Asianet News MalayalamAsianet News Malayalam

64-കാരിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തതത് എട്ട് കിലോ തൂക്കമുള്ള മുഴ; ശസ്ത്രക്രിയ തിരുവനന്തപുരം എഎസ്എടിയിൽ

എസ്എടി യിൽ നടന്ന ശസ്ത്രക്രിയയിൽ 64 വയസുകാരിയുടെ വയറിൽ നിന്നും  എട്ടുകിലോ തൂക്കമുള്ള മുഴ നീക്കം ചെയ്തു.  

64 year old woman had an eight kilogram tumor removed from her stomach Surgery at SAT hospital Thiruvananthapuram
Author
Kerala, First Published Jan 25, 2021, 6:55 PM IST

തിരുവനന്തപുരം: എസ്എടിയിൽ നടന്ന ശസ്ത്രക്രിയയിൽ 64 വയസുകാരിയുടെ വയറിൽ നിന്നും  എട്ടുകിലോ തൂക്കമുള്ള മുഴ നീക്കം ചെയ്തു.  കൊല്ലം സ്വദേശിനിയായ വൃദ്ധയുടെ ഗർഭപാത്രത്തിൽ നിന്നാണ്  30 സെൻ്റീമീറ്റർ വീതം നീളവും വീതിയും ആഴവുമുള്ള മുഴ പുറത്തെടുത്തത്. വിശപ്പില്ലായ്മ, വയറുവേദന, ശരീരഭാരം കുറയൽ എന്നീ ലക്ഷണങ്ങളുമായാണ് വൃദ്ധ ഒൻപതു മാസം മുമ്പ് ആശുപത്രിയിലെത്തിയത്. 

മാത്രമല്ല, ഉയർന്ന രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനും ചികിത്സയിലായിരുന്നു.  തുടർന്ന് നടത്തിയ പരിശോധനയിൽ മുഴ കണ്ടെത്തി. 64 വയസുള്ള രോഗിയായതിനാൽ കാൻസറായിരിക്കാമെന്ന സംശയവും ഡോക്ടർമാർക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ എത്രയും വേഗം ശസ്ത്രക്രിയയ്ക്ക് വിധേയയാകണമെന്നും രോഗിയോട് നിർദ്ദേശിച്ചു. എന്നാൽ കോവിഡിൻ്റെ  പശ്ചാത്തലത്തിൽ ചികിത്സയ്ക്കെത്താൻ തയ്യാറാകാതിരുന്ന രോഗി ശാരീരിക അസ്വസ്ഥതകൾ വർദ്ധിച്ചതിനെ തുടർന്ന് ഒൻപതു മാസങ്ങൾക്കു ശേഷമാണ് അശുപത്രിയിലെത്തിയത്. 

ചികിത്സയ്ക്കെത്താൻ  വൈകിയതോടെ ഒൻപതു മാസം കൊണ്ട്  ഗർഭാശയ മുഴ എട്ടു കിലോഗ്രാം തൂക്കത്തിലേയ്ക്ക് വളർന്നു വലുതാകുകയും ചെയ്തു. ഗൈനക്കോളജി വിഭാഗത്തിലെ ഡോ ശ്രീലതയുടെ യൂണിറ്റിൽ അഡ്മിറ്റായ രോഗിക്ക്  ഡോ. ബിന്ദു നമ്പീശൻ, ഡോ. ജെ സിമി എന്നിവരുടെ നേതൃത്വത്തിൽ അതിസങ്കീർണ്ണമായ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്യുകയായിരുന്നു. സങ്കീർണ്ണമായതുകൊണ്ടുതന്നെ ശസ്ത്രക്രിയാ വേളയിൽ രോഗിക്ക് നാല് യൂണിറ്റ് രക്തവും നൽകേണ്ടി വന്നു. 

അനസ്തേഷ്യാ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ജയകുമാർ, ഡോ. കൃഷ്ണ, ഡോ. അഞ്ജു, നഴ്‌സ് ലക്ഷ്മി എന്നിവർ ശസ്ത്രക്രിയയിൽ പങ്കാളികളായി. കൊവിഡ് വ്യാപനത്തിൻ്റെ പേരിൽ അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള നിരവധി രോഗികൾ ചികിത്സയ്ക്കെത്താതെ ഇതു പോലെ വീട്ടിൽ കഴിയുന്നുണ്ടെന്ന് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. വി ആർ നന്ദിനി പറഞ്ഞു. യഥാസമയം ചികിത്സയ്ക്കെത്താതിരിക്കുന്നത് അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും ഡോക്ടർ ഓർമ്മിപ്പിച്ചു.
 

Follow Us:
Download App:
  • android
  • ios