ബോളിവുഡിന്റെ പ്രിയ നടന്‍ അക്ഷയ് കുമാറിന് ഇന്ന് 52 വയസ് തികയുകയാണ്. ശരീരത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് പൊതുവേ ബോളിവുഡ് താരങ്ങള്‍. ഇക്കൂട്ടത്തില്‍ മുന്‍പന്തിയിലാണ് അക്ഷയ് കുമാറിന്റെ സ്ഥാനവും. 

പ്രായം അമ്പത് കടന്നെങ്കിലും ശരീരം ഒരു യുവാവിന്റേത് പോലെ 'ഫിറ്റ്' ആക്കിവയ്ക്കുന്നയാളാണ് അക്ഷയ്. ഇന്ന് പിറന്നാള്‍ദിനത്തില്‍ തന്റെ ഈ 'ഫിറ്റ്‌നസ് സീക്രട്ട്' ആരാധകരോട് പങ്കുവയ്ക്കുകയാണ് അക്ഷയ്. 

തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പുതിയൊരു ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് താരം ആരോഗ്യരഹസ്യം തുറന്നുപറഞ്ഞിരിക്കുന്നത്. ഭക്ഷണത്തിന് തന്നെയാണ് നമ്മള്‍ ഏറ്റവുമധികം പ്രാധാന്യം കൊടുക്കേണ്ടതെന്ന് അക്ഷയ് ആദ്യം ഓര്‍മ്മിപ്പിക്കുന്നു. രണ്ടാമതായി പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിന്റെ ആവശ്യകതയും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. മൂന്നാമതായി, ഒരു യോഗിയെപ്പോലെ ശരീരത്തോടുള്ള കാഴ്ചപ്പാടിനെക്കുറിച്ചും അക്ഷയ് ചുരുങ്ങിയ വാക്കുകളില്‍ സൂചിപ്പിക്കുന്നു. 

'നമ്മളെന്താണോ കഴിക്കുന്നത്, അതുതന്നെയാണ് നമ്മള്‍. പ്രകൃതിയെന്ന മാതാവിന്റെ സന്തതിയായിത്തന്നെ തുടരുക. മനുഷ്യനിര്‍മ്മിതമായ ഉല്‍പ്പന്നങ്ങളുടെ സന്തതിയാകാതിരിക്കുക. സ്വയം ശരീരത്തോട് ഒരു നീതി പുലര്‍ത്തണം. അങ്ങനെയാകുമ്പോള്‍ ആ ശരീരം നിങ്ങള്‍ സ്വപ്‌നം കാണുന്ന പോലെത്തന്നെ നിങ്ങളെ മുന്നോട്ടുനയിക്കും. ഞാന്‍ പറയുന്നത് നിങ്ങള്‍ വിശ്വസിക്കണം. നോക്കൂ... രണ്ട് മക്കളുടെ പിതാവാണ് ഞാന്‍... എപ്പോഴും കരുതലോടെ ജീവിക്കൂ... ഒരൊറ്റ ജീവിതമേയുള്ളൂ, അത് നല്ലരീതിയില്‍ അനുഭവിക്കുക..'-അക്ഷയ് കുമാറിന്റെ വാക്കുകളാണിത്. 

'റിട്ടയര്‍മെന്റ്' പ്രായത്തിലേക്ക് കടക്കുമ്പോഴും യുവത്വം പ്രസരിക്കുന്ന ശരീരമുണ്ടാവുകയെന്നത് കഠിനാദ്ധ്വാനത്തിന്റേയും ആത്മവിശ്വാസത്തിന്റേയും ലക്ഷണമാണെന്നും, കാണുമ്പോള്‍ അഭിമാനം തോന്നുന്നുവെന്നും ആരാധകര്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രിയതാരത്തിനായി കുറിച്ചു.