വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം നടന്നിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അമ്പരിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി JNCI ക്യാന്‍സര്‍ സ്പെക്ട്രം. 9/11 ഭീകരാക്രമണത്തിന് ശേഷം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ആളുകള്‍ക്കിടയില്‍ ക്യാന്‍സര്‍ നിരക്ക് കൂടുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2001 സെപ്റ്റംബര്‍ പതിനൊന്നിനാണ് വേള്‍ഡ് ട്രേഡ് സെന്റർ ആക്രമിക്കപ്പെട്ടത്. ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട സംഭവത്തിനു ശേഷം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കും മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ പ്രവര്‍ത്തിച്ചവര്‍ക്കും ആണ് ക്യാന്‍സര്‍ ബാധിച്ചതെന്നുമാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.  ലുക്കീമിയ ആണ് ഇവരില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് എന്നും പഠനം പറയുന്നു. 

50,000  ത്തോളം ആളുകള്‍ ആണ് അന്ന് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതെന്നാണ് കണക്ക്. കെട്ടിടം തകര്‍ന്നപ്പോള്‍ ഉണ്ടായ പൊടിപടലങ്ങള്‍ ശ്വസിച്ചതാണ് ക്യാന്‍സര്‍ നിരക്ക് വര്‍ധിക്കാനുള്ള കാരണമായി പറയുന്നു. 'ദ വാള്‍ സ്ട്രീറ്റ് ജേണല്‍' അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.