, സൈക്ലിംഗ്, അല്ലെങ്കിൽ നൃത്തം എന്നിവ ചെയ്യുന്നത് വളരെ നല്ലതാണ്.

2. സമീകൃതാഹാരം

സ്തനാർബുദത്തെ പ്രതിരോധിക്കാൻ ഒരു പ്രത്യേക ഭക്ഷണം മാത്രം സഹായിക്കില്ല. അതിനായി സമീകൃതമായ ഭക്ഷണക്രമം ശീലമാക്കുക. ദിവസേനയുള്ള ഭക്ഷണത്തിൽ പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, അണ്ടിപ്പരിപ്പ്, സീഡ്‌സ് എന്നിവ ഉൾപ്പെടുത്തണം. റെഡ് മീറ്റ്, അമിതമായി സംസ്കരിച്ച ക്ഷണങ്ങൾ, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കാം.

3.മദ്യപാനം പൂർണ്ണമായി ഒഴിവാക്കുക

മദ്യപാനവും സ്തനാർബുദ സാധ്യതയും തമ്മിൽ ശക്തമായ ബന്ധമുണ്ട്. കുറഞ്ഞ അളവിലുള്ള മദ്യപാനം പോലും സുരക്ഷിതമല്ലെന്നാണ് വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. മദ്യപാനം പൂർണ്ണമായും ഒഴിവാക്കുന്നതാണ് ആരോഗ്യം സംരക്ഷിക്കാൻ ഏറ്റവും അനുയോജ്യം.

4. സ്വയം സ്തന പരിശോധന നടത്താം

എല്ലാ സ്ത്രീകളും മാസം തോറുമുള്ള സ്വയം പരിശോധന ശീലമാക്കേണ്ടതുണ്ട്. സ്വന്തം ശരീരത്തിലെ മാറ്റങ്ങൾ തിരിച്ചറിയാൻ ഇത് സഹായിക്കും. സ്തനങ്ങളിൽ ഉണ്ടാകുന്ന പുതിയ മുഴകൾ, ചർമ്മത്തിലെ ചുളിവുകൾ, മുലക്കണ്ണുകളിൽ നിന്നുള്ള ദ്രാവക ചോർച്ച, മുലക്കണ്ണുകൾ ഉള്ളിലേക്ക് വലിഞ്ഞുപോകുന്നത്, അല്ലെങ്കിൽ ആകൃതിയിൽ ഉണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറെ കാണേണ്ടതാണ്.

5. ക്ലിനിക്കൽ പരിശോധനകളും സ്‌ക്രീനിംഗും

നല്ല ജീവിതശൈലി പിന്തുടർന്നതുകൊണ്ട് മാത്രം രോഗസാധ്യത ഇല്ല എന്ന് ഉറപ്പുപറയാൻ സാധിക്കില്ല. അതിനായി കൃത്യമായ ഇടവേളകളിൽ പരിശോധനകൾ അത്യാവശ്യമാണ്. മുപ്പതുകൾക്ക് ശേഷം ഡോക്ടറുടെ നേതൃത്വത്തിലുള്ള പരിശോധനകൾ ആരംഭിക്കാം. ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് തന്നെ സ്തനാർബുദം കണ്ടെത്തുന്നതിന് പരിശോധനകൾ ഏറെ സഹായകരമാണ്. കുടുംബത്തിലെ രോഗചരിത്രവും വ്യക്തിഗത ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് ഏത് പ്രായത്തിൽ എത്ര ഇടവേളകളിൽ സ്‌ക്രീനിംഗ് നടത്തണം എന്ന് ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കാം.