കൊവിഡ് രോഗികളുടെ ചികിത്സക്കായി പ്ലാസ്മ തെറാപ്പി പരീക്ഷിക്കാൻ 99 സ്ഥാപനങ്ങൾ തയ്യാറായിട്ടുണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). പ്ലാസ്മ തെറാപ്പി പരീക്ഷണാടിസ്ഥാനത്തിൽ നടത്താൻ  ഡ്രഗ്‌ കൺട്രോളർ ജനറൽ ഇന്ത്യ നേരത്തെ അനുമതി നൽയിരുന്നു.

കൊവിഡ് രോഗം ഭേദമായിക്കൊണ്ടിരിക്കുന്ന ആളിൽ നിന്നാണ് പ്ലാസ്മ പരീക്ഷണാടിസ്ഥാനത്തിൽ ശേഖരിക്കുന്നത്. ഇവരിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്മ പരീക്ഷണാടിസ്ഥാനത്തിൽ രോഗികളിൽ പ്രയോഗിക്കുന്നതിന് സ്ഥാപനങ്ങൾ എത്തിക്സ് കമ്മിറ്റിയുടെ അനുവാദം തേടിയിരിക്കണം. പ്ലാസ്മാ തെറാപ്പി പരീക്ഷിക്കാൻ പോകുന്ന ഓരോ സ്ഥാപനവും അതാതിടത്തെ എത്തിക്സ് കമ്മിറ്റി മുഖേനെ പ്രാദേശികമായി എത്തിക്സ് ക്ലിയറൻസ് നേടേണ്ടതുണ്ടെന്ന് ഐസിഎംആർ നേരത്തെ അറിയിച്ചിരുന്നു.

അപേക്ഷ നൽകിയവരിൽ നിന്ന് യോഗ്യരെന്ന് കണ്ടെത്തി തിരഞ്ഞെടുക്കുന്നവർക്ക് പഠനത്തിന് ഐസിഎംആർ സാമ്പത്തിക സഹായം നൽകും. അതിനിടെ രോഗം ഭേദമായവരുടെ പ്ലാസ്മ ഉപയോഗിക്കുന്നത് പരീക്ഷണാടിസ്ഥാനത്തിൽ ആണെന്നും ഇതൊരു ചികിത്സാമാർഗമായി തങ്ങൾ ഉപദേശിക്കുന്നില്ലെന്നും ഐസിഎംആർ വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ് രോഗമുക്തി നേടുന്നവരുടെ രക്തത്തില്‍ വൈറസിനെതിരായ ആന്‍റിബോഡികൾ ഉണ്ടാകാം. ഇവരുടെ രക്തത്തിൽ നിന്ന് വേർതിരിക്കുന്ന പ്ലാസ്മയിൽ ഈ ഘടകങ്ങൾ ഉണ്ടാകും. ഇത്തരത്തിൽ ശേഖരിച്ച പ്ലാസ്മ കൊവിഡ് ഗുരുതരമായവരിൽ  ഉപയോഗിക്കുകയാണ് ഇവിടെ ചെയ്യുന്നത്. 

READ MORE: കൊവിഡ് 19; എന്താണ് കോണ്‍വാലസന്റ് പ്ലാസ്മ തെറാപ്പി ചികിത്സ?