ഗ്യാസ് സംബന്ധമായ അസുഖമാണെന്ന് കരുതി യുവതി പലവിധ ചികിത്സകൾ നടത്തിയെങ്കിലും സുഖമായില്ല. വയർ വലുതായി വന്നപ്പോഴായിരുന്നു...
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ 20 കാരിയുടെ വയറ്റിൽ നിന്നും 7.1 കിലോ ഗ്രാം ഭാരമുള്ള അണ്ഡാശയ മുഴ നീക്കം ചെയ്തു. പോത്തന്നൂർ സ്വദേശിനിയായ യുവതിയുടെ വയറ്റിൽ നിന്നാണ് മുഴ നീക്കം ചെയ്തത്. ഗ്യാസ് സംബന്ധമായ അസുഖമാണെന്ന് കരുതി യുവതി പലവിധ ചികിത്സകൾ നടത്തിയെങ്കിലും സുഖമായില്ല. വയർ വലുതായി വന്നപ്പോഴായിരുന്നു നെയ്യാൻറ്റിൻകര ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്. വയറ്റിൽ അണ്ഡാശയ മുഴയാണെന്ന് പരിശോധനയിൽ വ്യക്തമായി. വിശദമായ പരിശോധനയിൽ ക്യാൻസർ സാധ്യത ഉൾപ്പടെ ഇല്ലെന്ന് ഉറപ്പുവരുത്തിയായിരുന്നു സർജറി.
ഒടുക്കത്തെ വിശപ്പ്, നായ തിന്നത് 24 സോക്സുകൾ; ഒടുവിൽ ജീവൻ രക്ഷിക്കാൻ അടിയന്തര ശസ്ത്രക്രിയ
ഇത്ര വലിപ്പമുള്ള മുഴ അതേപോലെ നീക്കം ചെയ്യുന്നത് കുട്ടിയുടെ ഭാവി ജീവിതത്തെ ഉൾപ്പടെ ബാധിക്കുമെന്നതിനാൽ മുഴയിൽ നിന്നുള്ള നീര് വലിച്ചെടുത്താണ് സർജറി ചെയ്ത് മുഴ പുറത്തെടുത്തത്. ഏഴ് ലിറ്ററോളം വരുന്ന നീര് വലിച്ചെടുത്ത ശേഷമാണ് മുഴ പുറത്തെടുക്കാനായത്. ഗൈനക്കോളജിസ്റ്റ് ഡോ. ഗീത ഷാനവാസിന്‍റെയും അനസ്തീഷ്യോളജിസ്റ്റുമാരായ ഡോ. നിഷ, ഡോ. അനുഷ, സീനിയർ നഴ്സിംഗ് ഓഫീസർ സുജ എസ് ജി, നഴ്സിംഗ് ഓഫീസർമാരായ സ്മിത, അംബിക, ഒ ടി ടെക്നീഷ്യൻ ആര്യ എന്നിവരുടെയും നേതൃത്വത്തിലാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. സർജറി വിജയകരമായി നടന്നെന്നും യുവതി ഡിസ്ചാർജായെന്നും ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ്‌കുമാർ അറിയിച്ചു.
അതിനിടെ കൊച്ചിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 15 വയസുകാരന്റെ തൊണ്ടയിൽ കുടുങ്ങിയ ഹാങ്ങർ ഹുക്ക്, എൻഡോസ്കോപ്പി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു എന്നതാണ്. മാർച്ച് 10 ന് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്ക് എത്തിയ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന 15 വയസുകാരന്റെ ജീവനാണ് സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത്. രണ്ട് ദിവസമായി കുടുങ്ങിയിരുന്ന ഹാങ്ങർ ഹുക് മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. കുട്ടിയുടെ അന്നനാളത്തിൽ സാരമായ ക്ഷതം ഏൽപ്പിച്ച്, ശ്വാസനാളത്തിലും ഞെരുക്കം ഉണ്ടാകാവുന്ന നിലയിൽ ഇരുന്ന ഹുക് എൻഡോസ്കോപ്പിലൂടെ മെറ്റലും, പ്ലാസ്റ്റിക്കും വെവ്വേറെയാക്കിയാണ് പുറത്തെടുത്തത്. ഇഎൻടി വിഭാഗം വകുപ്പ് മേധാവിയായ ഡോ. തുളസീധരനും, അനസ്തേഷ്യ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. രാജേഷും, സ്റ്റാഫ് നഴ്സുമാരും ഉൾപ്പെടുന്ന ടീമാണ് എൻഡോസ്കോപ്പി ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.
