കേരളത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയതോടെ വാഹനങ്ങള്‍ ക്രമാതീതമായി നിരത്തിലെത്തി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിൻവലിക്കുമ്പോൾ ഏറ്റവും കൂടുതൽ തിരക്ക് വരാൻ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഒന്ന് ആശുപത്രികളാണ് എന്നാണ് ഡോ. പി. എസ്. ജിനേഷ്, ഡോ. ദീപു സദാശിവൻ എന്നിവര്‍ ഇന്‍ഫോ ക്ലിനിക്കിന്‍റെ പേജില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. 

ദിവസങ്ങളായി മാറ്റിവച്ചിരുന്ന ആശുപത്രി സന്ദർശനങ്ങൾ, തുടർച്ചയായി പകർച്ചേതര രോഗങ്ങൾക്ക് മരുന്നു കഴിക്കുന്നവരുടെ തുടർചികിത്സ, മാറ്റിവെച്ച ഇലക്ടീവ് സർജറികൾ, നിയന്ത്രണങ്ങൾ കുറയുമ്പോൾ കൂടാൻ സാധ്യതയുള്ള അപകടങ്ങൾ തുടങ്ങി നൂറുകണക്കിന് കാരണങ്ങൾ കൊണ്ട് ജനങ്ങൾ ആശുപത്രിയിലേക്ക് ഓടിയെത്തും എന്നും ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍  ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ ആശുപത്രിയിൽ എടുക്കേണ്ട മുന്‍കരുതലുകൾ എന്തൊക്കെയാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

  • അത്യാവശ്യമില്ലാത്ത ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക. ഡോക്ടറുമായി ഫോണില്‍ ബന്ധപ്പെടുക. 
  • സർക്കാർ ആശുപത്രികളിൽ ഉൾപ്പെടെ മുൻകൂട്ടി അപ്പോയ്മെന്‍റ് എടുക്കുന്ന സംവിധാനം നടപ്പാക്കുകയും, അത് ഏവരും പ്രയോജനപ്പെടുത്തുകയും ചെയ്യുക.
  • ആശുപത്രിയിൽ ക്യൂ നിൽക്കേണ്ട സ്ഥലങ്ങളുണ്ടെങ്കിൽ തന്നെ രണ്ടുമീറ്റർ അകലത്തിൽ നിലത്ത് അടയാളപ്പെടുത്തുക. 
  • രോഗികൾക്കും സന്ദർശകർക്കും ഇരിക്കാൻ വേണ്ടിയുള്ള കസേരകളിൽ ഒന്നിടവിട്ടുള്ളത് ഒഴിച്ചിടുക. 
  • ആശുപത്രികളിൽ ബാത്ത്റൂമിന് വെളിയിൽ 70% ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ സ്ഥാപിക്കുക. കയറുമ്പോഴും ഇറങ്ങുമ്പോഴും എല്ലാവരും കൈകൾ വൃത്തിയാക്കണം.
  • ഓരോ വാർഡിലും പ്രധാന റൂമുകളിലും കയറുമ്പോഴും ഇറങ്ങുമ്പോഴും ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ സാനിറ്റൈസർ സ്ഥാപിക്കുക.
  • ആശുപത്രികളിൽ വരുന്നവർ നിർബന്ധമായും മാസ്ക് ധരിക്കുക.
  • ആശുപത്രിയിലെ മേശ, കസേര പോലുള്ള പ്രതലങ്ങളിൽ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
  • കൈകൾ മുഖത്ത് സ്പർശിക്കാതിരിക്കുക.
  • കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ 70% ആൽക്കഹോൾ ഉള്ള സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക.


എഴുതിയത്: ഡോ. ജിനേഷ് പി എസ് ,  ഡോ.  ദീപു സദാശിവൻ

 

READ ALSO: ഈ കൊവിഡ് കാലത്ത് ഹൃദ്രോഗം ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; ഡോക്ടര്‍ പറയുന്നു