ശസ്ത്രക്രിയക്കിടെ പിയാനോ വായിക്കുകയോ? അസാധ്യമെന്ന് തോന്നുന്ന ഇക്കാര്യം ചെയ്ത് ശ്രദ്ധ നേടിയിരിക്കുകയാണ് ഇവിടെയൊരു പെണ്‍കുട്ടി. മധ്യപ്രദേശ് ഗ്വാളിയറിലെ ഒൻപതുവയസുകാരിയാണ് ബിഐഎംആർ ആശുപത്രിയിൽ മസ്തിഷ്ക ശസ്ത്രക്രിയക്കിടെ പിയാനോ വായിച്ചത്. 

തലച്ചോറിലെ ട്യൂമർ നീക്കം ചെയ്യുന്നതിന് പൂർണ ബോധാവസ്ഥയിലാണ് സൗമ്യ എന്ന പെൺകുട്ടി ശസ്ത്രക്രിയക്ക് വിധേയയായത്. ഞായറാഴ്ച ഡോക്ടർമാർ തലയില്‍ ശസ്ത്രക്രിയ നടത്തുന്നതിടെ സൗമ്യ കൈവിരലുകൾ കൊണ്ട് പിയാനോ വായിക്കുകയായിരുന്നു. ശസ്ത്രക്രിയ കാരണം കൈവിരലുകളുടെ ചലനങ്ങളും കൈകളുടെ പ്രവർത്തനങ്ങളും തകരാറാലികുന്നില്ല എന്ന് ഉറപ്പാക്കുന്നതിനായിരുന്നു ഇത്. 

എഎന്‍ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നെങ്കിലും ശസ്ത്രക്രിയ വിജയകരമായെന്ന് ന്യൂറോ സർജൻ അഭിഷേക് ചൗഹാൻ പറഞ്ഞു. ''ഞാൻ ആറ് മണിക്കൂർ കീ ബോർഡ് വായിച്ചു. മൊബൈൽ ഫോണിൽ ഗെയിമുകളും കളിച്ചു. ഇപ്പോൾ നല്ല ആശ്വാസം തോന്നുന്നു''- ശസ്ത്രക്രിയക്ക് ശേഷം സൗമ്യ എഎന്‍ഐയോട് പറഞ്ഞു. 

 

Also Read: ഒരുവശത്തെ മൂക്കിലൂടെ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്; 59 കാരനെ പരിശോധിച്ച ഡോക്ടര്‍മാര്‍ അമ്പരന്നു!