ഇപ്പോഴിതാ കൊവിഡിന് ശേഷം ലോകം അടുത്തൊരു മഹാമാരിക്ക് സാക്ഷ്യം വഹിക്കുമോ എന്ന ചര്‍ച്ചയാണ് സജീവമാകുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ലോകാരോഗ്യ സംഘടന പുറത്തുവിട്ടൊരു പട്ടികയാണ് ഈ ചര്‍ച്ചകള്‍ക്ക് ആധാരമായിരിക്കുന്നത്.
കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളുടെ ശേഷിപ്പുകള്‍ ഇപ്പോഴും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. നമ്മെ വിട്ടകന്ന പ്രിയപ്പെട്ടവര്‍, കൊവിഡിന് ശേഷം ബാക്കിയായ ആരോഗ്യപ്രശ്നങ്ങള്‍, കൊവിഡ് കാലം വരുത്തിവച്ച സാമ്പത്തിക പ്രയാസങ്ങള്‍, തൊഴിലില്ലായ്മ, മാനസികാരോഗ്യപ്രശ്നങ്ങള്‍ എന്നിങ്ങനെ പല വിധത്തിലുള്ള പ്രശ്നങ്ങളാണ് കൊവിഡ് അനുബന്ധമായി ഇന്നും നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ കൊവിഡിന് ശേഷം ലോകം അടുത്തൊരു മഹാമാരിക്ക് സാക്ഷ്യം വഹിക്കുമോ എന്ന ചര്‍ച്ചയാണ് സജീവമാകുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ലോകാരോഗ്യ സംഘടന പുറത്തുവിട്ടൊരു പട്ടികയാണ് ഈ ചര്‍ച്ചകള്‍ക്ക് ആധാരമായിരിക്കുന്നത്.
ഇനിയും മുന്നോട്ട് പോകുമ്പോള്‍ ലോകം അഭിമുഖീകരിച്ചേക്കാവുന്ന മഹാമാരികള്‍ക്ക് കാരണമായി വരാവുന്ന രോഗങ്ങളുടെ പട്ടികയായിരുന്നു ഇത്. എബോള വൈറസ്, സാര്‍സ്, സിക, ലാസ്സ ഫീവര്‍, നിപ, ഹെനിപവൈറല്‍ രോഗങ്ങള്‍, ക്രിമീൻ- കോംഗോ ഹെമറേജിക് ഫീവര്‍, മാര്‍ബര്‍ഗ് വൈറസ്, റിഫ്റ്റ് വാലി ഫീവര്‍ എന്നിങ്ങനെ ഒരുപിടി രോഗങ്ങളുടെ പേര് പുറത്തുവിട്ടതിനൊപ്പം 'ഡിസീസ് എക്സ്' എന്നൊരു രോഗവുമുണ്ടായിരുന്നു.
ഇതില്‍ 'ഡിസീസ് എക്സ്' എന്നാല്‍ ഇപ്പോഴും അജ്ഞാതമായ രോഗമെന്ന് ചുരുക്കം. എന്നാലീ 'ഡിസീസ് എക്സ്' വിശേഷണം ഏവരെയും ആശങ്കപ്പെടുത്തുന്നതിന് പിന്നിലൊരു കാരണമുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലെ ലോകം നേരിട്ടേക്കാവുന്ന മഹാമാരിയെ കുറിച്ച് പ്രതിപാദിക്കുമ്പോള്‍ ലോകാരോഗ്യ സംഘടന, അജ്ഞാതമായ രോഗകാരിയെ 'എക്സ്' എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോകം കൊവിഡ് 19 മഹാമാരി നേരിട്ടത്.
സമാനമായ രീതിയില്‍ ഇപ്പോള്‍ 'എക്സ്' എന്ന് വിശേഷിപ്പിക്കുന്ന രോഗകാരി ഭാവിയില്‍ യാഥാര്‍ത്ഥ്യമായി വരുമോ എന്നതാണ് ആശങ്ക.
