Asianet News MalayalamAsianet News Malayalam

അബോർഷൻ; കാരണങ്ങളും ലക്ഷണങ്ങളും

ആദ്യത്തെ പന്ത്രണ്ട് ആഴ്ചയ്ക്കുള്ളിലാണ് അബോര്‍ഷന് സാധ്യത കൂടുതല്‍. പതിനഞ്ച് ശതമാനം ഗര്‍ഭിണികളില്‍ അബോര്‍ഷന്‍ സാധ്യത കണക്കാക്കുന്നു. അമ്മയുടെ പ്രായം അബോര്‍ഷനില്‍ ഒരു പ്രധാന ഘടകമാണ്. 

abortion causes and symptoms
Author
Trivandrum, First Published Jul 31, 2019, 10:08 AM IST

അബോർഷൻ അഥവാ ഗർഭഛിദ്രം ഒരു സ്ത്രീയെ ശാരീരികമായും മാനസികമായും ആഘാതത്തിലാഴ്ത്തുന്ന ഒന്നാണ്. അബോര്‍ഷന്‍ പല കാരണങ്ങള്‍കൊണ്ടും സംഭവിക്കാം. ഇതില്‍ ഒഴിവാക്കപ്പെടാനാവാത്ത കാരണങ്ങള്‍ പോലുമുണ്ട്. സാധാരണയായി ഗര്‍ഭം ധരിച്ച് ഇരുപത്തിരണ്ട് ആഴ്ചയ്ക്കുള്ളില്‍ അലസിപ്പോകുന്നതിനെയാണ് അബോര്‍ഷന്‍ എന്നു പറയുന്നത്.

ജനിതക വൈകല്യമാണ് അബോര്‍ഷന് ഒരു പ്രധാന കാരണം. ആദ്യത്തെ പന്ത്രണ്ട് ആഴ്ചയ്ക്കുള്ളിലാണ് അബോര്‍ഷന് സാധ്യത കൂടുതല്‍. പതിനഞ്ച് ശതമാനം ഗര്‍ഭിണികളില്‍ അബോര്‍ഷന്‍ സാധ്യത കണക്കാക്കുന്നു. അമ്മയുടെ പ്രായം അബോര്‍ഷനില്‍ ഒരു പ്രധാന ഘടകമാണ്. ഇരുപത് വയസിനും മുപ്പത് വയസിനും ഇടയിലാണ് ഗര്‍ഭധാരണത്തിന് ഏറ്റവും അനുയോജ്യമായ പ്രായം. അമ്മയുടെ പ്രായം കൂടുന്നതനുസരിച്ച് കുഞ്ഞിന് ജനിതക വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നു.

അതുകൊണ്ട് തന്നെ മുപ്പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ളവര്‍ ഗര്‍ഭം ധരിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്. പരിശോധനകള്‍ വഴി ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യം ഉറപ്പ് വരുത്തേണ്ടതാണ്.അമ്മയുമായി ബന്ധപ്പെട്ട കാരണങ്ങള്‍കൊണ്ടും ഗര്‍ഭസ്ഥ ശിശുവുമായി ബന്ധപ്പെട്ട കാരണങ്ങള്‍കൊണ്ടും അബേര്‍ഷന്‍ സംഭവിക്കാം. ഇതില്‍ ഗര്‍ഭസ്ഥശിശുവുമായി ബന്ധപ്പെട്ട കാരണങ്ങളാണ് ജനിതക പ്രശ്‌നങ്ങള്‍, വൈകല്യങ്ങള്‍, ഇരട്ട ഗര്‍ഭം എന്നിവ. 

അമ്മയ്ക്കുണ്ടാകുന്ന അണുബാധകള്‍, തൈറോയിഡ് പ്രശ്‌നങ്ങള്‍, പ്രമേഹം, പ്രഷര്‍, വൃക്കസംബന്ധമായ രോഗങ്ങള്‍, വളരെക്കാലം നീണ്ടു നില്‍ക്കുന്ന മറ്റ് അസുഖങ്ങള്‍, അമ്മയുടെ രോഗപ്രതിരോധശേഷി കുറയുക എന്നിവ ഗര്‍ഭം അലസിപ്പോകാനുള്ള കാരണങ്ങളാണ്. കൂടാതെ റേഡിയേഷന് വിധേയരായവര്‍ക്കും പുകവലിയും മദ്യപാനവും പോലുള്ള ലഹരി ഉപയോഗിക്കുന്ന സ്ത്രീകളിലും അബോര്‍ഷന്‍ സാധ്യത കൂടുതലാണ്. 

ഒരിക്കെ ​ഗർഭം അലസിയെന്ന് പറഞ്ഞ് പേടിക്കേണ്ട ആവശ്യമില്ല. തുടര്‍ച്ചയായി ഗര്‍ഭം അലസുന്നുണ്ടെങ്കില്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. കടുത്ത പുറം വേദന, വയറ് വേദന, അസാധാരണമായ രീതിയില്‍ രക്തംവരിക എന്നിവ ഗര്‍ഭം അലസലിന്റെ പ്രധാന സൂചനകളാണ്. കടുത്ത മാനസിക സമ്മര്‍ദ്ദം ചില സമയങ്ങളിൽ ​ഗർഭം അലസലുണ്ടാക്കാം. 

ഗര്‍ഭകാലത്ത് ചിട്ടയായി വൈദ്യ പരിശോധനയ്ക്ക് വിധേയമാകുന്നത് ഗര്‍ഭം അലസല്‍ ഒഴിവാക്കാന്‍ സഹായിക്കും. ഫോളിക് ആസിഡ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍ എന്നിവ ശരീരത്തിനാവശ്യമായ രീതിയില്‍ ലഭ്യമാക്കണം. ഹോട്ട്‌ഡോഗ്‌സ് പോലുള്ള ഇന്‍സ്റ്റന്റ് വിഭവങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. 

Follow Us:
Download App:
  • android
  • ios