കൊവിഡ് ഏറ്റവും ​ഗുരുതരമായി ബാധിച്ചത് പുരുഷന്മാരെയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 45 ശതമാനവും 60 വയസില്‍ താഴെയുള്ളവരാണെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.

യുകെയില്‍ കണ്ടെത്തിയ വൈറസിന്റെ വകഭേദം ഇന്ത്യയിലെത്തിയെന്ന് അറിയിച്ചതിന് പിന്നാലെയാണ് ആരോഗ്യമന്ത്രാലയം കൊവിഡ് രോഗം കാരണം മരണമടയുന്നവരിൽ കൂടുതലും പുരുഷന്മാരാണെന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. ജനിതകമാറ്റം സംഭവിച്ച വൈറസ് പഴയതിനെ അപേക്ഷിച്ച് 70 ശതമാനം അധികം വ്യാപനശേഷിയുള്ളതാണെന്നും മന്ത്രാലയം അറിയിച്ചു.

'17 വയസ്സിന് താഴെയുള്ളവരിൽ എട്ട് ശതമാനവും 18-25 വയസ് പ്രായമുള്ളവരിൽ 13 ശതമാനവും 26-44 വയസ് പ്രായമുള്ളവരിൽ 39 ശതമാനവും 45-60 വയസ്സിനിടയിൽ 26 ശതമാനവും 60 വയസ്സിനു മുകളിലുള്ള 14 ശതമാനവും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്... ' - ഭൂഷൺ പറഞ്ഞു.

 2.7 ലക്ഷം പേരാണ് ഇപ്പോൾ രോ​ഗബാധിതരായി ചികിത്സയിലുള്ളതെന്നും കഴിഞ്ഞ ആഴ്ചയിലെ പോസിറ്റീവ് നിരക്ക് 2.25 ശതമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് 19 വാക്സിനുകൾ വൈറസിന്റെ പുതിയ വകഭേദങ്ങൾക്കെതിരെ പ്രവർത്തിക്കുമെന്നും യുകെയിൽ നിന്നോ ദക്ഷിണാഫ്രിക്കയിൽ നിന്നോ റിപ്പോർട്ട് ചെയ്യപ്പെടുന്ന SARS-CoV-2 നിന്ന് സംരക്ഷിക്കുന്നതിൽ നിലവിലെ വാക്സിനുകൾ പരാജയപ്പെടുമെന്നതിന് തെളിവുകളില്ലെന്നും കേന്ദ്രം അറിയിച്ചു.

യുകെയിൽ നിന്ന് റിപ്പോർട്ടുചെയ്‌ത കൊവിഡ് 19 വെെറസിൽ നിന്ന് സംരക്ഷിക്കുന്നതിൽ നിലവിലെ വാക്‌സിനുകൾ പരാജയപ്പെടുമെന്നതിന് തെളിവുകളൊന്നുമില്ല. വാക്സിനുകൾ നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുകയും വൈവിധ്യമാർന്ന സംരക്ഷണ ആന്റിബോഡികൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നുവെന്ന്  ‌പ്രിൻസിപ്പൽ സയന്റിഫിക്‌ അഡ്‌വൈസർ കെ വിജയരാഘവൻ പറഞ്ഞു.