ആറാം വയസിൽ മൂക്കിനുള്ളില്‍ കയറ്റിയ നാണയം അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം നീക്കം ചെയ്തു. റഷ്യൻ സ്വദേശിയായ 59 കാരന്‍റെ മൂക്കിൽ നിന്നാണ് ശസ്ത്രക്രിയയിലൂടെ നാണയം പുറത്തെടുത്തത്. 

ഇയാൾക്ക് ആറുവയസുള്ളപ്പോഴാണ് ഈ നാണയം മൂക്കിനുള്ളിലകപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അന്ന് അമ്മയെ  പേടിച്ച് ഇക്കാര്യം പുറത്തു പറഞ്ഞിരുന്നില്ല. മറ്റ് ബുദ്ധിമുട്ടുകളൊന്നും അന്ന് അനുഭവപ്പെടാതിരുന്നതിനാൽ സംഭവം മറക്കുകയും ചെയ്തു എന്നും മധ്യവയസ്കന്‍ പറയുന്നു. 

വർഷങ്ങളോളം നാണയം മൂക്കിലിരുന്നിട്ടും ഇയാൾക്ക് ഒരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. എന്നാൽ അടുത്തിടെയാണ് വലതുവശത്തെ മൂക്കിലൂടെ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ട് തുടങ്ങിയത്. തുടർന്ന് ഇയാള്‍ ഡോക്ടറെ സമീപിക്കുകയായിരുന്നു. 

പരിശോധനിയില്‍ മൂക്കിനുള്ളില്‍ നിന്നും നാണയം കണ്ടെത്തി. അപ്പോഴാണ് കുട്ടിക്കാലത്ത് അകത്തേയ്ക്ക് കയറ്റിയ മെറ്റൽ വസ്തു ഇത്രയും കാലം തന്‍റെ മൂക്കിലുണ്ടായിരുന്നുവെന്ന കാര്യം 59കാരനും തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെ നാണയം പുറത്തെടുക്കുകയായിരുന്നു. 

Also Read: വാക്‌സിന്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയെന്ന് വൊളണ്ടിയര്‍; പരാതിക്കാരനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്...