മെയ് അഞ്ചിനാണ് ഭൂബനേശ്വര്‍ സ്വദേശിയായ അന്നപൂര്‍ണ ബിസ്വാള്‍ കൊവിഡ് പൊസിറ്റീവ് ആകുന്നത്. ഉടന്‍ തന്നെ മക്കളടക്കമുള്ള കുടുംബാംഗങ്ങള്‍ ചേര്‍ന്ന് അവരെ കൊവിഡ് ചികിത്സയ്ക്കുള്ള പ്രത്യേക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാരടക്കം ആരും അന്നപൂര്‍ണ തിരിച്ച് ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല

കൊവിഡ് 19 മഹാമാരി നമുക്കറിയാം നേരത്തേ ആരോഗ്യപ്രശ്‌നങ്ങളോ മറ്റ് അസുഖങ്ങളോ ഉള്ളവരില്‍ പെട്ടെന്ന് തീവ്രമാകാനുള്ള സാധ്യതകളേറെയാണ്. ഇത്തരക്കാര്‍ക്ക് കൊവിഡ് മൂലമുള്ള വിഷമതകളെ മറികടക്കുന്നതിനായി നല്‍കുന്ന മരുന്നുകളും ചില സന്ദര്‍ഭങ്ങളില്‍ തിരിച്ചടിയായി വരാറുണ്ട്. 

പ്രത്യേകിച്ച് പ്രമേഹം, രക്തസമ്മര്‍ദ്ദം (ബിപി) എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളുള്ളവരാണ് കൊവിഡില്‍ നിന്ന് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതെന്ന് ആരോഗ്യവിദഗ്ധര്‍ ഇതിനോടകം തന്നെ പലയാവര്‍ത്തി പറഞ്ഞുകഴിഞ്ഞു. എന്നാല്‍ പ്രമേഹവും ബിപിയും ഒപ്പം 'ഫൈലേറിയ' എന്ന അസുഖവും കൂടി ഉണ്ടായിട്ടും 98 വയസായ സ്ത്രീ കൊവിഡിനെ അതിജീവിച്ച കഥയാണ് ഒഡീഷയിലെ ഭൂബനേശ്വറില്‍ നിന്ന് വരുന്നത്. 

മെയ് അഞ്ചിനാണ് ഭൂബനേശ്വര്‍ സ്വദേശിയായ അന്നപൂര്‍ണ ബിസ്വാള്‍ കൊവിഡ് പൊസിറ്റീവ് ആകുന്നത്. ഉടന്‍ തന്നെ മക്കളടക്കമുള്ള കുടുംബാംഗങ്ങള്‍ ചേര്‍ന്ന് അവരെ കൊവിഡ് ചികിത്സയ്ക്കുള്ള പ്രത്യേക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാരടക്കം ആരും അന്നപൂര്‍ണ തിരിച്ച് ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. 

പ്രായവും ആദ്യം സൂചിപ്പിച്ചത് പോലെ നേരത്തേയുള്ള അസുഖങ്ങളും തന്നെയായിരുന്നു അന്നപൂര്‍ണയുടെ കേസില്‍ പ്രധാന പ്രശ്‌നങ്ങളായി വന്നത്. എന്നാല്‍ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് അവര്‍ മരുന്നുകളോട് കൃത്യമായി പ്രതികരിച്ചു. ഒരേ ഒരാഴ്ചയുടെ സമയത്തിനുള്ളില്‍ കൊവിഡ് നെഗറ്റീവ് ആയി അന്നപൂര്‍ണ ആശുപത്രിയില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. 

Also Read:- ഹൈദരാബാദിൽ 110 വയസുകാരൻ കൊവിഡ് രോഗമുക്തി നേടി...

ആശുപത്രിയില്‍ നിന്ന് കിട്ടിയ ചികിത്സയുടെയും കരുതലിന്റെയും ഭാഗമായാണ് അമ്മ ജീവിതത്തിലേക്ക് തിരികെ വന്നതെന്നാണ്അന്നപൂര്‍ണയുടെ മകന്‍ കുലമണി ബിസ്വാള്‍ പറയുന്നത്. അവര്‍ക്ക് കൊവിഡിനെ അതിജീവിക്കാന്‍ കഴിയുമെന്ന് തങ്ങളാരും പ്രതീക്ഷിച്ചില്ലെന്ന് പേരമകള്‍ രാജശ്രീയും പറയുന്നു. ഏതായാലും കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് ഇത്രമാത്രം നഷ്ടങ്ങള്‍ സമ്മാനിക്കുമ്പോള്‍ ഇത്തരം വാര്‍ത്തകളേകുന്ന ആശ്വാസം ചെറുതല്ലെന്ന് തന്നെ പറയാം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona