ഭൂരിഭാഗം ആളുകളും ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ കഴിക്കുന്നില്ല എന്നതാണ് ഡയറ്റിൽ വരുത്തുന്ന പ്രധാന തെറ്റ്.

പഞ്ചസാരയും വറുത്ത ഭക്ഷണങ്ങളും ഒഴിവാക്കിയത് കൊണ്ടുമാത്രം നല്ല പോഷകാഹാരം ലഭിക്കണമെന്നില്ല. ഭക്ഷണത്തിന്റെ ഗുണനിലവാരവും സന്തുലിതാവസ്ഥയുമാണ് പ്രധാനം. ഈ അബദ്ധങ്ങൾ ഒഴിവാക്കാം.

1. ആവശ്യത്തിന് പ്രോട്ടീൻ കഴിക്കാതിരിക്കുന്നത്

ഭൂരിഭാഗം ആളുകളും ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ കഴിക്കുന്നില്ല എന്നതാണ് ഡയറ്റിൽ വരുത്തുന്ന പ്രധാന തെറ്റ്. പേശികളുടെ ബലം നിലനിർത്താനും, പെട്ടെന്ന് വിശക്കാതിരിക്കാനും, ആരോഗ്യത്തോടെ വാർദ്ധക്യത്തിലേക്ക് നീങ്ങാനും പ്രോട്ടീൻ അത്യാവശ്യമാണ്. മുട്ട, പാൽ ഉൽപ്പന്നങ്ങൾ, പയറുവർഗ്ഗങ്ങൾ, മത്സ്യം, ഇറച്ചി എന്നിവ ഓരോ നേരത്തെ ഭക്ഷണത്തിലും ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

2. കാർബോഹൈഡ്രേറ്റുകൾ പൂർണ്ണമായി ഒഴിവാക്കുന്നത്

ആരോഗ്യകരമായ ഭക്ഷണരീതി എന്നാൽ കാർബോഹൈഡ്രേറ്റ് പൂർണ്ണമായി ഒഴിവാക്കലാണെന്ന് പലരും കരുതുന്നു. എന്നാൽ ഇത് ശരീരത്തിന് ദോഷം ചെയ്യും. ശരീരത്തിന് ആവശ്യമായ പ്രധാന ഊർജ്ജസ്രോതസ്സാണിത്. പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, മൈദ കൊണ്ടുള്ള ബ്രെഡ് എന്നിവ ഒഴിവാക്കി പകരം തവിടു കളയാത്ത ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ചെറുധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണ് വേണ്ടത്.

3. ഭക്ഷണ സാധനങ്ങൾ ശ്രദ്ധയോടെ വാങ്ങാതിരിക്കുന്നത്

ഒരു ഉൽപ്പന്നത്തിന്റെ കവറിനു പുറത്ത് ഓർഗാനിക്, നാച്ചുറൽ, മൾട്ടിഗ്രെയിൻ, ഹൈ-പ്രോട്ടീൻ എന്ന് എഴുതിയിരിക്കുന്നത് കണ്ട് അത് ആരോഗ്യകരമാണെന്ന് കരുതരുത്. പലതിലും ഉയർന്ന അളവിൽ ഉപ്പും, പഞ്ചസാരയും, അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ടാകും. പരസ്യ വാചകങ്ങൾ നോക്കാതെ ഉൽപ്പന്നത്തിന് പിന്നിലെ ചേരുവകളുടെ ലിസ്റ്റ് വായിച്ചു നോക്കാൻ ശീലിക്കുക.

4. ആവശ്യത്തിന് ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കുന്നത്

നമ്മുടെ ഭക്ഷണത്തിൽ പലപ്പോഴും വിട്ടുപോകുന്ന ഒന്നാണ് ഫൈബർ. ദഹന ആരോഗ്യത്തിനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, കൊളസ്ട്രോൾ കുറയ്ക്കാനും ഫൈബർ ആവശ്യമാണ്. പച്ചക്കറികൾ, പഴങ്ങൾ, പയറുവർഗ്ഗങ്ങൾ, നട്സ്, വിത്തുകൾ എന്നിവയിലൂടെ ഫൈബർ ശരീരത്തിൽ എത്തിക്കാൻ ശ്രദ്ധിക്കുക.

5. ആരോഗ്യകരമായ ഭക്ഷണങ്ങൾ എത്ര വേണമെങ്കിലും കഴിക്കാം എന്ന് കരുതുന്നത്

നട്സ്, വിത്തുകൾ, ഒലിവ് ഓയിൽ എന്നിവ പോഷകസമൃദ്ധമാണെങ്കിലും അവയിൽ കലോറി കൂടുതലാണ്. ഇവ അമിതമായി കഴിക്കുന്നത് ശരീരഭാരം കൂടാൻ കാരണമാകും. ആരോഗ്യകരമായ ഭക്ഷണമാണെങ്കിലും അത് കൃത്യമായ അളവിൽ മാത്രം കഴിക്കുക.

6. കടുത്ത ഡയറ്റുകൾക്ക് പിന്നാലെ പോവുക

പെട്ടെന്ന് വണ്ണം കുറയ്ക്കാനായി ചില ഭക്ഷണവിഭവങ്ങൾ പൂർണ്ണമായി ഒഴിവാക്കുന്ന തരം ഡയറ്റുകൾ ദീർഘകാലത്തേക്ക് പിന്തുടരാൻ കഴിയില്ല. ഇത് ശരീരത്തിൽ പോഷകക്കുറവുണ്ടാക്കും. കൃത്യസമയത്ത് സന്തുലിതമായ ഭക്ഷണം കഴിക്കുക, നന്നായി ഉറങ്ങുക, വ്യായാമം ചെയ്യുക തുടങ്ങിയ ലളിതവും സ്ഥിരവുമായ ശീലങ്ങളാണ് ആരോഗ്യത്തിന് ആവശ്യം.