എന്താണ് 'ഡിസീസ് എക്സ്'?
അജ്ഞാതമായ രോഗകാരി ആയതിനാല്‍ തന്നെ ഇത് ഏതെങ്കിലും തരത്തിലുള്ള വൈറസോ ഫംഗസോ ബാക്ടീരിയയോ എന്തുമാകാം. ഇവയിലേത് തന്നെ ആയാലും മനുഷ്യരാശിക്ക് ഇത് പുതിയതായിരിക്കും. ലോകാരോഗ്യ സംഘടന പുറത്തുവിട്ട പട്ടികയിലെ മറ്റ് രോഗങ്ങളെല്ലാം തന്നെ പല രാജ്യങ്ങള്‍ക്കും ഇതിനോടകം സുപരിചിതമാണ്.
എന്നാല്‍ അജ്ഞാതമായൊരു രോഗകാരി രംഗപ്രവേശം ചെയ്താല്‍ സ്വാഭാവികമായും കൊവിഡിലെന്ന പോലെ അത് ആരോഗ്യമേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുകയും ചികിത്സ അടക്കമുള്ള കാര്യങ്ങള്‍ക്ക് പലവിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുകയും ചെയ്യാം. വാക്സിന്‍റെ അഭാവവും ഇത്തരത്തില്‍ അറിയപ്പെടാത്ത രോഗകാരികള്‍ വ്യാപകമാകുന്നതിന് കാരണമാകും.
ഭയപ്പെടേണ്ടതുണ്ടോ?
ചിലരുടെ വാദം ലോകാരോഗ്യ സംഘടന വെറുതെ പരിഭ്രാന്തി സൃഷ്ടിക്കുകയാണ് എന്നാണ്. എന്നാല്‍ അങ്ങനെയല്ല- ഇതെല്ലാം നാം കണക്കാക്കേണ്ട സാഹചര്യങ്ങള്‍ തന്നെയാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
'ഇതെന്തോ സംഭവിക്കാൻ സാധ്യതയില്ലാത്ത, അതിശയോക്തിയായിട്ടാണ് പലരും പറയുന്നത്. അങ്ങനെയല്ല, കംബോഡിയയില്‍ അടുത്തിടെയുണ്ടായ എച്ച്5എൻ1 പക്ഷിപ്പനി തന്നെ ഉദാഹരണമായി എടുക്കാം...'- യുഎസിലെ 'ജോണ്‍സ് ഹോപ്കിൻസ് ബ്ലൂംബെര്‍ഗ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തി'ല്‍ ഗവേഷകനായ പ്രണബ് ചാറ്റര്‍ജി പറയുന്നു. കംബോഡിയയില്‍ തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു എച്ച്5എൻ1 പക്ഷിപ്പനി മനുഷ്യരില്‍ വ്യാപകമായത്. ഇത് മരണത്തിലേക്കും നയിച്ചിരുന്നു.
ഇനിയും ഏതെങ്കിലും വിധത്തിലുള്ള മഹാമാരികള്‍ പൊട്ടിപ്പുറപ്പെടുന്നപക്ഷം അവയെ അഭിമുഖീകരിക്കാൻ രാജ്യങ്ങള്‍ക്ക് സാധിക്കണം, ആരോഗ്യമേഖലകള്‍ അതിന് സജ്ജമാകണം- വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള സൗകര്യം ആവശ്യമാണ്, സാമ്പത്തികമായ മുന്നൊരുക്കവും വേണം - എന്നാണ് ലോകാരോഗ്യ സംഘടന ഓര്‍മ്മപ്പെടുത്തുന്നത്.
Also Read:- അമേരിക്കയില്‍ 'പൊവസാൻ' വൈറസ് ബാധയില്‍ ഒരു മരണം; ജാഗ്രത പാലിക്കാൻ നിര്‍ദേശം

