Asianet News MalayalamAsianet News Malayalam

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ സെപ്തംബറോടെ എത്താന്‍ സാധ്യതയെന്ന് എയിംസ് മേധാവി

രാജ്യത്ത് ഇതുവരെ ആകെ ജനസംഖ്യയുടെ ആറ് ശതമാനത്തിന് മാത്രമേ വാക്‌സിന്‍ നല്‍കിക്കഴിഞ്ഞിട്ടുള്ളൂ. ഈ വര്‍ഷാവസനത്തോടെ തന്നെ മുതിര്‍ന്നവരുടെ പട്ടികയിലുള്‍പ്പെടുന്ന എല്ലാവരിലേക്കും വാക്‌സിനെത്തിക്കാനായിരുന്നു പദ്ധതി. മൂന്നാം തരംഗഭീഷണി ഉയരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ വാക്‌സിന്‍ സംബന്ധിച്ച് ഏറെ ആശങ്ക നിലനിന്നിരുന്നു

aiims chief informs that vaccination for children may start in september
Author
Delhi, First Published Jul 24, 2021, 5:29 PM IST

കൊവിഡ് 19 മഹാമാരിയുടെ മൂന്നാം തരംഗഭീഷണിയിലാണ് രാജ്യം. ജനിതകവ്യതിയാനം സംഭവിച്ച വൈറസുകള്‍ വാക്‌സിനെടുത്ത മുതിര്‍ന്നവരെ പോലും വീണ്ടും രോഗബാധയുടെ ആശങ്കയിലാഴ്ത്തുമ്പോള്‍ വാക്‌സിനെടുക്കാത്ത കുട്ടികളുടെ കാര്യത്തില്‍ വര്‍ധിച്ചുവരുന്ന ഭയമാണ് ഏവരിലുമുള്ളത്. 

മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതലായി ബാധിക്കാന്‍ നിലവില്‍ സാധ്യതയുള്ളതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ കുട്ടികളുടെ വാക്‌സിനേഷന്‍ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും. 

സെപ്തംബറോടെ കുട്ടികള്‍ക്കുള്ള 'കൊവാക്‌സിന്‍' എത്തുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ദില്ലി എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേരിയ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. നിലവില്‍ ഇതിന്റെ ക്ലിനിക്കല്‍ ട്രയല്‍ (പരീക്ഷണം) നടന്നുകൊണ്ടിരിക്കുകയാണ്. ഓഗസ്‌റ്റോടെ തന്നെ പരീക്ഷണം അവസാനിക്കുകയും വൈകാതെ അനുമതി ലഭിച്ച് സെപ്തംബറോടെ തന്നെ വാക്‌സിനെത്തുമെന്നുമാണ് പ്രതീക്ഷ. 

'സൈഡസ് കാഡില വാക്‌സിന്‍ നേരത്തേ തന്നെ ട്രയല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഫൈസര്‍ വാക്‌സിന് അനുമതിയും ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. കൊവാക്‌സിന്‍ ട്രയല്‍ പൂര്‍ത്തിയാക്കി സെപ്തംബറില്‍ തന്നെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ രാജ്യത്തെ പ്രതിസന്ധിയില്‍ അയവ് വരുമെന്നും പ്രതീക്ഷിക്കാം...'- ഡോ. ഗുലേരിയ പറഞ്ഞു. 

രാജ്യത്ത് ഇതുവരെ ആകെ ജനസംഖ്യയുടെ ആറ് ശതമാനത്തിന് മാത്രമേ വാക്‌സിന്‍ നല്‍കിക്കഴിഞ്ഞിട്ടുള്ളൂ. ഈ വര്‍ഷാവസനത്തോടെ തന്നെ മുതിര്‍ന്നവരുടെ പട്ടികയിലുള്‍പ്പെടുന്ന എല്ലാവരിലേക്കും വാക്‌സിനെത്തിക്കാനായിരുന്നു പദ്ധതി. മൂന്നാം തരംഗഭീഷണി ഉയരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ വാക്‌സിന്‍ സംബന്ധിച്ച് ഏറെ ആശങ്ക നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് എയിംസ് മേധാവി കുട്ടികളുടെ വാക്‌സിനേഷന്‍ സെപ്തംബറില്‍ നടക്കുമെന്ന പ്രതീക്ഷ പങ്കുവച്ചിരിക്കുന്നത്. 

Also Read:- കൊവിഡ് മൂന്നാം തരംഗം എപ്പോള്‍? ഇത് കുട്ടികളെയാണോ കൂടുതല്‍ ബാധിക്കുക?

Follow Us:
Download App:
  • android
  • ios