ആദ്യതരംഗത്തില്‍ പ്രായമേറിയവര്‍, മറ്റ് അസുഖങ്ങളുള്ളവര്‍ എന്നിവരാണ് ഏറെയും ഭീഷണി നേരിട്ടിരുന്നത്. രണ്ടാം തരംഗത്തില്‍ യുവാക്കള്‍ക്കിടയില്‍ രോഗം വ്യാപകമാവുകയും മരണനിരക്ക് വര്‍ധിക്കുകയും ചെയ്തു. മൂന്നാം തരംഗമാകുമ്പോള്‍ അത് കുട്ടികളെയാണ് കാര്യമായി ബാധിക്കുകയെന്ന പ്രചാരണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു

കൊവിഡ് 19 മഹാമാരിയുമായുള്ള പോരാട്ടത്തില്‍ തന്നെയാണ് നാമിപ്പോഴും. ആദ്യഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി അതിരൂക്ഷമായ രീതിയിലായിരുന്നു രണ്ടാം ഘട്ടം, അഥവാ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിച്ചത്. 

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പേരിലേക്ക് രോഗം വ്യാപിപ്പിക്കാന്‍ കഴിവുള്ള, ജനിതകമാറ്റം സംഭവിച്ച വൈറസാണ് രണ്ടാം തരംഗത്തിന്റെ തീവ്രത വര്‍ധിപ്പിച്ചത്. ഒരേസമയം രോഗികളുടെ എണ്ണം കൂടിയത് ആരോഗ്യമേഖലയില്‍ കടുത്ത പ്രതിസന്ധികളുണ്ടാക്കുകയും ഐസിയു ബെഡുകളുടെയും ഓക്‌സിജന്റെയും ദൗര്‍ലഭ്യമടക്കമുള്ള വിഷയങ്ങള്‍ മൂലം മാത്രം നിരവധി രോഗികള്‍ മരണത്തിന് കീഴടങ്ങുകയും ചെയ്യുന്ന കാഴ്ചയാണ് രണ്ടാം തരംഗത്തില്‍ കണ്ടത്. 

രണ്ടാം തരംഗത്തിന്റെ അലയൊലികള്‍ ഇപ്പോഴും പൂര്‍ണ്ണമായി കെട്ടടങ്ങിയിട്ടില്ല. ഇതിനിടെ മൂന്നാം തരംഗഭീഷണിയും ഉയര്‍ന്നു. നിലവില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്ന പശ്ചാത്തലത്തില്‍ സെപ്തംബറോടെ തന്നെ മൂന്നാം തരംഗം ഉണ്ടാകാമെന്നാണ് ആരോഗ്യവിദഗ്ധനും ദില്ലി എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) മേധാവിയുമായ ഡോ. രണ്‍ദീപ് ഗുലേരിയ അറിയിക്കുന്നത്. 

സെപ്തംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിനകത്ത് രാജ്യത്ത് മൂന്നാം തരംഗം തുടങ്ങുമെന്നാണ് ഡോ. ഗുലേരിയയുടെ നിഗമനം. ഈ സമയത്തില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുമെന്നും അതിന്റെ തീവ്രതയെ കുറിച്ച് ഇപ്പോള്‍ വിലയിരുത്താനാകില്ലെന്നും അദ്ദേഹം പറയുന്നു. 

ആദ്യതരംഗത്തില്‍ പ്രായമേറിയവര്‍, മറ്റ് അസുഖങ്ങളുള്ളവര്‍ എന്നിവരാണ് ഏറെയും ഭീഷണി നേരിട്ടിരുന്നത്. രണ്ടാം തരംഗത്തില്‍ യുവാക്കള്‍ക്കിടയില്‍ രോഗം വ്യാപകമാവുകയും മരണനിരക്ക് വര്‍ധിക്കുകയും ചെയ്തു. മൂന്നാം തരംഗമാകുമ്പോള്‍ അത് കുട്ടികളെയാണ് കാര്യമായി ബാധിക്കുകയെന്ന പ്രചാരണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

ഈ സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ഡോ. ഗുലേരിയയും ചൂണ്ടിക്കാട്ടുന്നത്. ഇനിയും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത വലിയൊരു വിഭാഗമാണ് കുട്ടികള്‍. അതുകൊണ്ട് തന്നെ മൂന്നാം തരംഗത്തില്‍ കുട്ടികള്‍ ഏറെയും ബാധിക്കാനിടയുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. 

അതേസമയം ഫെയ്‌സ് മാസ്‌കിന്റെ ഉപയോഗം, സാമൂഹികാകലം പാലിക്കല്‍, ആള്‍ക്കൂട്ടം ഒഴിവാക്കല്‍, ഇടവിട്ട് കൈകള്‍ ശുചിയാക്കല്‍ തുടങ്ങിയ കൊവിഡ് പ്രതിരോധരീതികള്‍ കൃത്യമായി പിന്തുടരാനായാല്‍ തീര്‍ച്ചയായും അടുത്ത തരംഗത്തിന്റെ തീവ്രത കുറയ്ക്കാമെന്ന് തന്നെയാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ വലിയ തോതില്‍ ആളുകള്‍ സംസ്ഥാനാതിര്‍ത്തികള്‍ വിട്ട് യാത്ര ചെയ്യുന്നതിനാലും കൂടുതല്‍ അടുത്തിടപഴകുന്നതിനാലും ഇക്കാര്യത്തില്‍ ഉറപ്പ് പറയാനാകില്ലെന്ന നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നത്.

Also Read:- കൊവിഡ് മുക്തി നേടി ദിവസങ്ങൾക്കകം കരളില്‍ പഴുപ്പ്; 14 പേരില്‍ ഒരു മരണം