കൊവിഡ് രോഗത്തിനെതിരെ വൻ പരീക്ഷണത്തിനൊരുങ്ങി കേരളം. കൊവിഡ് രോഗം ഭേദമായവരുടെ രക്തം രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗിക്ക് നൽകാനാണ് നീക്കം. കണ്‍വാലസന്‍റ് പ്ലാസ്മ എന്ന് അറിയപ്പെടുന്ന ഈ ചികിത്സ പരീക്ഷിക്കാൻ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് ഐസിഎംആറില്‍ നിന്നും അനുമതി ലഭിച്ചു. 

എന്താണ് പ്ലാസ്മ തെറാപ്പി ചികിത്സ?

കൊവിഡ് 19 ബാധിച്ച് രോഗം ഭേദമായവരുടെ രക്തത്തിലെ ആന്റിബോഡി ഉപയോഗിച്ച് ചികിത്സിക്കുന്ന രീതിയാണ് "കോൺവാലസെന്‍റ് പ്ലാസ്മ തെറാപ്പി". ഇത്തരത്തിൽ ശേഖരിക്കുന്ന രക്തത്തിൽനിന്ന് വേർതിരിക്കുന്ന ആന്‍റിബോഡി ചികിത്സയിലുള്ള കൊവിഡ് 19 രോഗിയിൽ കുത്തിവെക്കുകയാണ് ചെയ്യുന്നത്. കൊവിഡ് ബാധിച്ച് രോഗമുക്തരായവരിൽ വൈറസിനെ ചെറുക്കുന്ന ആന്റിബോഡി രക്തത്തിൽ ഉണ്ടാകും.

രോഗം ഭേദമായി ചികിത്സ അവസാനിപ്പിച്ച് രണ്ട് ആഴ്ചയ്ക്ക് ശേഷമാണ് രക്തത്തിലെ പ്ലാസ്മ ശേഖരിക്കുന്നത്. തുടർന്ന് ഈ പ്ലാസ്മയിലെ ആന്റിബോഡി മറ്റ് രോഗികളിൽ ചികിത്സയ്ക്ക് വേണ്ടി ഉപയോഗിക്കുന്നതാണ് രീതി. ഈ കുത്തിവെപ്പ് നടത്തിയതോടെ രോഗലക്ഷണങ്ങൾ കുറയുകയും ശരീരത്തിൽ ഓക്സിജന്‍റെ അളവ് കൂടുകയും വൈറസ് പതുക്കെ നിർവീര്യമായി തുടങ്ങുകയും ചെയ്തതായാണ് ഗവേഷകസംഘം അവകാശപ്പെടുന്നത്.

ചികിത്സ വിജയകരം...

 ചൈനയിലും അമേരിക്കയിലും അടക്കം പ്ലാസ്മ ചികിത്സാ രീതിക്ക് അനുകൂല ഫലമാണ് ലഭിക്കുന്നത്. ചൈനയിലെ രണ്ട് ആശുപത്രികളിലാണ് കോവിഡ് 19ന് എതിരെ പ്ലാസ്മ തെറാപ്പി ചികിത്സ ആദ്യം ഉപയോഗിച്ചത്. പിന്നീട് ദക്ഷിണകൊറിയയിലും ഇത് പ്രയോഗിച്ചു. ഈ ചികിത്സ 100 ശതമാനം വിജയകരമാണെന്നാണ് വിവിധ ശാസ്ത്രജ്ഞൻമാർ അറിയിക്കുന്നത്. രോഗം ഭേദമായവരിൽനിന്ന് എടുത്തു കുത്തിവെച്ച ആന്‍റിബോഡി ചികിത്സ പരീക്ഷിച്ച പത്തുപേരിലും വിജയകരമായിരുന്നു. അമേരിക്കയിലും പ്ലാസ്മ തെറാപ്പി ചികിത്സയ്ക്ക് ഫുഡ് ആൻഡ് ഡ്രഗ് കൺട്രോൾ അനുമതി നൽകിയിട്ടുണ്ട്.